Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എസ്.ഐ.ആർ വിരുദ്ധ പോരാട്ട ലക്ഷ്യം മോദി ഭരണ ഉന്മൂലനം -പ്രകാശ് രാജ്

text_fields
bookmark_border
എസ്.ഐ.ആർ വിരുദ്ധ പോരാട്ട ലക്ഷ്യം മോദി ഭരണ ഉന്മൂലനം -പ്രകാശ് രാജ്
cancel
camera_alt

ശ​നി​യാ​ഴ്ച മം​ഗ​ളൂ​രു​വി​ൽ ന​ട​ന്ന റാ​ലി​യി​ൽ പ്ര​കാ​ശ് രാ​ജ് സം​സാ​രി​ക്കു​ന്നു.

മംഗളൂരു: വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരായ പ്രതിഷേധം വോട്ടവകാശം സംരക്ഷിക്കുന്നതിന് മാത്രമല്ല, കേന്ദ്രത്തിലെ ബി.ജെ.പി സർക്കാറിനെ പുറത്താക്കുന്നതിനും വേണ്ടിയാണെന്ന് നടൻ പ്രകാശ് രാജ് ശനിയാഴ്ച പറഞ്ഞു.മംഗളൂരുവിൽ ജോയന്റ് ഫോറം ഓഫ് സെക്കുലർ പാർട്ടികളുടെയും സംഘടനകളുടെയും നേതൃത്വത്തിൽ സംഘടിപ്പിച്ച ‘ജനത നടിഗെ’ മാർച്ചിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. എസ്‌.ഐ.ആറിനെതിരെ പ്രതിഷേധിക്കാനും മുഖ്യ തെരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ് കുമാറിനെ നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് അംബേദ്കർ സർക്കിളിൽ നിന്ന് ക്ലോക്ക് ടവറിലേക്ക് മാർച്ച് നടത്തി.

പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായും തെളിവുകൾ നശിപ്പിക്കാൻ ശ്രമിച്ചുവെന്ന് പ്രകാശ് രാജ് ആരോപിച്ചു. അവർ അങ്ങനെ ചെയ്തതിൽ പിടിക്കപ്പെട്ടു. മോദി തന്റെ സർക്കാറിനെ താഴെയിറക്കാൻ വേണ്ടിയാണ് ഞങ്ങൾ പ്രതിഷേധിക്കുന്നതെന്ന് പറഞ്ഞിട്ടുണ്ട്. അതെ, ഞങ്ങൾ നിങ്ങളുടെ സർക്കാറിനെ നീക്കം ചെയ്യാനാണ് വന്നത്. പക്ഷേ നേപ്പാൾ, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവ പോലെ ഞങ്ങൾ അത് ചെയ്യില്ല. സ്നേഹത്തിലൂടെയും അംബേദ്കർ ഭരണഘടന നമുക്ക് നൽകിയ വോട്ടവകാശത്തിലൂടെയും ഞങ്ങൾ അത് ചെയ്യും.

ഈ പോരാട്ടം ജയിക്കാൻ കഴിയുന്നത് ജനങ്ങൾക്കാണ്, രാഷ്ട്രീയ പാർട്ടികൾക്കല്ല. രാഷ്ട്രീയ പാർട്ടികൾക്ക് നമ്മൾ വെറും വോട്ടിങ് യന്ത്രങ്ങൾ മാത്രമാണ്. മോദി, നിങ്ങൾ അധികകാലം അധികാരത്തിൽ തുടരില്ല. നിങ്ങളുടെ സമയം തീർന്നു കൊണ്ടിരിക്കുകയാണ് -പ്രകാശ് രാജ് പറഞ്ഞു.

ദക്ഷിണ കന്നടയിലെ ആരോഗ്യ സംരക്ഷണം, സമ്പദ്‌വ്യവസ്ഥ, യുവാക്കൾക്കുള്ള തൊഴിലവസരങ്ങൾ, സാമുദായിക ഐക്യം എന്നിവയുടെ അവസ്ഥയെയും പ്രകാശ് രാജ് ചോദ്യം ചെയ്തു. തീരദേശ കർണാടകയിലെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ്. മേഖലയിലെ യുവാക്കൾ ജയിലിലാകുന്നത് ആശങ്കയുളവാക്കുന്നു. എന്താണ് സംഭവിക്കുന്നതെന്ന് ജനങ്ങൾ മനസ്സിലാക്കണം. വോട്ട് നമ്മുടെ അവകാശമാണ്.

അത് എടുത്തുകളയാൻ ശ്രമിക്കരുതെന്ന് പ്രകാശ് രാജ് മോദി സർക്കാറിന് മുന്നറിയിപ്പ് നൽകി. സി.പി.എം ജില്ല സെക്രട്ടറി മുനീർ കാട്ടിപ്പള്ള, പത്മരാജ് ആർ, എം.ജി. ഹെഗ്‌ഡെ, ദിനേശ് ഹെഗ്‌ഡെ ഉളേപ്പാടി, ലക്ഷ്മീഷ് ഡബ്ബലഡ്ക, അഷ്‌റഫ്, വി. കുക്യാൻ, ജയന്തി ബി. ഷെട്ടി, ശേഖര വാമഞ്ചൂർ എന്നിവർ പ്രസംഗിച്ചു.ഡി.വൈ.എഫ്.ഐ ജില്ല പ്രസിഡന്റ് മനോജ് വാമഞ്ചൂർ സ്വാഗതവും സന്തോഷ് ബജൽ നന്ദിയും പറഞ്ഞു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - prakash raj
Next Story