Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightഅധികാരം, നേതൃത്വം,...

അധികാരം, നേതൃത്വം, പ്രതാപം, പാരമ്പര്യം...എന്നിട്ടും ഉദ്ധവിന് പിഴച്ചതെവിടെ?

text_fields
bookmark_border
Uddhav Thackeray
cancel
camera_alt

ഉദ്ധവ് താക്കറെ

ഹാരാഷ്ട്രയുടെ അധികാരാവകാശം മാറിമറിയുമ്പോൾ അതിശയങ്ങൾ അവസാനിക്കുന്നില്ല. അപ്രതീക്ഷിതമായൊരു നീക്കത്തിലാണ് വിമത ശിവസേന നേതാവ് ഏക്നാഥ് ഷിൻഡെക്ക് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ബി.ജെ.പി നിരുപാധിക പിന്തുണ പ്രഖ്യാപിച്ചത്. മറ്റൊരു നാടകീയ നീക്കത്തിൽ ബി.ജെ.പിയുടെ മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് ഉപമുഖ്യമന്ത്രിയായി സ്ഥാനമേറ്റെടുക്കുകയും ചെയ്തിരിക്കുന്നു. പാർട്ടി നിർബന്ധിച്ചതുകൊണ്ടു മാത്രമാണ് ഉപമുഖ്യമന്ത്രിപദം ഏറ്റെടുക്കുന്നതെന്നാണ് ഫഡ്നാവിസിന്റെ അവകാശവാദം.

'ശിവ സൈനികനെ'ന്ന ലേബലുമായി ഷിൻഡെയുടെ ഈ അധികാരാഭിഷേകം താക്കറെ കുടുംബത്തിന് നൽകുന്ന പ്രഹരം വലുതാണ്. പാർട്ടിയെ ബാൽ താക്കറെയുടെ വ്യക്തിപ്രഭാവത്തിനും താക്കറെ കുടുംബത്തി​ന്റെ പ്രമാണിത്വത്തിനുമൊപ്പം വളർത്തിക്കൊണ്ടുവന്ന പാരമ്പര്യങ്ങൾക്കാണ് അടിയേറ്റിരിക്കുന്നത്. തങ്ങൾക്കൊപ്പമുണ്ടായിരുന്ന വേളയിൽ പുലർത്തിയ ചിട്ടവട്ടങ്ങളിൽനിന്ന് അതിശയകരമായി മാറിനടക്കുകയും എൻ.സി.പിക്കും കോൺഗ്രസിനുമൊപ്പം അടിയുറച്ചുനിന്ന് വിശ്വസ്തതയോടെ ഭരണം നയിക്കുകയും ചെയ്ത ശിവസേനയെ ഏതുവിധേനയും താഴെയിറക്കുകയെന്ന ആഗ്രഹം ഉള്ളിലൊതുക്കി കാത്തിരിക്കുകയായിരുന്നു ബി.ജെ.പി. മുഖ്യമന്ത്രിയായ ഉദ്ധവ് താക്കറെയോടായിരുന്നു അവരുടെ രോഷം മുഴുവൻ. ഉദ്ധവിനെ സ്ഥാന ഭ്രഷ്ടനാക്കുന്നതിനൊപ്പം ശിവസേനയുടെ നിയന്ത്രണം താക്കറെ കുടുംബത്തിന്റെ കൈകളിൽനിന്ന് അപഹരിക്കുകയെന്ന അജണ്ട കൂടി മുൻനിർത്തിയാണ് ബി.ജെ.പി കരുക്കൾ നീക്കിയതത്രയും. അതിന് പറ്റിയ അവസരത്തിൽ ഷിൻഡെ എന്ന ആയുധം ഒത്തുകിട്ടുകയായിരുന്നു.


ഏക്നാഥ് ഷിൻഡെ വിമത എം.എൽ.എമാർക്കൊപ്പം

ഷിൻഡെയെ മുഖ്യമന്ത്രിയാക്കിയതെന്തിന്?

ഷിൻഡെയെ മുഖ്യമന്ത്രിയാക്കുക വഴി വിമത എം.എൽ.എമാരിൽ കൂടുതൽ നിയന്ത്രണമാണ് ലക്ഷ്യമെന്നതുറപ്പ്. ഷിൻഡെ അത്രമേൽ നേതൃപാടവം ഉള്ളയാളോ ഒപ്പമുള്ളവർക്കുമേൽ തികഞ്ഞ അധീശത്വമുറപ്പിക്കാൻ കഴിയുന്നയാളോ അല്ല. ഈ സാഹചര്യത്തിൽ ഭാവിയിൽ കൂടെയുള്ളവർ അദ്ദേഹത്തിന്റെ നിയന്ത്രണത്തിൽനിന്ന് കെട്ടുപൊട്ടിച്ചു ചാടാൻ സാധ്യതയേറെയാണ്. താക്കറെ കുടുംബത്തോട് വിധേയത്വം കാട്ടുന്ന എം.എൽ.എമാരിൽ പലരും ഉദ്ധവിനോടൊപ്പം തിരിച്ചെത്തിയേക്കാമെന്ന നിഗമനത്തിൽ ആ വഴികളടക്കുകയാണ് ഷിൻഡെയെ മുഖ്യമന്ത്രി പദത്തിൽ പ്രതിഷ്ഠിക്കുന്നതിന്റെ പ്രധാന ഉന്നം. വിമതരിൽ ഭൂരിഭാഗം പേരെയും മന്ത്രിമാരാക്കി കൂടെ ഉറപ്പിച്ചുനിർത്താനാവും ശ്രമം.

ഒപ്പം, അധികാരത്തി​ന്റെ തണലിൽ, ബാൽ താക്കറെയുടെ യഥാർഥ പിൻഗാമികൾ തങ്ങളാണെന്ന് സ്ഥാപിക്കുകയും 'ഒറിജിനൽ' ശിവസേനയായി തങ്ങളുടെ ഗ്രൂപ്പിനെ വളർത്തിയെടുക്കുകയും ചെയ്യുകയെന്നതും ഷിൻഡെയും കൂട്ടരും ലക്ഷ്യമിടുന്നുണ്ട്. എല്ലാറ്റിന്റെയും തിരക്കഥകളൊരുക്കുന്നത് ബി.ജെ.പി നേതൃത്വമാണെന്നത് പരസ്യമായ രഹസ്യം. ഇനി തെരഞ്ഞെടുപ്പു കമീഷനെ സമീപിച്ച്, യഥാർഥ ശിവസേന തങ്ങളുടേതാണെന്ന് അവകാശപ്പെടുകയും 'അമ്പും വില്ലും' ചിഹ്നവും തങ്ങൾക്ക് അനുവദിച്ചു തരണമെന്ന് ആവശ്യപ്പെടുകയുമാവും അടുത്ത നീക്കം.


ഉദ്ധവ് താക്കറേ മകൻ ആദിത്യക്കൊപ്പം

ഉദ്ധവിന്റെ പാളിയ കണക്കൂകൂട്ടലുകൾ

അണിയറയിലൊരുങ്ങിയ ബി.ജെ.പിയുടെ ഒളിയജണ്ടകളെ മണത്തറിയാൻ ഉദ്ധവിന് കഴിയാതെ പോയെന്നതാണ് ഈ തിരിച്ചടിയിൽ നിർണായകമായത്. കേഡർ സ്വഭാവമുള്ള ശിവസേനയിൽ, തന്നോട് വിശ്വാസം പുലർത്തുന്നതിന്റെ ഇരട്ടിയിലധികം എം.എൽ.എമാരെ തനിക്കെതിരായി നിർത്താൻ ആർക്കെങ്കിലും കഴിയുമെന്ന് പാർട്ടി അധ്യക്ഷൻ സ്വപ്നത്തിൽപോലും കരുതിയിട്ടുണ്ടാവില്ല.

അവിശ്വാസ പ്രമേയത്തിന് തൊട്ടുമുമ്പ് മുഖ്യമന്ത്രിപദം രാജിവെക്കാനുള്ള ഉദ്ധവിന്റെ നീക്കം വൈകി വന്ന വിവേകമായേ വിലയിരുത്താനാവൂ. വിശ്വസ്തരായ അനുയായികൾ അകന്നുപോയെന്നറിഞ്ഞ നിമിഷത്തിൽതന്നെ കാര്യങ്ങൾ വായിച്ചെടുക്കാൻ അദ്ദേഹത്തിന് കഴിയേണ്ടിയിരുന്നു. നാശനഷ്ടങ്ങൾ ഒഴിവാക്കാൻ ശ്രമിക്കുന്നതിന് പകരം, സർക്കാർ പൊടുന്നനെ വീഴുന്നതു തടയാൻ മകൻ ആദിത്യയെയും പാർട്ടി വക്താവ് സഞ്ജയ് റാവത്തിനെയും ചുമതലപ്പെടുത്തി കാത്തിരിക്കുകയായിരുന്നു അദ്ദേഹം.

എൻ.സി.പി അധ്യക്ഷൻ ശരദ് പാവറിന്റെ ചാണക്യ തന്ത്രങ്ങളിലും പരിചയ സമ്പന്നതയിലുമാണ് മഹാ വികാസ് അഘാഡി സർക്കാർ പ്രധാനമായും രൂപ​പ്പെട്ടതും നിലനിന്നുപോന്നതും. പലപ്പോഴും പിണക്കങ്ങളിലും പ്രതിസന്ധികളിലും ചാഞ്ചാടിയപ്പോഴും പവാറിന്റെ 'പവർ' എല്ലാ ഭിന്നാഭിപ്രായങ്ങൾക്കുംമേൽ മഹാ സഖ്യത്തിന് കരുത്തായിരുന്നു. എന്നാൽ, അത് മൂൻകൂട്ടി കണ്ടറിഞ്ഞു​ള്ള കളികളാണ് ഷിൻഡേയെ മുൻനിർത്തി ബി.ജെ.പി കളിച്ചത്. സമീപകാലത്ത് പയറ്റിത്തെളിയിച്ച 'കുതിരക്കച്ചവട' മാതൃകയിൽ വിമത എം.എൽ.എമാരെ ആദ്യം സൂറത്തിലും പിന്നീട് ഗുവാഹത്തിയിലും ശേഷം ഗോവയിലുമായി തട്ടകം മാറ്റിക്കളിച്ച് എതിരാളികൾക്ക് പിടികൊടുക്കാതെയാണ് ത​ന്ത്രം വിജയത്തിലെത്തിച്ചത്.

ശേഷം എന്ത്..?

ഇനിയെന്താണ് ചെയ്യേണ്ടതെന്ന ആശയക്കുഴപ്പത്തിലാകും ഉദ്ധവിപ്പോൾ..അണികളിൽ ഭൂരിഭാഗവും ഇപ്പോഴും ഉദ്ധവ് നയിക്കുന്ന ഔദ്യോഗിക പക്ഷത്തോടൊപ്പമാണ്. നേതാക്കളിൽ വലിയൊരുഭാഗം മറുകണ്ടം ചാടിയ സ്ഥിതിക്ക് അടിത്തട്ടുമുതൽ പാർട്ടിയെ പുനർനിർമിക്കുകയും നവീകരിക്കുകയും ചെയ്യുകയെന്നതാവും മുന്നിലുള്ള പ്രധാന ലക്ഷ്യം. നട്ടെല്ലിന് ശസ്ത്രക്രിയക്ക് വി​ധേയനായ ഉദ്ധവ് ആരോഗ്യപ്രശ്നങ്ങൾ കണക്കിലെടുത്ത് മകൻ ആദിത്യ താക്കറെയെ ഉയർത്തിക്കൊണ്ടു വരുന്നതിനാവും കൂടുതൽ ശ്രദ്ധിക്കുക. 61കാരനായ ഉദ്ധവ് പരമ്പരാഗത ശൈലിയിൽ അണികളെ ആവേശമുനമ്പിൽ നിർത്തുന്ന മാസ് ലീഡറല്ല. ​ലെജിസ്ലേറ്റിവ് കൗൺസിൽ അംഗം എന്ന നിലക്കാണ് അദ്ദേഹം മുഖ്യമന്ത്രി പദത്തിലെത്തിയതും.എന്നാൽ, ആദിത്യ മും​ബൈയിലെ വർളിയിൽനിന്ന് ജയിച്ച് എം.എൽ.എയായാണ് നിയമസഭയിലെത്തിയത്. ശി​വസേനയുടെ യൂത്ത് വിങ് അധ്യക്ഷനുമാണ്. വിമത എം.എൽ.എമാർക്കെതിരായ പ്രതിഷേധത്തിന്റെ മുന്നിലുണ്ടായിരുന്നതും ആദിത്യയായിരുന്നു. 'പാർട്ടിയിൽനിന്ന് അഴുക്കെല്ലാം പോയി. ഇനി നമുക്ക് നല്ലതു ചിലതു ചെയ്യണം' എന്നാണ് വിമതരുടെ പടിയിറക്കത്തിനുശേഷം ആദിത്യ പ്രതികരിച്ചത്. ആദിത്യയെ 'മേഴ്സിഡെസ് ബേബി' എന്ന് പരിഹസിച്ചാണ് ഫഡ്നാവിസും ബി.ജെ.പിയും കൊച്ചാക്കിയിരുന്നത്. എന്നാൽ, നഗരത്തിലെ വൻകിടക്കാർക്കും ബോളിവുഡ് സർക്കിളുകളിലുമടക്കം സ്വീകാര്യനാണ് അദ്ദേഹം. അപ്പോഴും, സാധാരണക്കാർക്ക് പ്രാപ്യമല്ലാത്തവരാണ് താക്കറെമാർ എന്ന എതിരാളികളുടെ ആക്ഷേപങ്ങളെ അതിജയിക്കേണ്ടതായും വരും.

എല്ലാറ്റിലുമുപരി, ശിവസേന ഏതു നിലപാടായിരിക്കും അവലംബിക്കുകയെന്നതാണ് ആളുകൾ ഉറ്റുനോക്കുന്നത്. ബാൽതാക്കറെ മുന്നോട്ടുവെച്ച തീവ്ര നിലപാടുകളിൽനിന്ന് പിന്നാക്കം പോയാണ് മതേതര മൂല്യങ്ങൾക്കൊപ്പം നിന്ന മഹാ വികാസ് അഘാഡി സഖ്യത്തിൽ ശിവസേന നിലയുറപ്പിച്ചിരുന്നത്. പാർട്ടി വിട്ട വിമതർ ബി.ജെ.പിക്കൊപ്പം ​ചേർന്ന് വെറുപ്പിന്റെ പ്രത്യയശാസ്ത്രത്തിലൂന്നി മുന്നോട്ടുപോകുമെന്നുറപ്പാണെന്നിരിക്കേ, താക്കറെമാർക്കുമുന്നിലുള്ള ഏതു വഴിയാണെന്ന് കാത്തിരുന്നുതന്നെ കാണണം.

Show Full Article
TAGS:Uddhav Thackeray Eknath Shinde shiv sena 
News Summary - Power, leadership, prestige, legacy...yet where did Uddhav go wrong?
Next Story