ഗൗരി ലങ്കേഷിെൻറ ഘാതകരുടെ ഹിറ്റ് ലിസ്റ്റിൽ പ്രകാശ് രാജും
text_fieldsബംഗളൂരു: മുതിർന്ന പത്രപ്രവർത്തക ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയവർ നടൻ പ്രകാശ് രാജിനെയും വധിക്കാൻ ലക്ഷ്യമിട്ടിരുന്നതായി പ്രത്യേക അന്വേഷണ സംഘം. ഗിരീഷ് കർണാട് ഉൾപ്പെടെ പുരോഗമന ആശയങ്ങളുള്ള വ്യക്തികൾക്കുപുറമെയാണ് പ്രകാശ് രാജിനെ കൂടി കൊലപ്പെടുത്താൻ ലക്ഷ്യമിട്ടതെന്ന് കന്നട പത്രം റിപ്പോർട്ട് െചയ്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും ബി.ജെ.പിയെയും പൊതുവേദികളിൽ തുറന്ന് എതിർക്കാൻ തുടങ്ങിയതോടെയാണ് പ്രകാശ് രാജിനെ ലക്ഷ്യമിട്ടത്, ഗൗരി ലങ്കേഷിനുനേരെ വെടിയുതിർത്ത പരശുറാം വാഗ്മറെ അന്വേഷണ സംഘത്തോട് വെളിപ്പെടുത്തിയെന്ന് റിപ്പോർട്ട് പറയുന്നു.
ഗൗരി ലങ്കേഷിെൻറ അടുത്ത സുഹൃത്തായ പ്രകാശ് രാജ് അവരുടെ മരണത്തിനുശേഷമാണ് ബി.ജെ.പിയെയും തീവ്ര ഹിന്ദുത്വ നിലപാടിനെയും തുറന്ന് എതിർക്കാൻ തുടങ്ങിയത്. കഴിഞ്ഞ കർണാടക നിയമസഭ തെരഞ്ഞെടുപ്പിൽ ബി.ജെ.പിക്കെതിരെ പ്രചാരണ രംഗത്തും പ്രകാശ് രാജ് സജീവമായിരുന്നു. താനും ഹിറ്റ്ലിസ്റ്റിൽ ഉണ്ടെന്ന വിവരം അറിഞ്ഞയുടനെ പ്രകാശ് ട്വിറ്ററിലൂടെയാണ് പ്രതികരിച്ചത്. ഇനി തെൻറ ശബ്ദം കൂടുതൽ ശക്തമാകുമെന്നും ഭീരുക്കളായ നിങ്ങൾക്ക് വെറുപ്പിെൻറ രാഷ്ട്രീയം കൊണ്ട് വിജയിക്കാൻ കഴിയുമോ എന്നും പ്രകാശ് രാജ് ട്വീറ്റ് ചെയ്തു. അതേസമയം, ഗൗരി ലങ്കേഷിനെ കൊലപ്പെടുത്തിയതിന് ആകെ 13,000 രൂപ മാത്രമാണ് പരശുറാം വാഗ്മറെ കൈപ്പറ്റിയതെന്ന വിവരം പുറത്തുവന്നു.
കേസിലെ മുഖ്യപ്രതികളിലൊരാളായ അമോൽ കാലെ പതിനായിരം രൂപയും കൊലപാതകത്തിന് സഹായിച്ച മൂന്നുപേർ 3000 രൂപയും പരശുറാമിന് നൽകി. ഗൗരി ലങ്കേഷിെൻറ വിഡിയോ പ്രഭാഷണങ്ങളും ചിത്രങ്ങളും എഴുത്തുകളും കാണിച്ചാണ് പരശുറാമിനെ കൊലപാതകത്തിന് പ്രേരിപ്പിച്ചത്. തെൻറ മതത്തിനുവേണ്ടി ചെയ്യുന്ന പ്രവൃത്തിയായതിനാൽ പണം വേണ്ടെന്ന് ആദ്യം പറഞ്ഞെങ്കിലും പിന്നീട് തുക വാങ്ങുകയായിരുന്നു. കേസിൽ പിടിയിലായ കെ.ടി. നവീൻകുമാറിെൻറ ജാമ്യാപേക്ഷയിൽ കഴിഞ്ഞദിവസം മജിസ്ട്രേറ്റ് കോടതി വാദം കേട്ടു. നവീൻ കുമാറിനെതിരെ രേഖകളോ മറ്റു ഡിജിറ്റൽ തെളിവുകളോ ഇല്ലെന്ന് അഭിഭാഷകൻ വാദിച്ചു. കൊലപാതകത്തിന് ഉപയോഗിച്ച വെടിയുണ്ടകൾ എത്തിച്ചുനൽകിയത് നവീൻകുമാറാണെന്നാണ് അന്വേഷണ സംഘം കണ്ടെത്തിയത്. ഇതിൽ നവീൻകുമാറിനെതിരെ തെളിവില്ലെന്നാണ് വാദം. ജാമ്യഹരജി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
