കാലഹരണപ്പെട്ട ‘സലൈൻ’ നൽകി; ബംഗാളിൽ പ്രസവ ശേഷം യുവതി മരിച്ചു
text_fieldsകൊൽക്കത്ത: വെസ്റ്റ് ബംഗാളിലെ മിഡ്‌നാപൂർ മെഡിക്കൽ കോളജ് ആശുപത്രിയിൽ കാലഹരണപ്പെട്ട സോഡിയം ലായനി നൽകിയതിനെ തുടർന്ന് 30കാരിയായ ഗർഭിണി മരിച്ചു. എട്ടോളം പേർ ഗുരുതരാവസ്ഥയിലാണ്.
മാമോണി റൂയി ദാസ് എന്ന യുവതി ബുധനാഴ്ച പ്രസവിച്ചെങ്കിലും നില വഷളായതിനെ തുടർന്ന് വ്യാഴാഴ്ച തീവ്രപരിചരണ വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങി. അനുചിതമായ ചികിത്സയോ കാലഹരണപ്പെട്ട മെഡിക്കൽ സാമഗ്രികളുടെ ഉപയോഗമോ മൂലമാണ് മരണമെന്ന് ആരോപിച്ച് ഇരകളുടെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. ബന്ധുക്കൾ പ്രതിഷേധവുമായി എത്തിയതിനെ തുടർന്ന് പശ്ചിമ ബംഗാൾ ആരോഗ്യ വകുപ്പ് 10 അംഗ അന്വേഷണ സമിതി രൂപീകരിച്ചു.
കാലഹരണപ്പെട്ട സോഡിയം ലായനി നൽകിയെന്ന ആരോപണത്തെ തുടർന്ന് ഐ.സി.യുവിൽ ഗുരുതരാവസ്ഥയിലുള്ള രോഗികൾ സൂക്ഷ്മ നിരീക്ഷണത്തിലാണ്. ഇത് തികഞ്ഞ അശ്രദ്ധയുടെ കേസാണ്. ഒന്നുകിൽ കാലഹരണപ്പെട്ട സലൈൻ ഉപയോഗിച്ചു, അല്ലെങ്കിൽ ചികിത്സയിൽ എന്തെങ്കിലും പിഴവ് സംഭവിച്ചു -ബാധിതരായ രോഗികളിലൊരാളുടെ കുടുംബാംഗം പറഞ്ഞു.
സംഭവത്തിൽ ബംഗാളിലെ ആരോഗ്യസംരക്ഷണത്തിന്റെ അവസ്ഥയെക്കുറിച്ച് ചോദ്യങ്ങൾ ഉന്നയിച്ചുകൊണ്ട് പ്രതിപക്ഷ പാർട്ടികൾ മമത സർക്കാറിനെതിരെ രൂക്ഷമായ ആക്രമണം നടത്തി. യുവതി മരിച്ച സംഭവത്തിൽ കേന്ദ്ര ഡ്രഗ്സ് ഏജൻസികളുടെ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി രംഗത്തെത്തി.
സോഡിയം ലാക്‌റ്റേറ്റ് ലായനി എന്നറിയപ്പെടുന്ന നിരോധിത ഇൻട്രാവനസ് വിതരണം ചെയ്യുന്ന ‘റിംഗർ ലാക്‌റ്റേറ്റ്’ എന്ന കമ്പനിക്ക് ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസുമായി എന്തെങ്കിലും ബന്ധമുണ്ടോയെന്നും പരിശോധിക്കാൻ കേന്ദ്ര ഏജൻസികളുടെ സമഗ്രമായ അന്വേഷണം വേണമെന്നും സുവേന്ദു അധികാരി ആവശ്യപ്പെട്ടു. മാനദണ്ഡങ്ങൾ ലംഘിച്ചാണ് ഈ സ്ഥാപനം തഴച്ചുവളർന്നത്. ഡ്രഗ്‌സ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യയും സെൻട്രൽ ഡ്രഗ്‌സ് സ്റ്റാൻഡേർഡ് കൺട്രോൾ ഓർഗനൈസേഷനും ശരിയായ അന്വേഷണം നടത്തണം -അധികാരി തന്റെ ‘എക്സ്’ ഹാൻഡിൽ എഴുതി.
ആർ.ജി കാർ മെഡിക്കൽ കോളജിൽ ജൂനിയർ ഡോക്ടറെ ബലാൽസംഗം ചെയ്ത് കൊലപ്പെടുത്തിയ സംഭവത്തിൽ ഡോക്ടർമാർ മാസങ്ങളോളം സമരം നടത്തിയതിനെ തുടർന്നുള്ള പ്രക്ഷുബ്ധാവസ്ഥക്കുശേഷം ബംഗാൾ ആരോഗ്യ മേഖല വീണ്ടും വിവാദച്ചുഴിയിലേക്ക് പതിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

