ന്യൂഡൽഹി: രാജ്യത്ത് ഒരു സംസ്ഥാനത്തും ആകാശവാണിയുടെ ഒരു നിലയവും പൂട്ടുന്നില്ലെന്ന് പ്രസാർഭാരതി വ്യക്തമാക്കി. പല ആകാശവാണി നിലയങ്ങളും പൂട്ടുന്നുവെന്ന തരത്തിൽ പ്രചരിക്കുന്ന വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും പ്രസാർഭാരതി അറിയിച്ചു.
രാജ്യത്ത് ഡിജിറ്റൽ റേഡിയോ സ്ഥാപിക്കുന്ന നയവുമായി പ്രസാർഭാരതി മുന്നോട്ടുപോവുകയാണ്. പരീക്ഷണാടിസ്ഥാനത്തിൽ ഡിജിറ്റൽ ഡി.ആർ.എം സാങ്കേതികവിദ്യയിലൂടെ തിരഞ്ഞെടുക്കപ്പെട്ട ആകാശവാണി ചാനലുകൾ ഇതിനോടകം ലഭ്യമാക്കുന്നുണ്ട്.ഡിജിറ്റൽ സാങ്കേതികത വഴി, ഒരൊറ്റ റേഡിയോതരംഗത്തിൽ ലഭ്യമായ നിരവധി റേഡിയോ ചാനലുകളിൽനിന്ന് ഇഷ്ടമുള്ളവ തിരഞ്ഞെടുക്കാൻ ഈ നഗരങ്ങളിലെ ശ്രോതാക്കൾക്കു കഴിയും.
ഒരു നിലയത്തിെൻറയും നിലവാരം കുറക്കുകയോ മാറ്റുകയോ ചെയ്തിട്ടില്ല.എല്ലാ ആകാശവാണി നിലയങ്ങളും പ്രാദേശിക പരിപാടികൾ നിർമിക്കുന്നത് തുടരും. നൂറിലധികം പുതിയ എഫ്.എം റേഡിയോ ട്രാൻസ്മിറ്ററുകളിലൂടെ ശൃംഖല വിപുലപ്പെടുത്താൻ ഉദ്ദേശിക്കുന്നതായും പ്രസാർഭാരതി വ്യക്തമാക്കി.