അത് ഇന്ത്യൻ മോഡലിനെ കോപ്പിയടിച്ചത് തന്നെ; ഒടുവിൽ സമ്മതിച്ച് ഇറ്റാലിയൻ ആഡംബര ബ്രാൻഡ് പ്രാഡ
text_fieldsകോലാപ്പൂരി ചെരിപ്പിനെ കോപ്പിയടിച്ചെന്ന ആരോപണത്തിൽ പ്രതികരിച്ച് പ്രാഡ. സ്പ്രിങ്/സമ്മർ മെൻസ്വെയർ ഷോക്കിടെയാണ് പ്രാഡ കോലാപ്പൂരി ചെരിപ്പിനോട് സമാനമുള്ള മോഡൽ പ്രദർശിപ്പിച്ചത്. എന്നാൽ, കോലാപ്പൂരി ചപ്പലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് തങ്ങൾ ചെരിപ്പ് ഡിസൈൻ ചെയ്തതെന്ന് ഷോയിൽ അറിയിക്കാൻ പ്രാഡ തയാറായില്ല. തുടർന്ന് കമ്പനിക്കെതിരെ വലിയ വിമർശനം ഉയർന്നിരുന്നു.
ഒടുവിൽ വിമർശനം ശക്തമായതോടെയാണ് പ്രാഡ ഇക്കാര്യത്തിൽ പ്രതികരിച്ചിരിക്കുന്നത്. കോലാപ്പൂരി ചപ്പലിൽ നിന്നും പ്രചോദനം ഉൾക്കൊണ്ടാണ് പുതിയ ചെരിപ്പ് ഡിസൈൻ ചെയ്തതെന്നാണ് പ്രാഡ ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
മിലാനിൽ നടന്ന ഷോക്കിടെ പ്രദർശിപ്പിച്ച ചെരിപ്പുകൾ കോലാപ്പൂരിലെ കരകൗശലക്കാർ നിർമിക്കുന്നതിന് സമാനമാണെന്ന് മനസിലാക്കുന്നു. നൂറുകണക്കിന് വർഷം പാരമ്പര്യമുള്ള കോലാപൂരി ചപ്പലിന്റെ സാംസ്കാരിക പെരുമ തങ്ങൾ അംഗീകരിക്കുന്നുവെന്ന് പ്രാഡ ഗ്രൂപ്പ് കോർപ്പറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി തലവൻ ലോറേൻസോ ബെർടെല്ലി മഹാരാഷ്ട്ര ചേംബർ ഓഫ് കൊമേഴ്സ് ഇൻഡസ്ട്രിക്ക് അയച്ച കത്തിൽ ചൂണ്ടിക്കാട്ടി.
ബി.ജെ.പി എം.പിയായ ധനഞ്ജയ് മഹാദിക് പ്രാഡ കോലാപൂരി ചപ്പലിന്റെ ഡിസൈൻ കോപ്പിയടി മുഖ്യമന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയതോടെയാണ് വിഷയം ചർച്ചയായത്. ചെരിപ്പിന് ജി.ഐ അവകാശം ലഭിക്കുന്നതിന് വേണ്ടിയുള്ള നടപടികൾ സ്വീകരിക്കണമെന്നും എം.പി ആവശ്യപ്പെട്ടിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

