ന്യൂഡൽഹി: മുൻ രാഷ്ട്രപതി പ്രണബ് മുഖർജിയുടെ ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്ന് മകൻ അഭിജിത് മുഖർജി അറിയിച്ചു. അദ്ദേഹം വെന്‍റിലേറ്ററിൽ തന്നെ തുടരുകയാണെന്ന് ആർമി ആശുപത്രി അധികൃതർ പറഞ്ഞു.
നിങ്ങളുടെയെല്ലാം പ്രാർഥനയുടെയും ഡോക്ടർമാരുടെ പരിശ്രമത്തിന്‍റെയും ഫലമായി പിതാവിന്‍റെ ആരോഗ്യനില മെച്ചപ്പെടുകയാണ്. ശാരീരിക പ്രവർത്തനങ്ങൾ നിയന്ത്രണത്തിലാണ്. എത്രയും വേഗം രോഗമുക്തി നേടാനായി എല്ലാവരും പ്രാർഥിക്കണം -അഭിജിത് മുഖർജി ട്വീറ്റ് ചെയ്തു.
ഈ മാസം 10നാണ് പ്രണബ് മുഖർജിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തലച്ചോറിൽ രക്തം കട്ടപിടിച്ചതിനെ തുടർന്ന് അദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു. ഇതിന് പിന്നാലെ കോവിഡ് സ്ഥിരീകരിക്കുക കൂടി ചെയ്തതോടെയാണ് നില വഷളായത്.