നിശ്ശബ്ദമാക്കാൻ ശ്രമിക്കുംതോറും ആ ശബ്ദം കൂടുതൽ ഉച്ചത്തിലാകും -ടീസ്റ്റയുടെ അറസ്റ്റിൽ പ്രകാശ് രാജ്
text_fieldsന്യൂഡൽഹി: മനുഷ്യാവകാശ പ്രവർത്തക ടീസ്റ്റ സെറ്റൽവാദിന്റെ അറസ്റ്റിനെതിരെ നടൻ പ്രകാശ് രാജ്. ട്വീറ്റുകളിലൂടെ ടീസ്റ്റക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്തു പ്രകാശ് രാജ്.
'ഒരു ശബ്ദം നിശബ്ദമാക്കാൻ ശ്രമിക്കുന്തോറും അത് കൂടുതൽ ഉച്ചത്തിലാകും. ഞങ്ങൾ നിങ്ങൾക്കൊപ്പമാണ് പ്രിയ ടീസ്റ്റ. ധൈര്യമായിരിക്കൂ' പ്രകാശ് രാജ് ട്വീറ്റ് ചെയ്തു.
മനുഷ്യാവകാശ സംഘടനകൾ നടത്തുന്ന പ്രതിഷേധ സമരത്തിന്‍റെ പോസ്റ്റ് പങ്കുവെച്ച് 'എഴുന്നേൽക്കൂ, ഉച്ചത്തിൽ സംസാരിക്കൂ, നിങ്ങളുടെ നട്ടെല്ല് കാണിക്കൂ' എന്ന് മറ്റൊരു ട്വീറ്റ് അദ്ദേഹം ചെയ്തിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ഗുജറാത്ത് ഭീകരവിരുദ്ധസേന (എ.ടി.എസ്) ടീസ്റ്റ സെറ്റൽവാദിനെ മുംബൈയിലെ വസതിയിലെത്തി കസ്റ്റഡിയിലെടുത്തത്. ഗുജറാത്ത് മുൻ ഡി.ജി.പിയും മലയാളിയുമായ ആർ.ബി ശ്രീകുമാറിനെയും അഹമ്മദാബാദിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നു. ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട് വ്യാജ ആരോപണങ്ങൾ ഉന്നയിച്ചെന്നാണ് ഇരുവർക്കുമെതിരായ കുറ്റം.
ടീസ്റ്റക്കെതിരായ കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ രൂപവത്കരിച്ചിട്ടുണ്ട്. ടീസ്റ്റ സെറ്റൽവാദിന്റെ അറസ്റ്റിനെതിരെ ഐക്യരാഷ്ട്രസഭയും ആംനെസ്റ്റി ഇന്ത്യയും രംഗത്തുവന്നിട്ടുണ്ട്.