പ്രജ്വൽ രേവണ്ണയുടെ കസ്റ്റഡി ജൂൺ 10 വരെ നീട്ടി
text_fieldsപ്രജ്വൽ രേവണ്ണയെ വ്യാഴാഴ്ച ബംഗളൂരു കോടതിയിൽ ഹാജരാക്കാൻ കൊണ്ടുവന്നപ്പോൾ
ബംഗളൂരു: ലൈംഗികാതിക്രമ കേസിൽ അറസ്റ്റിലായ ജെ.ഡി-എസ് മുൻ എം.പി പ്രജ്വൽ രേവണ്ണയുടെ ജുഡീഷ്യൽ കസ്റ്റഡി നാലു ദിവസത്തേക്കു കൂടി നീട്ടി. ജനപ്രതിനിധികളുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുന്ന ബംഗളൂരുവിലെ പ്രത്യേക കോടതിയിൽ വ്യാഴാഴ്ച രാവിലെ പ്രജ്വലിനെ കേസ് അന്വേഷിക്കുന്ന എസ്.ഐ.ടി സംഘം ഹാജരാക്കി. പ്രജ്വൽ ചോദ്യം ചെയ്യലുമായി കാര്യമായി സഹകരിക്കുന്നില്ലെന്നാണ് അന്വേഷണ സംഘം അറിയിച്ചത്. വിശദമായ ചോദ്യം ചെയ്യലിനായി കൂടുതൽ സമയം അനുവദിക്കണമെന്ന എസ്.ഐ.ടിയുടെ ആവശ്യം കണക്കിലെടുത്ത കോടതി, ജൂൺ 10 വരെ പ്രജ്വലിന്റെ കസ്റ്റഡി തുടരാൻ ഉത്തരവിട്ടു.
ലൈംഗിക പീഡനവുമായി ബന്ധപ്പെട്ട വിഡിയോകൾ പുറത്തുവന്നതിന് പിന്നാലെ വിദേശത്തേക്ക് കടന്ന പ്രജ്വലിനെ ജർമനിയിൽനിന്ന് തിരിച്ചെത്തിച്ച അന്വേഷണ സംഘം മേയ് 31ന് ബംഗളൂരു കെംപഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിൽവെച്ച് അറസ്റ്റ് ചെയ്യുകയായിരുന്നു. അന്നുതന്നെ കോടതിയിൽ ഹാജരാക്കി. റിമാൻഡ് കാലാവധി വ്യാഴാഴ്ച അവസാനിച്ചതോടെയാണ് അന്വേഷണ സംഘം കസ്റ്റഡി കാലാവധി നീട്ടാൻ കോടതിയോട് അനുമതി തേടിയത്.
ജെ.ഡി-എസ് അധ്യക്ഷൻ എച്ച്.ഡി. ദേവഗൗഡയുടെ മകനും മുൻ മന്ത്രിയുമായ എച്ച്.ഡി. രേവണ്ണയുടെയും ജെ.ഡി-എസ് വനിതാ നേതാവ് ഭവാനി രേവണ്ണയുടെയും മകനാണ് 33കാരനായ പ്രജ്വൽ. 2019 ലോക്സഭ തെരഞ്ഞെടുപ്പിൽ ഹാസനിൽനിന്ന് വിജയിച്ച പ്രജ്വൽ ജെ.ഡി-എസിന്റെ ഏക എം.പിയായിരുന്നു. ഇത്തവണയും മത്സരിച്ചെങ്കിലും കോൺഗ്രസിന്റെ ശ്രേയസ് പട്ടേൽ എന്ന പുതുമുഖക്കാരനോട് അടിയറവ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

