ഒടുക്കം കോൺഗ്രസിലേക്ക് മടക്കം? മൂന്നുവർഷത്തിന് ശേഷം പ്രിയങ്ക ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തി പ്രശാന്ത് കിഷോർ
text_fieldsപ്രശാന്ത് കിഷോർ, പ്രിയങ്ക ഗാന്ധി
ന്യൂഡൽഹി: ബിഹാർ നിയസഭ തെരഞ്ഞെടുപ്പിലെ കനത്ത തിരിച്ചടിക്കും കയ്പേറിയ രാഷ്ട്രീയ പരീക്ഷണങ്ങൾക്കുമൊടുവിൽ കോൺഗ്രസുമായി അടുക്കാൻ പ്രശാന്ത് കിഷോർ. വയനാട് എം.പിയും മുതിർന്ന കോൺഗ്രസ് നേതാവുമായ പ്രിയങ്ക ഗാന്ധി വാദ്രയുമായി പ്രശാന്ത് കിഷോർ കൂടിക്കാഴ്ച നടത്തിയതുമായി ബന്ധപ്പെട്ട റിപ്പോർട്ടുകൾ ചൂണ്ടിയാണ് പുതിയ അഭ്യൂഹങ്ങൾ.
കോൺഗ്രസും പ്രശാന്ത് കിഷോറിന്റെ ജൻ സുരാജ് പാർട്ടിയും ഒരുപോലെ കൂടിക്കാഴ്ചയുടെ പ്രധാന്യം നിഷേധിച്ച് രംഗത്തുണ്ട്. എന്നാൽ, ഏതാനും വർഷങ്ങൾക്ക് മുമ്പ് വിയോജിപ്പുകളിൽ കോൺഗ്രസ് വിടേണ്ടി വന്ന പ്രശാന്ത് കിഷോറിന്റെ മടങ്ങാനുള്ള ശ്രമമായാണ് കൂടിക്കാഴ്ചയെ രാഷ്ട്രീയ കേന്ദ്രങ്ങൾ വിലയിരുത്തുന്നത്.
രാഷ്ട്രീയ തന്ത്രജ്ഞൻ എന്ന നിലയിലും രാഷ്ട്രീയക്കാരനെന്ന നിലയിലും കിഷോർ കോൺഗ്രസുമായി വിവിധ കാലങ്ങളിൽ ചേർന്നുനടന്നയാളാണ് കിഷോർ. ജെ.ഡി.യു 2021ൽ പുറത്താക്കിയതിന് പിന്നാലെ കോൺഗ്രസിനെ ശാക്തീകരിക്കാനുള്ള പദ്ധതികളുമായി അദ്ദേഹം രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും സമീപിച്ചിരുന്നു. 2022 ഏപ്രിലിൽ ഡൽഹിയിൽ നടന്ന കൂടിക്കാഴ്ചയിൽ കോൺഗ്രസ് നേതൃത്വത്തിന് മുന്നിൽ തന്റെ പദ്ധതികൾ പ്രശാന്ത് വിശദീകരിച്ചു. കൂടിക്കാഴ്ചക്ക് പിന്നാലെ, ശിപാർശകൾ അവലോകനം ചെയ്യാൻ സോണിയ ഗാന്ധി ഒരുസമിതിയെയും നിയോഗിച്ചിരുന്നു. ഈ സമയം കോൺഗ്രസിൽ അംഗമാകാൻ പ്രശാന്ത് സന്നദ്ധതയും പ്രകടിപ്പിച്ചിരുന്നു.
ദിവസങ്ങൾക്ക് പിന്നാലെ, പാർട്ടിയുടെ രാഷ്ട്രീയ വെല്ലുവിളികൾ പരിശോധിക്കാനായി സോണിയ ഗാന്ധി നിർദേശിച്ച പ്രത്യേക സമിതിയുടെ ഭാഗമാവാൻ ലഭിച്ച ക്ഷണം തനിക്ക് സ്വതന്ത്രമായ പ്രവർത്തനാനുമതി ഇല്ലെന്ന് ചൂണ്ടി പ്രശാന്ത് നിരസിക്കുകയായിരുന്നു.
‘പ്രശാന്ത് കിഷോറുമായുള്ള ചർച്ചകൾക്ക് ശേഷം, കോൺഗ്രസ് പ്രസിഡന്റ് 2024 ലെ ഒരു പ്രവർത്തന സമിതി രൂപവൽക്കരിക്കുകയും നിർവചിക്കപ്പെട്ട ഉത്തരവാദിത്തത്തോടെ ഗ്രൂപ്പിന്റെ ഭാഗമായി പാർട്ടിയിൽ ചേരാൻ അദ്ദേഹത്തെ ക്ഷണിക്കുകയും ചെയ്തു. അദ്ദേഹം നിരസിച്ചു. അദ്ദേഹത്തിന്റെ ശ്രമങ്ങളെയും നിർദ്ദേശങ്ങളെയും ഞങ്ങൾ അഭിനന്ദിക്കുന്നു,’ പിന്നാലെ കോൺഗ്രസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞു. കിഷോറിന്റെ പദ്ധതി വിശദമായി ചർച്ചചെയ്ത ഒരുവിഭാഗം നേതാക്കൾ ഉൾപ്പെടെ പാർട്ടിയുടെ മുതിർന്ന നേതൃത്വം പാർട്ടിയുടെ ഘടന മാറ്റുന്നതിനെ എതിർത്തിരുന്നുവെന്നാണ് വിവരം.
ഇതിന് പിന്നാലെ മറുപടിയുമായി പ്രശാന്ത് കിഷോറും രംഗത്തെത്തി. ‘പ്രവർത്തന സമിതിയുടെ ഭാഗമായി പാർട്ടിയിൽ ചേരാനും തെരഞ്ഞെടുപ്പിൽ ഉത്തരവാദിത്വമേറ്റെടുക്കാനുമുള്ള കോൺഗ്രസിന്റെ വാഗ്ദാനം ഞാൻ നിരസിച്ചു. എന്റെ എളിയ അഭിപ്രായത്തിൽ, എന്നെക്കാൾ കൂടുതൽ, പരിവർത്തന പരിഷ്കാരങ്ങളിലൂടെ ആഴത്തിലുള്ള ഘടനാപരമായ പ്രശ്നങ്ങൾ പരിഹരിക്കാൻ പാർട്ടിക്ക് നേതൃത്വവും കൂട്ടായ ഇച്ഛാശക്തിയും ആവശ്യമാണ്,’ പ്രശാന്ത് വ്യക്തമാക്കി പറഞ്ഞു.
ഇതിന് പിന്നാലെ, 2022ന് ശേഷം കോൺഗ്രസിനെ അടിമുടി വിമർശിക്കുന്നതായിരുന്നു പ്രശാന്ത് കിഷോറിന്റെ രാഷ്ട്രീയം. ബിഹാർ തെരഞ്ഞെടുപ്പിൽ പ്രത്യേക തീവ്ര വോട്ടർ പട്ടിക പരിഷ്‍കരണവും (എസ്.ഐ.ആർ) രാഹുൽ ഗാന്ധിയുടെ വോട്ടുചോരി കാമ്പയിനും രാഷ്ട്രീയ വിഷയമല്ലെന്ന് ചൂണ്ടിയായിരുന്നു പ്രശാന്ത് കിഷോറിന്റെയും അദ്ദേഹത്തിൻറെ പാർട്ടിയായ ജൻസുരാജിന്റെയും പ്രചാരണം.
എന്നാൽ, പ്രശാന്തിന്റെയും ജൻ സുരാജ് പാർട്ടിയുടെയും രാഷ്ട്രീയ നയങ്ങൾ ബിഹാർ ജനവിധിയെത്തുമ്പോൾ ദുരന്തപര്യവസായിയാവുന്നതാണ് പിന്നീട് കണ്ടത്. 238ൽ 236 സീറ്റിലും പാർട്ടിക്ക് കെട്ടിവെച്ച തുക നഷ്ടമായി. കഴിഞ്ഞ തവണത്തെ 19 സീറ്റുകൾ കൈയാളിയ കോൺഗ്രസിന് ഇത്തവണ മത്സരിച്ച 61 സീറ്റുകളിൽ ആറെണ്ണത്തിൽ മാത്രമാണ് വിജയിക്കാനായിരുന്നത്. ഈ സാഹചര്യത്തിൽ കൂടിയാണ് പ്രശാന്തിന്റെ കോൺഗ്രസുമായുള്ള ചർച്ചകൾ പ്രസക്തമാവുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

