ജപ്തി നടപടി തടഞ്ഞു; ഗർഭിണിയെ ധനകാര്യ കമ്പനി ഏജന്റുമാർ ട്രാക്ടർ കയറ്റി കൊന്നു
text_fieldsrepresentational image
റാഞ്ചി: വായ്പ തിരിച്ചടവ് മുടങ്ങിയതിനെ തുടർന്ന് ജപ്തി നടപടിക്കായി എത്തിയ ധനകാര്യ കമ്പനി ഏജന്റുമാർ ഗർഭിണിയെ ട്രാക്ടർ കയറ്റി കൊന്നു. ജാർഖണ്ഡിലെ ഹസാരിബാഗിൽ വെള്ളിയാഴ്ചയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ട്രാക്ടർ ജപ്തിചെയ്ത് കൊണ്ട്പോവാൻ ധനകാര്യ സ്ഥാപനത്തിൽ നിന്നും എത്തിയ ജീവനക്കാരും യുവതിയുമായി വാക്കുതർക്കമുണ്ടായി. തുടർന്ന്, യുവതി ട്രാക്ടറിന് മുന്നിൽ നിലയുറപ്പിച്ചു. പിന്നീടാണ് ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് അറിയിച്ചു. മുൻകൂർ അറിയിപ്പൊന്നും നൽകാതെയാണ് ഏജന്‍റുമാർ എത്തിയതെന്നും പൊലീസ് വ്യക്തമാക്കി.
ഗ്രാമത്തിലെ ഒരു കർഷകന്റെ മകളായ യുവതി മൂന്ന് മാസം ഗർഭിണിയായിരുന്നു. സംഭവത്തിൽ ഏജന്‍റുമാർക്കെതിരെ കൊലക്കുറ്റത്തിന് കേസെടുത്തിട്ടുണ്ടെന്ന് ഹസാരിബാഗ് എസ്.പി മനോജ് രത്തൻ ചോത്തെ പറഞ്ഞു. ട്രാക്ടർ വീണ്ടെടുക്കുന്നതിനായി വീട്ടിലേക്ക് വരുന്നതിന് മുമ്പ് ഫിനാൻസ് കമ്പനി ഉദ്യോഗസ്ഥർ ലോക്കൽ പൊലീസ് സ്റ്റേഷനിൽ അറിയിച്ചിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റിക്കവറി ഏജന്റ് ഹസാരിബാഗ് ജില്ലയിൽ മഹീന്ദ്ര ഫിനാൻസിന് വേണ്ടി പ്രവർത്തിക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. അതേസമയം, ദാരുണമായ സംഭവത്തിൽ മഹീന്ദ്ര ഗ്രൂപ്പ് സി.ഇ.ഒയും എം.ഡിയുമായ അനീഷ് ഷാ ട്വിറ്ററിൽ പ്രസ്താവന നടത്തി. എന്താണ് ഉണ്ടായതെന്ന് അന്വേഷിക്കുമെന്നും മൂന്നാംകക്ഷിയെ കളക്ഷൻ ഏജൻസികൾ ഉപയോഗിക്കുന്ന രീതിയെക്കുറിച്ച് കമ്പനി പരിശോധിക്കുമെന്ന് ഉറപ്പുനൽകുന്നതായും അദ്ദേഹം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

