Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ജനങ്ങൾ വ്യക്തത അർഹിക്കുന്നു; പിതാവ് ബി.ജെ.പിയിൽ ചേർന്നതോടെ കന്നിയങ്കത്തിൽ നിന്ന് പിന്മാറി കോൺഗ്രസ് സ്ഥാനാർഥി

text_fields
bookmark_border
ജനങ്ങൾ വ്യക്തത അർഹിക്കുന്നു; പിതാവ് ബി.ജെ.പിയിൽ ചേർന്നതോടെ കന്നിയങ്കത്തിൽ നിന്ന് പിന്മാറി കോൺഗ്രസ് സ്ഥാനാർഥി
cancel
camera_alt

പ്രതീക് ബൊർഡോലോയ് പിതാവിനൊപ്പം

ദിസ്പൂർ: പിതാവ് ബി.ജെ.പിയിൽ ചേർന്നതോടെ മത്സരത്തിൽ നിന്ന് പിന്മാറി അസമിലെ മാർഗരിറ്റ നിയമസഭാ മണ്ഡലത്തിൽ നിന്നുള്ള കോൺഗ്രസ് സ്ഥാനാർഥി പ്രതീക് ബൊർഡോലോയ്. സ്ഥാനാർഥിത്വത്തിൽ നിന്ന് പിന്മാറിയെങ്കിലും കോൺഗ്രസിൽ തന്നെ തുടരുമെന്ന് പ്രതീക് അറിയിച്ചു.

കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെക്ക് അയച്ച കത്തിൽ പ്രതീക് തന്റെ സ്ഥാനാർഥിത്വം പിൻവലിക്കാനുള്ള തീരുമാനം അറിയിച്ചു. 'മറ്റൊരു രാഷ്ട്രീയ പാർട്ടിയിൽ ചേരാനുള്ള പിതാവിന്റെ തീരുമാനത്തെത്തുടർന്ന്' സ്ഥാനാർഥിത്വം പിൻവലിക്കുന്നതായി എ.ഐ.സി.സി നേതാക്കളെ അറിയിച്ചു.

പ്രതീകിന്റെ പിതാവും മുൻ കോൺഗ്രസ് എം.പിയും എം.എൽ.എയുമായ പ്രദ്യുത് ബോർഡോലോയ് ചൊവ്വാഴ്ചയാണ് പാർട്ടിയിൽ നിന്ന് രാജിവെച്ചത്. അടുത്ത ദിവസം തന്നെ അദ്ദേഹം ബി.ജെ.പിയിൽ ചേർന്നു. വ്യാഴാഴ്ച ദിസ്പൂർ സീറ്റിൽ നിന്ന് പാർട്ടി അദ്ദേഹത്തെ മത്സരിപ്പിക്കാൻ തീരുമാനിച്ചു.

ഈ സാഹചര്യത്തിൽ താൻ സ്ഥാനാർഥിയായി തുടരുന്നത് ഉചിതമല്ലെന്ന് പ്രതീക് കത്തിൽ പറഞ്ഞു. 'മാർഗരിറ്റയിലെ ജനങ്ങളും സമർപ്പിതരായ കോൺഗ്രസ് പ്രവർത്തകരും പാർട്ടിയുടെ സ്ഥാനാർഥിയിൽ പൂർണമായ വ്യക്തതയും ആത്മവിശ്വാസവും അർഹിക്കുന്നുവെന്ന് ഞാൻ വിശ്വസിക്കുന്നു' -അദ്ദേഹം പറഞ്ഞു.

'എന്റെ പ്രതിബദ്ധതയെക്കുറിച്ചോ പാർട്ടിയുടെ നിലപാടിനെക്കുറിച്ചോ എന്തെങ്കിലും ആശയക്കുഴപ്പമോ ധാരണ പ്രശ്നമോ ഉണ്ടായാൽ അത് അന്യായമായിരിക്കും. സംഘടനയോടുള്ള ബഹുമാനവും കോൺഗ്രസ് പാർട്ടിയുടെ മൂല്യങ്ങളും അച്ചടക്കവും ഉയർത്തിപ്പിടിക്കാനുള്ള ആഗ്രഹമാണ് എന്റെ തീരുമാനത്തിലേക്ക് നയിച്ചത്' -അദ്ദേഹം കൂട്ടിച്ചേർത്തു.

2016ൽ തോൽക്കുന്നതിന് മുമ്പ് പിതാവ് തുടർച്ചയായി നാല് തവണ പ്രതിനിധീകരിച്ചിരുന്ന മാർഗരിറ്റ മണ്ഡലത്തിൽ നിന്നാണ് പ്രതീക് തന്റെ തെരഞ്ഞെടുപ്പ് അരങ്ങേറ്റം കുറിക്കാൻ തീരുമാനിച്ചിരുന്നത്. പാർട്ടിയുടെ ആദർശങ്ങളിലുള്ള തന്റെ വിശ്വാസം അചഞ്ചലമായി തുടരുന്നുവെന്നും നേതൃത്വം ഏൽപ്പിക്കുന്ന ഏത് പദവിയിലും പാർട്ടിക്കും മാർഗരിറ്റയുടെ വികസനത്തിനും വേണ്ടി പ്രവർത്തിക്കുന്നത് തുടരുമെന്നും പ്രതീക് വ്യക്തമാക്കി.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Prateek Bordoloi withdraws from Assam polls after father Pradyut joins BJP
Next Story