ന്യൂഡൽഹി: കോണ്‍ഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി നടത്തുന്ന ഇഫ്താര്‍ വിരുന്നില്‍ മുന്‍ രാഷ്ട്രപതി പ്രണബ് മുഖര്‍ജിയെ ക്ഷണിച്ചില്ലെന്ന വാര്‍ത്തകള്‍ അടിസ്ഥാനരഹിതമെന്ന് കോണ്‍ഗ്രസ്. പ്രണബ് മുഖര്‍ജിയെ വിരുന്നിലേക്ക് ക്ഷണിച്ചിട്ടുണ്ട്. അദ്ദേഹം ക്ഷണം സ്വീകരിച്ചിട്ടുമുണ്ട്. കോണ്‍ഗ്രസ് വക്താവ് രൺദീപ് സിങ് സുര്‍ജെവാല വ്യക്തമാക്കി. പലരും അനാവശ്യ വിവാദങ്ങള്‍ക്കുവേണ്ടി ശ്രമിക്കുകയാണെന്നും രൺദീപ് സിങ് കൂട്ടിച്ചേര്‍ത്തു.
നേരത്തെ കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ നിന്നും മുതിര്‍ന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകനും മുന്‍ രാഷ്ട്രപതികൂടിയായ പ്രണബ് മുഖര്‍ജിയെ ഒഴിവാക്കിെയെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ് സംഘടിപ്പിക്കുന്ന ഇഫ്താര്‍ വിരുന്നില്‍ പ്രണബിന് ക്ഷണപത്രം ലഭിച്ചിട്ടില്ലെന്നാണ് ദേശീയ മാധ്യമങ്ങളടക്കം റിപ്പോര്‍ട്ട് ചെയ്തത്.
ബി.ജെ.പി വിരുദ്ധരുടെ ഒത്തുകൂടൽ കൂടലിനുള്ള വേദി കൂടിയായിരിക്കും രാഹുലിന്‍റെ ഇഫ്താർ വിരുന്ന്. 2019ലെ ലോകസഭ തെരഞ്ഞെടുപ്പ് വരാനിരിക്കെ ഇത്തരമൊരു ഒത്തുകൂടലിന് പ്രധാന്യം ഏറെയാണ്. പ്രതിപക്ഷ നിരയിൽ നിന്ന് മുലായം സിങ് യാദവ്, ശരദ് യാദവ്, സിതാറാം യെച്ചൂരി, തേജസ്വി യാദവ് എന്നിവരെ കൂടാതെ അടുത്തിടെ ബി.ജെ.പിയിൽ നിന്നും തെറ്റിപ്പിരിഞ്ഞ എൻ.ചന്ദ്രബാബു നായിഡുവും വിരുന്നിനുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.
അധ്യക്ഷനായി ചുമതലേറ്റ ശേഷം നടത്തുന്ന ആദ്യ ഇഫ്താർ വിരുന്നാണ് ബുധനാഴ്ച താജ് പാലസ് ഹോട്ടലിൽ നടക്കുന്നത്. രണ്ട് വർഷത്തെ ഇടവേളക്ക് ശേഷമാണ് കോൺഗ്രസ് പാർട്ടി ഇഫ്താർ നടത്തുന്നത്. 2015ൽ അന്നത്തെ കോൺഗ്രസ് പ്രസിഡന്‍റ് സോണിയ ഗാന്ധിയായിരുന്നു വിരുന്ന് സംഘടിപ്പിച്ചത്.
നികുതി ദായകരുടെ പണമുപയോഗിച്ച് മതപരമായ ചടങ്ങുകൾ നടത്തില്ലെന്ന് പ്രസിഡന്‍റ് രാംനാഥ് കോവിന്ദ് പ്രസ്താവിച്ചതിന് തൊട്ടുപിറകെയാണ് കോൺഗ്രസിന്‍റെ ഇഫ്താർ വിരുന്ന് എന്നതും ശ്രദ്ധേയമാണ്.