കുംഭമേള തിരക്കിൽ മരിച്ചവരിൽ അമ്മയും മകളുമുൾപ്പെടെ നാല് കർണാടക സ്വദേശികളും
text_fieldsബംഗളൂരു:ഉത്തർപ്രദേശിലെ പ്രയാഗ്‌രാജിൽ ബുധനാഴ്ച നടന്ന മഹാ കുംഭ മേളക്കിടെ തിക്കിലും തിരക്കിലുംപെട്ട് അമ്മയും മകളും ഉൾപ്പെടെ കർണാടക ബെളഗാവി ജില്ലയിൽ നിന്നുള്ള നാല് പേർ മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. ബിജെപി പ്രവർത്തക ജ്യോതി ഹത്തർവാദ(50), മകൾ മേഘ ഹത്തർവാദ്(25), അരുൺ നാരായൺ ഖോപാർഡെ(60), മഹാദേവി ഹനുമന്ത് ബാവനൂർ(40) എന്നിവരാണ് മരിച്ചത്.
മഹാകുംഭ മേളയിൽ പങ്കെടുക്കാൻ ബെളഗാവിയിൽ നിന്നുള്ള ഭക്തരുടെ സംഘം ഞായറാഴ്ച സൈറത്ത് ട്രാവൽ ഏജൻസി വഴി പ്രയാഗ്‌രാജിലേക്ക് പോയിരുന്നു. പ്രയാഗ്‌രാജിൽ മൊബൈൽ നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലാത്തതിനാൽ ബുധനാഴ്ച രാവിലെ മുതൽ ജ്യോതി ഹത്തർവാദിന്റെ കുടുംബാംഗങ്ങൾക്ക് ജ്യോതിയെയോ മേഘയെയോ ബന്ധപ്പെടാൻ കഴിഞ്ഞില്ല. ഇവർക്കൊപ്പമുണ്ടായിരുന്ന ബെളഗാവി സ്വദേശിയായ മറ്റൊരാൾ ജ്യോതിയുടെയും മേഘയുടെയും മരണവിവരം വീട്ടുകാരെ വിളിച്ച് അറിയിക്കുകയായിരുന്നു.
എം.എൽ.എ ആസിഫ് (രാജു) സെയ്ത് ഖോപാർഡെയിലെയും ബാവനൂരിലെയും കുടുംബങ്ങളെ സന്ദർശിച്ച് കുടുംബാംഗങ്ങളുമായി സംസാരിച്ചു. ജനങ്ങൾ പരിഭ്രാന്തരാകരുതെന്ന് ബെളഗാവി ഡെപ്യൂട്ടി കമീഷണർ മുഹമ്മദ് റോഷൻ അഭ്യർഥിച്ചു. ജില്ലയിലെ ഉദ്യോഗസ്ഥർ ഉത്തർപ്രദേശിലെ മുതിർന്ന റവന്യൂ, പോലീസ് ഉദ്യോഗസ്ഥരുമായി നിരന്തരം ബന്ധപ്പെട്ടിരുന്നു. സൗത്ത് വെസ്റ്റേൺ റെയിൽവേ ഉത്തർപ്രദേശിലെ റയിൽവേ അധികൃതരുമായി സമ്പർക്കം പുലർത്തിയിരുന്നതായും ഉദ്യോഗസ്ഥർ പറഞ്ഞു.
ചിലരെ കണ്ടെത്താനായില്ലെന്ന പരാതി ലഭിച്ചിട്ടുണ്ടെന്നും വലിയ തിരക്കും നെറ്റ്‌വർക്ക് കണക്റ്റിവിറ്റി ഇല്ലാത്തതുമാണ് വിശദാംശങ്ങൾ ലഭിക്കുന്നതിന് കാരണമെന്നും ഡെപ്യൂട്ടി കമ്മീഷണർ പറഞ്ഞു. കാണാതായവരെ കണ്ടെത്താൻ കുടുംബങ്ങളെ സഹായിക്കാൻ ജില്ലാ അധികാരികൾ ശ്രമിക്കുമെന്ന് റോഷൻ ഉറപ്പുനൽകി. കാണാതായവരെക്കുറിച്ചുള്ള പരാതികൾ ബെളഗാവിയിലെ ഡിസിയുടെ ഓഫിസിൽ നൽകാവുന്നതാണെന്നും അദ്ദേഹം പറഞ്ഞു.
അതിനിടെ, മഹാകുംഭമേളയിലെ തിക്കിലും തിരക്കിലുംപെട്ട് മരിച്ചവരുടെ എണ്ണം 30 ആയി. 60ലേറെ പേർക്കാണ് പരിക്കേറ്റത്. മരിച്ചവരിൽ 25 പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്.
പ്രയാഗ്‌രാജിലെ ത്രിവേണി സംഗമത്തിൽ ബുധനാഴ്ച പുലർച്ചെ രണ്ട് മണിയോടെയായിരുന്നു അപകടമുണ്ടായത്. ആളുകൾ പുണ്യസ്നാനത്തിലായി തിക്കിത്തിരക്കിയപ്പോൾ പലരും നിലത്ത് വീഴുകയായിരുന്നു. അപകടത്തിൽ പെട്ടത് ഏറെയും സ്ത്രീകളാണ്.
വൻ തുക ചെലവിട്ട് നടത്തുന്ന കുംഭമേളയിൽ 30ഓളം പേർക്ക് ജീവൻ നഷ്ടപ്പെട്ടതോടെ യോഗി സർക്കാറിനെതിരെ വിമർശനമുയരുകയാണ്. സാധാരണക്കാരായ ഭക്തരെ മാറ്റിനിർത്തി വി.ഐ.പികളെ മാത്രം പരിഗണിച്ചതിനെ തുടർന്നുണ്ടായ ഭരണകൂട കെടുകാര്യസ്ഥതയാണ് ദുരന്തത്തിന്റെ മുഖ്യകാരണമെന്ന് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി വിമർശിച്ചു.
പകുതി മാത്രം വെന്ത ക്രമീകരണങ്ങളാണ് കുംഭമേളയോടനുബന്ധിച്ച് യു.പി സർക്കാർ പ്രയാഗ് രാജിൽ ഒരുക്കിയതെന്നും അവർ സെൽഫ് പ്രമോഷൻ തിരക്കുകളിലായിരുന്നുവെന്നും കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജുൻ ഖാർഗെ കുറ്റപ്പെടുത്തി.
സംസ്ഥാന സർക്കാറിന്റെ കെടുകാര്യസ്ഥതയാണ് ദുരന്തത്തിന് കാരണമെന്ന് സമാജ് വാദി പാർട്ടി പ്രസിഡന്റ് അഖിലേഷ് യാദവും ആരോപിച്ചു. കുംഭമേളക്കായി കോടികൾ ചെലവഴിക്കുമ്പോൾ, അനിവാര്യമായ തയാറെടുപ്പുകളും ആവശ്യമായിരുന്നുവെന്നും അഖിലേഷ് യാദവ് ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

