90കളിൽ അതിവേഗം; സെഞ്ച്വറിയടിച്ച് പെട്രോൾ വില
text_fieldsപെട്രോൾ വില 100 കടന്ന സാഹചര്യത്തിൽ ഭോപ്പാലിലെ പെട്രോൾ പമ്പിന് മുന്നിൽ ബാറ്റും ഹെൽമറ്റുമേന്തി പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകൻ
ന്യൂഡൽഹി: രാജ്യത്ത് പ്രീമിയം പെട്രോൾ വില 100 കടന്നു. രാജസ്ഥാനിലും മഹാരാഷ്ട്രയിലുമാണ് പ്രീമിയം പെട്രോൾ വില 100 രൂപ കടന്നത്. രാജസ്ഥാനിൽ പ്രീമിയം പെട്രോൾ ലിറ്ററിന് 102.7 രൂപയും പ്രീമിയം ഡീസലിന് 99.29 രൂപയുമാണ്. മഹാരാഷ്ട്രയിൽ പ്രീമിയം പെട്രോൾ വില 100.16 രൂപയിലെത്തി.
തുടർച്ചയായി ആറാം ദിനമാണ് രാജ്യത്ത് ഇന്ധന വില വർധിപ്പിച്ചിരിക്കുന്നത്. ഞായറാഴ്ച രാജസ്ഥാനിൽ പെട്രോളിന് 29 പൈസയും ഡീസലിന് 32 പൈസയും വർധിച്ചതോടെ ശ്രീഗംഗ നഗരത്തിൽ പെട്രോൾ ലിറ്റർ വില 99.29 രൂപയും ഡീസലിന് 91.17 രൂപയുമായി. രാജ്യത്ത് ഏറ്റവും കൂടുതൽ ഇന്ധന നികുതി രാജസ്ഥാനിലാണ്. അതുകൊണ്ടാണ് വിലയും ഉയർന്നത്.
കഴിഞ്ഞ മാസം രാജസ്ഥാൻ സർക്കാർ നികുതി രണ്ടുശതമാനം കുറച്ചിരുന്നു. മഹാരാഷ്ട്രയിലെ പർബാനി ജില്ലയിൽ പെട്രോൾ വില 97.38 ആണ്. ഡൽഹിയിൽ പെട്രോൾ വില 88.73 രൂപയിലെത്തിയിട്ടുണ്ട്. ഡീസലിന് 79.06 രൂപയാണ്.

