ഇന്ത്യക്കും വേണ്ട, ബംഗ്ലാദേശിനും വേണ്ട.... സുനാലി ഖാത്തൂനടക്കം ആറുപേർ എങ്ങോട്ടുപോകും?
text_fieldsകൊൽക്കത്ത: നുഴഞ്ഞുകയറ്റക്കാരും അനധികൃത കുടിയേറ്റക്കാരുമെന്ന് മുദ്രകുത്തി ഡൽഹി പൊലീസ് നാലു മാസം മുമ്പ് ബി.എസ്.എഫിന്‍റെ സഹായത്തോടെ അതിർത്തിയിൽ തള്ളിയ ഗർഭിണിയായ സുനാലി ഖാത്തൂനടക്കം ആറുപേർക്കെതിരെ നിയമനടപടി ആരംഭിച്ച് ബംഗ്ലാദേശ് കോടതി. കേസിൽ ഒക്ടോബർ 23ന് കോടതി വാദം കേൾക്കും.
20 വർഷമായി ഡൽഹിയിൽ ആക്രിപെറുക്കി ഉപജീവനമാർഗം കണ്ടെത്തിയിരുന്ന ബംഗാളിലെ ബീർഭൂം ജില്ലയിലെ പൈക്കർ ഗ്രാമത്തിൽ നിന്നുള്ള സുനാലി ഖാത്തൂൻ, ഭർത്താവ് ഡാനിഷ്, എട്ടുവയസ്സുകാരൻ മകൻ എന്നിവരെയും ബീർഭൂം ജില്ലയിലെ ധിത്തോറ ഗ്രാമത്തിലെ 32 വയസുകാരി സ്വീറ്റി ബീബിയേും ആറും 16 ഉം വയസ്സുള്ള രണ്ട് ആൺമക്കളെയും ഡൽഹി പൊലീസ് കസ്റ്റഡയിലെടുത്ത് ബി.എസ്.എഫിന് കൈമാറി ജൂൺ 26നാണ് അതിർത്തിക്കപ്പുറം തള്ളിയത്.
ഇതേതുടർന്ന് സുനാലി ഖാത്തൂനിന്റെയും സ്വീറ്റി ബീബിയുടെയും മാതാപിതാക്കൾ കൽക്കട്ട ഹൈകോടതിയിൽ ഹേബിയസ് കോർപ്പസ് ഹരജി സമർപ്പിച്ചു. കൽക്കട്ട ഹൈകോടതി ഇവരെ നാടുകടത്തിയ നടപടി തള്ളുകയും ഒക്ടോബർ 26-നകം തിരികെ കൊണ്ടുവരാൻ കേന്ദ്രത്തിന് നിർദേശം നൽകുകയും ചെയ്തിരുന്നു. ഇതേസമയം സുനാലി ഖാത്തൂനടക്കം ആറ് പേർ ഇന്ത്യൻ പൗരന്മാരാണെന്നും തിരിച്ചുകൊണ്ടുപോകാൻ നടപടി സീകരിക്കണമെന്നും ബംഗ്ലാദേശ് കോടതിയും ഉത്തരവിട്ടു. തിരികെ കൊണ്ടുപോകാൻ ധാക്കയിലെ ഇന്ത്യൻ ഹൈകമീഷനോടാണ് ബംഗ്ലാദേശ് കോടതി ആവശ്യപ്പെട്ടത്.
ഇവരുടെ കൈവശമുള്ള ആധാർ, ബാംഗാളിലെ താമസ രേഖകൾ അടക്കം ചൂണ്ടിക്കാട്ടിയാണ് ഇന്ത്യൻ പൗരൻമാരാണെന്ന ഉത്തരവ് ബ്ലംഗ്ലാദേശ് കോടതി പുറപ്പെടുവിച്ചിരുന്നത്. കേസ് ബംഗ്ലാദേശ് കോടതി ഒക്ടോബർ 23നാണ് വാദം കേൾക്കാനായി വീണ്ടും പരിഗണിക്കുന്നത്. വിഷയത്തിൽ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം ഇതുവരെ ഒരു വിവരവും നൽകിയിട്ടില്ലെന്ന് ഇവരുടെ ബന്ധുക്കൾ പറയുന്നു. ഖാത്തൂനിന് ബംഗ്ലാദേശ് ജയിലിൽ പ്രസവിക്കേണ്ടി വരുമോ അതോ കോടതി നിർദേശിച്ച സമയപരിധിക്കുള്ളിൽ രാജ്യത്തേക്ക് മടങ്ങാൻ കഴിയുമോ എന്നതിന് ആർക്കും ഉത്തരമില്ലെന്നും ബന്ധുക്കൾ ചൂണ്ടിക്കാട്ടുന്നു.
കുറ്റം സമ്മതിച്ച് കീഴടങ്ങിയാൽ ഒരു വർഷത്തെ കഠിന തടവോ പിഴയോ ലഭിക്കും. പിഴ അടച്ചാൽ എല്ലാവരും ജയിൽ മോചിതരാകും. എന്നാൽ അവർക്ക് തിരികെ വരാൻ കഴിയുമോ എന്നത് പൂർണമായും എംബസിയെ ആശ്രയിച്ചിരിക്കുന്നു എന്നാണ് റിപ്പോർട്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

