യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരു വധം: രണ്ടു പ്രതികൾക്കായി പാരിതോഷികം പ്രഖ്യാപിച്ച് എൻ.ഐ.എ
text_fieldsബംഗളൂരു: യുവമോർച്ച നേതാവ് പ്രവീൺ നെട്ടാരുവിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന രണ്ടു പ്രതികളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം പ്രഖ്യാപിച്ച് ദേശീയ അന്വേഷണ ഏജൻസി (എൻ.ഐ.എ) .
ബന്ത്വാൾ കൊടാജെ സ്വദേശി മുഹമ്മദ് ഷരീഫ് (53), നെക്കിലടി സ്വദേശി കെ.എ. മസൂദ് (40) എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് അഞ്ചു ലക്ഷം രൂപ വീതം പാരിതോഷികം നൽകുമെന്നാണ് പ്രഖ്യാപനം. വിവരം നൽകുന്നവരെ കുറിച്ച് ഒന്നും പുറത്തറിയിക്കില്ലെന്നും അറിയുന്നവർ ബംഗളൂരുവിലെ എൻ.ഐ.എ ഓഫിസുമായി ബന്ധപ്പെടണമെന്നും എൻ.ഐ.എ അറിയിച്ചു. പ്രതികൾ ഇരുവരും പോപുലർ ഫ്രണ്ടിന്റെ പ്രവർത്തകരാണ്.
സംഘടനയെ പിന്നീട് കേന്ദ്ര സർക്കാർ നിരോധിച്ചിരുന്നു. ദക്ഷിണ കന്നഡ സുള്ള്യ ബള്ളാരെയിൽ കഴിഞ്ഞ വർഷം ജൂലൈ 26നാണ് പ്രവീൺ നെട്ടാരു കൊല്ലപ്പെട്ടത്. കർണാടക സർക്കാർ യു.എ.പി.എ ചുമത്തിയതോടെ കേസ് എൻ.ഐ.എ ഏറ്റെടുത്തിരുന്നു.
കേസിലെ നാലു പ്രതികളായ ബെള്ളാരെ സ്വദേശികളായ അബൂബക്കർ സിദ്ദീഖ്, മുസ്തഫ, മടിക്കേരി സ്വദേശി എം.എച്ച്. തുഫൈൽ, കല്ലുമുതലുമനെ സ്വദേശി എം.ആർ. ഉമ്മർ ഫാറൂഖ് എന്നിവരെ കുറിച്ച് വിവരം നൽകുന്നവർക്ക് കഴിഞ്ഞ നവംബറിൽ 14 ലക്ഷം രൂപ ദേശീയ അന്വേഷണ ഏജൻസി പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

