'എം.ജി.ആറെ പാത്തിറ്ക്ക്, ശിവാജിയെ പാത്തിറ്ക്ക്... ഉന്നൈ മാതിരി ഒരു നടികറെ പാത്തതേ ഇല്ലൈ'
text_fieldsമുസ്‌ലിംകളെ നുഴഞ്ഞുകയറ്റക്കാരാണെന്ന് വിളിച്ചുള്ള പ്രസ്താവനകൾ താൻ നടത്തിയിട്ടില്ലെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രസ്താവനക്ക് പിന്നാലെ പരിഹാസവുമായി നടനും സംഘ്പരിവാർ വിമർശകനുമായ പ്രകാശ് രാജ്. വിക്രമും പ്രകാശ് രാജും അഭിനയിച്ച തമിഴ് ഹിറ്റ് ചിത്രം അന്യനിലെ രംഗം പങ്കുവെച്ചുകൊണ്ടാണ് വിമർശനം. മോദിയുടെ മുസ്‌ലിംവിരുദ്ധ പ്രസ്താവനകൾ ഒന്നൊന്നായി വിഡിയോയിൽ കടന്നുവരുന്നുണ്ട്.
ഹിന്ദു-മുസ്‌ലിം വേർതിരിവ് കാണിക്കുന്ന ദിവസം തന്‍റെ പൊതുജീവിതം അവസാനിക്കുമെന്നാണ് മോദി ഇന്ന് ദേശീയമാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. മോദിയുടെ മുസ്‌ലിംവിരുദ്ധ പ്രസ്താവനകൾ തെരഞ്ഞെടുപ്പിൽ വിവാദമാകുന്നതിനിടെയാണ് അത്തരത്തിലുള്ള പ്രസ്താവനകൾ താൻ നടത്തിയിട്ടില്ലെന്ന അവകാശവാദം.
'മുസ്‌ലിം എന്നോ ഹിന്ദുവെന്നോ ഞാൻ പറഞ്ഞിട്ടില്ല. അങ്ങനെ പറയുന്ന ദിവസം ഞാൻ പൊതുജീവിതത്തിൽ തുടരാൻ അയോഗ്യനാകും. ഞാൻ എല്ലാവരേയും തുല്യരായാണ് കാണുന്നത്' -മോദി പറഞ്ഞു.
തന്‍റെ വീട്ടിനു ചുറ്റും മുസ്‌ലിം കുടുംബങ്ങളുണ്ടായിരുന്നെന്ന് മോദി പറഞ്ഞു. എന്‍റെ വീട്ടിലും ഈദ് ആഘോഷിച്ചിരുന്നു. മറ്റ് ആഘോഷങ്ങളും വീട്ടിലുണ്ടായിരുന്നു. ഈദ് ദിവസം എന്‍റെ വീട്ടിൽ ഭക്ഷണമുണ്ടാക്കാറുണ്ടായിരുന്നില്ല. മുസ്‌ലിം വീടുകളിൽ നിന്നാണ് ഭക്ഷണം കൊണ്ടുവന്നിരുന്നത്. അങ്ങനെയൊരു ലോകത്താണ് ഞാൻ വളർന്നത്. ഇന്നുപോലും എന്‍റെ നിരവധി സുഹൃത്തുക്കൾ മുസ്‌ലിംകളാണ് -മോദി പറഞ്ഞു.
നേരത്തെ, രാജസ്ഥാനിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ മോദി നടത്തിയ മുസ്‍ലിംവിരുദ്ധ പ്രസ്താവനകളാണ് വിവാദമായത്. മുസ്‌ലിംകൾ നുഴഞ്ഞുകയറ്റക്കാരാണെന്ന വിധത്തിൽ അധിക്ഷേപിക്കുകയായിരുന്നു. നുഴഞ്ഞുകയറ്റക്കാർക്കും കൂടുതൽ കുട്ടികൾ ഉള്ളവർക്കും നിങ്ങളുടെ സ്വത്ത് നൽകുന്നത് അംഗീകരിക്കാനാകുമോ എന്നും പ്രസംഗത്തിനിടെ മോദി ചോദിച്ചു. കോൺഗ്രസ് അധികാരത്തിലെത്തിയാൽ രാജ്യത്തിന്‍റെ സ്വത്ത് മുസ്‍ലിംകൾക്ക് വീതിച്ചുനൽകുമെന്നും മോദി പറഞ്ഞിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

