ഡോക്ടർ ശസ്ത്രക്രിയ നടത്തിയത് മദ്യലഹരിയിൽ; സിസേറിയന് പിന്നാലെ യുവതിക്ക് ദാരുണാന്ത്യം
text_fieldsഷാജഹാൻപുർ: മദ്യലഹരിയിലായിരുന്ന ഡോക്ടർ ശസ്ത്രക്രിയ നടത്തിയതിന് പിന്നാലെ ഗർഭിണിയായ 22കാരി മരിച്ചു. ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് സംഭവം.
പുവായൻ പൊലീസ് സ്റ്റേഷൻ പരിധിയിലെ കകർഹ ഗ്രാമവാസിയായ ജൂലിയാണ് മരിച്ചത്. സെപ്റ്റംബർ എട്ടിനാണ് പ്രസവവേദനയെ തുടർന്ന് ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ആംബുലൻസ് ഡ്രൈവറുടെ നിർദേശ പ്രകാരമാണ് ഇവർ ഈ ആശുപത്രിയിലെത്തിയത്. തുടർന്ന് യുവതിക്ക് സിസേറിയൻ ചെയ്യുന്നതിനായി ഡോ. ഫിറോസ് മറ്റൊരു ഡോക്ടറായ കെ.പിയെ വിളിച്ചുവരുത്തുകയായിരുന്നു. കെ.പി മദ്യലഹരിയിലായിരുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. എന്നിട്ടും അദ്ദേഹം യുവതിയെ ശസ്ത്രക്രിയ നടത്തുകയായിരുന്നു.
യുവതി ആൺകുഞ്ഞിന് ജന്മം നൽകിയെങ്കിലും പിന്നീട് ആരോഗ്യനില വഷളാകുകയായിരുന്നു. തുടർന്ന് വിദഗ്ധ ചികിത്സക്കായി യുവതിയെ ബറേലിയിലേക്ക് മാറ്റാൻ ഡോക്ടർ നിർദേശിച്ചു. എന്നാൽ, ബറേലിയിലെ ആശുപത്രിയിലേക്ക് മാറ്റുന്നതിനിടെ യുവതി മരിക്കുകയായിരുന്നു. നവജാത ശിശു നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്.
സംഭവത്തിൽ ഡോ. കെ.പി, ഡോ. ഫിറോസ് എന്നിവർക്കെതിരെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരം കേസെടുത്തു. സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായി ഷാജഹാൻപുർ അഡീഷനൽ പൊലീസ് സൂപ്രണ്ട് (റൂറൽ) ദീക്ഷ ഭവാരെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

