ഡോക്യുമെന്ററി പ്രദർശനം തടയാൻ ജെ.എൻ.യുവിൽ വൈദ്യുതി തടഞ്ഞു; ലാപ്ടോപ്പുകൾ ഉപയോഗിച്ച് പ്രദർശനം നടത്തി വിദ്യാർഥികൾ
text_fieldsന്യൂഡല്‍ഹി: ഗുജറാത്ത് വംശഹത്യയുമായി ബന്ധപ്പെട്ട ബി.ബി.സി ഡോക്യുമെന്ററി 'ഇന്ത്യ: ദ മോദി ക്വസ്റ്റ്യൻ' പ്രദര്‍ശനം നടക്കാനിരിക്കെ ഡൽഹി ജെ.എന്‍.യു സര്‍വ്വകലാശാലയില്‍ വൈദ്യുതി തടഞ്ഞു. ഇന്ന് രാത്രി ഒന്‍പത് മണിക്കായിരുന്നു ക്യാമ്പസിലെ വിദ്യാർഥി യൂണിയന്‍ ഓഫിസില്‍ പ്രദര്‍ശനം നടത്താന്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ ഇതിനിടെ വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു. എന്നാൽ, ലാപ്ടോപ്പുകൾ ഉപയോഗിച്ച് വിദ്യാർഥികൾ ഡോക്യുമെന്‍ററി പ്രദർശിപ്പിച്ചു.
ഡോക്യുമെന്ററി ജെ.എന്‍.യു ക്യാംപസില്‍ പ്രദര്‍ശിപ്പിക്കരുതെന്ന് ആവശ്യവുമായി സര്‍വകലാശാ അധികൃതര്‍ ഇന്നലെ മുന്നറിയിപ്പ് നോട്ടീസ് ഇറക്കിയിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ കര്‍ശന അച്ചടക്ക നടപടി സ്വീകരിക്കുമെന്നും വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്ററി പ്രദര്‍ശിപ്പിച്ചാല്‍ സര്‍വ്വകലാശാലയിലെ സമാധാനവും ഐക്യവും നഷ്ടപ്പെട്ടേക്കാം എന്ന വാദമാണ് അധികൃതര്‍ ഉയർത്തുന്നത്.