മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ആർ.എസ്.എസ് പങ്കിനെ പ്രശംസിച്ച ശരദ് പവാർ സമാനമായ കേഡർ ഉണ്ടാക്കാൻ എൻ.സി.പിയോട് ആവശ്യപ്പെട്ടത് എന്തിന്?
text_fieldsമുംബൈ: 2024 നവംബറിലെ മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിൽ ബി.ജെ.പിയുടെ നേതൃത്വത്തിലുള്ള സഖ്യം നേടിയ വൻ വിജയത്തിൽ ആർ.എസ്.എസിന്റെ പങ്ക് വലുതാണെന്ന് വെളിപ്പെട്ടിരുന്നു. തെരഞ്ഞെടുപ്പിലെ ആർ.എസ്.എസിന്റെ സ്വാധീനത്തെ കുറിച്ച് ബോധിപ്പിച്ച എൻ.സി.പി നേതാവ് സമാനമായ ഒരു കേഡറിന്റെ ആവശ്യത്തെ കുറിച്ചും പാർട്ടി അംഗങ്ങളോട് പറഞ്ഞു.
''ആർ.എസ്.എസ് കേഡറുടെ ശക്തമായ വിശ്വസ്തതയും അവരുടെ പ്രത്യയശാസ്ത്രത്തോടുള്ള പ്രതിബദ്ധതയും എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് നിയമസഭ തെരഞ്ഞെടുപ്പ് തെളിയിച്ചു. ഛത്രപതി ഷാഹു മഹാരാജ്, മഹാത്മാ ജ്യോതിബ ഫൂലെ, ഡോ. ബി.ആർ. അംബേദ്കർ എന്നിവരുടെ ആശയങ്ങൾ ഉൾക്കൊള്ളുന്ന ശക്തവും പ്രതിബദ്ധതയുള്ളതുമായ ഒരു കേഡർ കെട്ടിപ്പടുക്കാൻ നമ്മളും പ്രവർത്തിക്കണം.''-എന്നായിരുന്നു ശരദ് പവാറിന്റെ വാക്കുകൾ. അത് ചർച്ച ചെയ്യേണ്ടതാണെന്ന് പവാറിനെ പിന്തുണച്ച്കൊണ്ട് എൻ.സി.പി നേതാവ് ജിതേന്ദ്ര അവ്ഹദും പറയുകയുണ്ടായി.
ലോക്സഭ തെരഞ്ഞെടുപ്പിലെ തിരിച്ചടിക്കു ശേഷമാണ് ബി.ജെ.പി നിയമസഭ തെരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്റെ സഹായം തേടിയത്. ആ സമയത്ത് പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ചെറുക്കാനായി ഉപമുഖ്യമന്ത്രിയായിരുന്ന ദേവേന്ദ്ര ഫഡ്നാവിസ് ആർ.എസ്.എസ് നേതാക്കളുമായി നിരവധി തവണ കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. 288 അംഗ നിയമസഭയിൽ 235 സീറ്റുകളും തൂത്തുവാരിയായിരുന്നു മഹായുതി സഖ്യത്തിന്റെ വിജയം.മ ബി.ജെ.പി മത്സരിച്ച 149 സീറ്റുകളിൽ 132ഉം ഏക്നാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും അജിത് പവാറിന്റെ എൻ.സി.പിയും യഥാക്രമം 57,41 സീറ്റുകളും നേടി.
അതേസമയം, മഹാരാഷ്ട്ര തെരഞ്ഞെടുപ്പിലെ പങ്കിനെ കുറിച്ച് ആർ.എസ്.എസ് ഇതുവരെ പരസ്യമായി പ്രതികരിച്ചിട്ടില്ല. ഹരിയാന തെരഞ്ഞെടുപ്പിലെ ക്രെഡിറ്റിനെ കുറിച്ചും ആർ.എസ്.എസ് ഇതുവരെ മിണ്ടിയിട്ടില്ല. മഹാരാഷ്ട്ര തെരഞ്ഞെടുപ്പിൽ ആർ.എസ്.എസിന്റെയും എല്ലാ മുന്നണി സംഘടനകളുടെയും പങ്ക് വളരെ വലുതാണെന്ന് മഹാരാഷ്ട്ര ബി.ജെ.പി അധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ പറഞ്ഞിരുന്നു.
അടുത്ത ബന്ധമുണ്ടെങ്കിലും ആർ.എസ്.എസും ബി.ജെ.പിയും തമ്മിൽ മുമ്പും വിവിധ വിഷയങ്ങളിൽ ഭിന്നതയുണ്ടായിരുന്നു. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിൽ പലതവണ ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത് ബി.ജെ.പിയെ രൂക്ഷമായി വിമർശിച്ചിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

