ഒറ്റമഴയിൽ തന്നെ രാമക്ഷേത്രത്തിലേക്കുള്ള റോഡിൽ നിറയെ കുഴികൾ
text_fieldsഅയോധ്യ: രാമക്ഷേത്രത്തിലേക്കുള്ള പാതയായ രാംപഥിൽ പലയിടങ്ങളിലും വെള്ളക്കെട്ടും തകർച്ചയുമുണ്ടായ സംഭവത്തിൽ ആറ് ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജൂൺ 23നും 25നുമുണ്ടായ കനത്ത മഴയിൽ 15ഓളം തെരുവുകളും ഇടവഴികളും വെള്ളത്തിലായിരുന്നു. റോഡിനിരുവശവുമുള്ള വീടുകളിലും വെള്ളം കയറി. 14 കിലോമീറ്റർ നീളമുള്ള രാംപഥിൽ 12ലധികം സ്ഥലങ്ങളിൽ റോഡ് ഇടിയുകയും ചെയ്തു.
പൊതുമരാമത്ത് വകുപ്പിലെ എക്‌സി. എൻജിനീയർ ധ്രുവ് അഗർവാൾ, അസി. എൻജിനീയർ അനൂജ് ദേശ്‌വാൾ, ജൂനിയർ എൻജിനീയർ പ്രഭാത് പാണ്ഡെ, ഉത്തർപ്രദേശ് ജൽ നിഗത്തിലെ എക്സി. എൻജിനീയർ ആനന്ദ് കുമാർ ദുബെ, അസി. എൻജിനീയർ രാജേന്ദ്ര കുമാർ യാദവ്, ജൂനിയർ എൻജിനീയർ മുഹമ്മദ് ഷാഹിദ് എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
അഹമ്മദാബാദ് ആസ്ഥാനമായ കരാർ കമ്പനി ഭുവൻ ഇൻഫ്രാകോം പ്രൈവറ്റ് ലിമിറ്റഡിനും നോട്ടീസ് അയച്ചിട്ടുണ്ട്. നിർമാണത്തിന് തൊട്ടുപിന്നാലെ തന്നെ റോഡിെന്റ ഉപരിതലം പൊട്ടിപ്പൊളിഞ്ഞതായി പൊതുമരാമത്ത് വകുപ്പ് സസ്പെൻഷൻ ഉത്തരവിൽ പറയുന്നു. സംസ്ഥാന സർക്കാറിെന്റ പ്രതിച്ഛായ സാധാരണക്കാർക്കിടയിൽ തകരാനും ഇതിടയാക്കിയെന്ന് ഉത്തരവിലുണ്ട്.
രാമക്ഷേത്രത്തിന്‍റെ മേൽക്കൂരയിൽ ചോർച്ചയുണ്ടെന്ന് ക്ഷേത്രം മുഖ്യ പുരോഹിതൻ ആചാര്യ സത്യേന്ദ്ര ദാസ് ഏതാനും ദിവസം മുമ്പ് വാർത്ത ഏജൻസിയോട് പറഞ്ഞിരുന്നു. അഞ്ചുമാസം മുമ്പ് പ്രാണപ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിൽ ഇത്രവേഗം ചോർച്ചയുണ്ടായത് ആശ്ചര്യപ്പെടുത്തിയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.
എന്നാൽ, രാമക്ഷേത്രത്തിന്റെ രൂപകൽപനയിലോ നിർമാണത്തിലോ ഒരു പ്രശ്നവുമില്ലെന്നാണ് ക്ഷേത്ര ട്രസ്റ്റിന്റെ അവകാശവാദം. വൈദ്യുതിക്കമ്പികൾ സ്ഥാപിക്കാനായുള്ള പൈപ്പുകളിൽനിന്നാണ് വെള്ളം ഒഴുകിയതെന്നും ക്ഷേത്ര കോംപ്ലക്സിന്റെ നിർമാണം പൂർത്തിയാകുമ്പോൾ ഈ പ്രശ്നത്തിന് പരിഹാരമാകുമെന്നുമാണ് ട്രസ്റ്റ് ചെയർപേഴ്സൺ നൃപേന്ദ്ര മിശ്ര വിശദീകരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

