ജയിലിൽ നിന്ന് പിടിച്ചെടുത്ത പ്രജ്വൽ രേവണ്ണയുടെ ഫോണിൽ നിരവധി അശ്ലീല വിഡിയോകൾ; ഫോറൻസിക് റിപ്പോർട്ട് പുറത്ത്
text_fieldsപ്രജ്വൽ രേവണ്ണ
ബംഗളൂരു: പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ ജെ.ഡി.എസ് (ജനതാ ദൾ സെക്യുലർ) എം.പി. പ്രജ്വൽ രേവണ്ണ ജയിലിൽ ഉപയോഗിച്ച മൊബൈൽ ഫോണിൽനിന്ന് നിരവധി അശ്ലീല വിഡിയോകൾ കണ്ടെത്തിയതായി ഫോറൻസിക് പരിശോധനാ റിപ്പോർട്ട്. ആഗസ്റ്റ് 11-ന് പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലെ ഉയർന്ന സുരക്ഷാ ബാരക്കിൽ നടത്തിയ പരിശോധനയിലാണ് പ്രജ്വൽ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതായി കണ്ടെത്തിയത്. തുടർന്ന് പിടിച്ചെടുത്ത ഫോണും പെൻഡ്രൈവും ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിരുന്നു. ഫോണിൽ നിരവധി അശ്ലീല വിഡിയോകളും പെൻഡ്രൈവിൽ വെബ് സീരീസുകളും ഉണ്ടായിരുന്നതായി പരിശോധനയിൽ കണ്ടെത്തി.
മുൻ പ്രധാനമന്ത്രി എച്ച്.ഡി. ദേവഗൗഡയുടെ കൊച്ചുമകനും കേന്ദ്രമന്ത്രി എച്ച്.ഡി. കുമാരസ്വാമിയുടെ അനന്തരവനുമായ പ്രജ്വൽ രേവണ്ണ പീഡനക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിച്ചുവരികയാണ്. ബംഗളൂരുവിലെ പരപ്പന അഗ്രഹാര സെൻട്രൽ ജയിലിലാണ് ഇദ്ദേഹം കഴിയുന്നത്. സംഭവത്തോടെ ബംഗളൂരുവിലെ സെൻട്രൽ ജയിലിൽ 'വി.ഐ.പി.' തടവുകാർക്ക് ലഭിക്കുന്ന പ്രത്യേക പരിഗണന സംബന്ധിച്ച ചർച്ചകൾ വീണ്ടും സജീവമായി.
48കാരിയായ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും ലൈംഗികാതിക്രമത്തിന്റെ ദൃശ്യങ്ങൾ പ്രചരിപ്പിക്കുകയും ചെയ്ത കേസിലാണ് രേവണ്ണയ്ക്ക് കഴിഞ്ഞ വർഷം ജീവപര്യന്തം ശിക്ഷ ലഭിച്ചത്. ഹാസൻ ജില്ലയിലുള്ള ഹൊളേനരസിപുരയിലെ രേവണ്ണയുടെ കുടുംബത്തിന്റെ ഫാംഹൗസിൽ വീട്ടുജോലിക്കാരിയായിരുന്നു ഇരയായ സ്ത്രീ. 2021 മുതൽ പ്രജ്വൽ രേവണ്ണ തന്നെ പലതവണ ബലാത്സംഗം ചെയ്തതായി ഇവർ ആരോപിച്ചിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങൾ ഇദ്ദേഹം പകർത്തുകയും ഇക്കാര്യം പുറത്തുപറഞ്ഞാൽ വിഡിയോകൾ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി പരാതിയിൽ പറയുന്നു.
രേവണ്ണയുടെ സെല്ലിൽനിന്ന് മൊബൈൽ ഫോൺ കണ്ടെത്തിയതിനെ തുടർന്ന് ജയിൽ ഉദ്യോഗസ്ഥരിൽ ഒരാളെസസ്പെൻഡ് ചെയ്യുകയും അന്വേഷണം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

