'എനിക്ക് ബിരുദമില്ല, അതിൽ ലജ്ജിക്കുന്നില്ല, അക്കാര്യം ഒളിച്ചുവെക്കുന്നുമില്ല'; മോദിയെ ട്രോളി പ്രകാശ് രാജ്
text_fieldsപ്രകാശ് രാജ്
താനൊരു ബിരുദധാരിയല്ലെന്നും അതിൽ ലജ്ജിക്കുന്നില്ലെന്നും നടൻ പ്രകാശ് രാജ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സർട്ടിഫിക്കറ്റ് സംബന്ധിച്ച വിവാദങ്ങൾ തുടരുന്നതിനിടെയായിരുന്നു എക്സ് പോസ്റ്റിലൂടെ നടന്റെ പരിഹാസം. പൊതുജനങ്ങൾക്കും പ്രധാനമന്ത്രിക്കുമയച്ച പൊതുനോട്ടീസ് എന്നു കാണിച്ചായിരുന്നു പ്രകാശ് രാജിന്റെ പോസ്റ്റ്.
''ഞാൻ പ്രകാശ് രാജ്, ഞാനൊരു ബിരുദധാരിയല്ല. എന്റെ സർഗാത്മക കരിയറിൽ ശ്രദ്ധ ചെലുത്തിയതിനാൽ ബിരുദം പൂർത്തിയാക്കാൻ കഴിഞ്ഞില്ല. എന്നാൽ ഒരു ബിരുദധാരിയല്ലാത്തത് എനിക്കൊരിക്കലും അപമാനമായി തോന്നിയിട്ടില്ല. അതിനാൽ അക്കാര്യം മറച്ചുവെക്കുന്നുമില്ല''-എന്നാണ് പ്രകാശ് രാജ് എക്സിൽ കുറിച്ചത്.
ഒരു പ്രധാനമന്ത്രിക്ക് ബിരുദമില്ല എന്നത് ഒരു കുറ്റകൃത്യമല്ല. എന്നാൽ ബിരുദമുണ്ടെന്ന് കള്ളം പറയുന്നതും സ്ഥാപനങ്ങളെ അക്കാര്യം ഒളിപ്പിക്കാനായി ഉപയോഗിക്കുന്നതും വലിയ കുറ്റകൃത്യമാണെന്നും പ്രകാശ് രാജ് കുറിച്ചു.
നിരവധി പേരാണ് പോസ്റ്റിന് പ്രതികരണവുമായെത്തിയത്. മോദി ഒരു ഭീരുവാണെന്നും അതിനാലാണ് സത്യത്തെ അംഗീകരിക്കാൻ തയാറാകാത്തത് എന്നുമായിരുന്നു ഒരാൾ ഈ പോസ്റ്റിന് പ്രതികരണമായി കുറിച്ചത്.
നിരക്ഷരനായി പോയി എന്നത് കുറ്റകൃത്യമല്ല. എന്നാൽ വ്യാജ ബിരുദ സർട്ടിഫിക്കറ്റുമായി നടക്കുന്നത് കുറ്റകൃത്യം തന്നെയാണ് എന്നാണ് മറ്റൊരാൾ കുറിച്ചത്.
പ്രധാനമന്ത്രിയുടെ ബിരുദ വിവരം പുറത്തുവിടേണ്ടതില്ലെന്ന് കഴിഞ്ഞ ദിവസം ഡൽഹി ഹൈകോടതി നിർദേശിച്ചിരുന്നു.
മോദിയുടെ ബിരുദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വെളിപ്പെടുത്താന്‍ ഡല്‍ഹി സര്‍വകലാശാലയോട് നിര്‍ദേശിച്ച വിവരാവകാശ കമീഷന്റെ ഉത്തരവ് ഹൈകോടതി റദ്ദാക്കുകയും ചെയ്തു. 1978 ല്‍ ബി.എ പാസായ വിദ്യാര്‍ഥികളുടെ രേഖകള്‍ പരിശോധിക്കാന്‍ അനുവദിച്ച കേന്ദ്ര വിവരാവകാശ ഉത്തരവിനെതിരെ ഡൽഹി സര്‍വകലാശാലയാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ആ വർഷമാണ് നരേന്ദ്രമോദിയും ബിരുദധാരിയായത് എന്നാണ് അവകാശവാദം. 1978 ൽ ഡൽഹി സർവകലാശാലയിൽ നിന്ന് മോദി ബിരുദവും 1983 ൽ ഗുജറാത്ത് സർവകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് ആർട്‌സ് ബിരുദവും പൂർത്തിയാക്കിയെന്നാണ് ബി.ജെ.പിയുടെ അവകാശവാദം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

