മുംബൈ: മൺസൂണിന് മുമ്പുണ്ടായ കനത്ത മഴയിൽ മുംബൈയിൽ മൂന്ന് പേർ മരിച്ചു. വൈദ്യൂതാഘാതമേറ്റാണ് മരണങ്ങളുണ്ടായത്. ശനിയാഴ്ച വൈകീട്ട് മുതൽ മുംബൈയിൽ കനത്ത മഴ തുടരുകയാണ്.
പാൽഘർ, റായിഘഡ്, രത്നഗിരി തുടങ്ങിയ സ്ഥലങ്ങൾ ഉച്ചയോടെ തന്നെ മേഘാവൃതമാവുകയും വൈകീേട്ടാടെ കനത്ത മഴ ആരംഭിക്കുകയും ആയിരുന്നു. മഴക്കൊപ്പം ഇടിമിന്നലും ഉണ്ടായിരുന്നു. കനത്ത മഴയെ തുടർന്ന് മുംബൈ ഛത്രപതി ശിവാജി ഇൻറർനാഷണൽ എയർപോർട്ടിൽ നിന്നുള്ള വിമാനങ്ങൾ വൈകി. കൊളോംബോ-മുംബൈ വിമാനം അഹമ്മദാബാദിലേക്ക് വഴിതിരിച്ച് വിട്ടു.
ജെറ്റ് എയർവേയ്സ്, ഗോ എയർ, ഖത്തർ എയർവേയ്സ് എന്നീ കമ്പനികളുടെ വിമാനങ്ങളും വൈകി. താനെയിൽ കൊടുങ്കാറ്റിന് സാധ്യതയുള്ളതായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി.