ന്യൂഡൽഹി: 2004ൽ സി.പി.എമ്മിന് കേരളത്തിലുൾപ്പെടെ ലഭിച്ച വിജയം 2019ൽ ഉണ്ടാകില്ലെന്ന് സി.പി.എം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ട്. ഇന്ത്യൻ എക്സ്പ്രസിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 2004ൽ കേരളത്തിൽ പാർട്ടിക്ക് ലഭിച്ചത് 18 സീറ്റാണ് എന്നാൽ 2019ൽ എങ്ങനെയായിരിക്കുമെന്ന് പറയാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് തന്ത്രങ്ങൾ പൂർണമായും രാഷ്ട്രീയപരമായിരിക്കണം. എന്നാൽ കോൺഗ്രസുമായി ധാരണയിലെത്താൻ കഴിയില്ല. ജയിക്കാനായി കോൺഗ്രസിനൊപ്പം ചേരാനാവില്ല. പ്രധാന ലക്ഷ്യം ബി.ജെ.പിയെ പ്രതിരോധിക്കുക എന്നതു തന്നെയാണെന്നും കാരാട്ട് പറഞ്ഞു.
പ്രദേശിക പാർട്ടികളാണ് മിക്ക സംസ്ഥാനങ്ങളിലും ബി.ജെ.പിക്കെതിരായ പോരാട്ടത്തിൽ മുന്നിൽ നിൽക്കുന്നത്. ത്രിപുരയിൽ കമ്മ്യൂണിസ്റ്റ് പാർട്ടി ശക്തമായി തിരിച്ചുവരുമെന്ന് പറഞ്ഞ അദ്ദേഹം യെച്ചൂരിയുമായി പ്രശ്നങ്ങളില്ലെന്നും രാഷ്ട്രീയപരമായ കാര്യങ്ങൾ പാർട്ടിക്കുള്ളിൽ ചർച്ച ചെയുമെന്നും വ്യക്തമാക്കി.