ധർമസ്ഥല കേസ്; സെൻസിറ്റീവ് വിഷയമായതിനാൽ വ്യക്തത വരുത്തേണ്ടത് തന്റെ ഉത്തരവാദിത്തം, രണ്ട് ദിവസത്തിനകം പ്രതികരിക്കും -പ്രകാശ് രാജ്
text_fieldsബംഗളൂരു: കർണാടകയിലെ ധർമ്മസ്ഥല കൂട്ട ശവ സംസ്കാര കേസുമായി ബന്ധപ്പെട്ട്, തനിക്കെതിരെ ഉയർന്നുവന്ന ആരോപണങ്ങൾ തള്ളി നടൻ പ്രകാശ് രാജ്. സമൂഹമാധ്യമങ്ങളിലൂടെയും മാധ്യമങ്ങളിലൂടെയും പ്രചരിക്കുന്ന വാർത്തകൾ ശ്രദ്ധയിൽപ്പെട്ടതായും വിഷയം അതീവ സെൻസിറ്റീവായതിനാൽ വ്യക്തത വരുത്തേണ്ടത് തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു.
‘ലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബാധിച്ച വിഷയമാണിത്. അതിനാൽ ഉയരുന്ന സംശയങ്ങൾക്ക് മറുപടി നൽകേണ്ടത് എന്റെ കടമയാണ്’ എന്ന് കന്നഡയിൽ പങ്കുവെച്ച കുറിപ്പിൽ പ്രകാശ് രാജ് വ്യക്തമാക്കി. നിലവിൽ താൻ പുറത്താണെന്നും രണ്ട് ദിവസത്തിനകം മാധ്യമങ്ങളെ കണ്ടു വിശദീകരണം നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അതുവരെ പ്രചരിക്കുന്ന അഭ്യൂഹങ്ങൾ വിശ്വസിക്കരുതെന്നും അദ്ദേഹം അഭ്യർഥിച്ചു.
‘എല്ലാവർക്കും ആശംസകൾ. മാധ്യമങ്ങളിൽ, സോഷ്യൽ നെറ്റ്‌വർക്കുകളിൽ, ധർമ്മസ്ഥല കേസിനെക്കുറിച്ചുള്ള ചില വാർത്തകൾ എന്റെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. അത് ചർച്ച ചെയ്യപ്പെടുന്നു. ഇത് വളരെ സെൻസിറ്റീവ് ആയ ഒരു വിഷയമായതിനാലും ദശലക്ഷക്കണക്കിന് ഭക്തരുടെ വിശ്വാസത്തെ ബാധിക്കുന്നതിനാലും അത്തരം സംശയങ്ങൾക്ക് ഉത്തരം നൽകേണ്ടത് എന്റെ കടമയാണ്. ഞാൻ വളരെ ദൂരെയാണ്. രണ്ട് ദിവസത്തിനുള്ളിൽ, ഞാൻ നേരിട്ട് വന്ന് മാധ്യമ സുഹൃത്തുക്കൾ വഴി പ്രതികരിക്കും. അതുവരെ, ചില നീചന്മാർ പ്രചരിപ്പിക്കുന്ന വാർത്തകൾ വിശ്വസിക്കരുത്’ -പ്രകാശ് രാജ് സമൂഹമാധ്യമമായ എക്സിൽ കുറിച്ചു.
ജൂൺ 11ന് കർണാടക ഹൈകോടതിയിൽ സമർപ്പിച്ച ഹരജിയിലാണ് പ്രകാശ് രാജിന്റെ പേര് പരാമർശിക്കപ്പെട്ടത്. ധർമ്മസ്ഥല കേസിലെ പ്രതിയായ ചിന്നയ്യ സമർപ്പിച്ച ഹരജിയിൽ ചിലരുടെ നിർദേശപ്രകാരം മൊഴി നൽകാൻ തനിക്ക് നിർബന്ധമുണ്ടായെന്നും പ്രകാശ് രാജ് തമിഴിൽ സംസാരിച്ചിരുന്നുവെന്നുമാണ് ആരോപണം. ഈ ആരോപണങ്ങളോടാണ് നടൻ ഇപ്പോൾ പ്രതികരിച്ചിരിക്കുന്നത്.
2025ൽ മുൻ ശുചീകരണ തൊഴിലാളിയായ ഒരാൾ ധർമ്മസ്ഥല പ്രദേശത്ത് വർഷങ്ങളായി നൂറുകണക്കിന് മൃതദേഹങ്ങൾ രഹസ്യമായി സംസ്കരിക്കാൻ നിർബന്ധിതനായിരുന്നുവെന്ന് വെളിപ്പെടുത്തിയതോടെയാണ് കേസ് ദേശീയ ശ്രദ്ധ നേടിയത്. തുടർന്ന് പ്രത്യേക അന്വേഷണസംഘം അന്വേഷണം ആരംഭിക്കുകയും വിവിധ സ്ഥലങ്ങളിൽ ഖനനം നടത്തുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

