Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightIndiachevron_rightറോഡിലെ ‘മരണക്കുഴികൾ’...

റോഡിലെ ‘മരണക്കുഴികൾ’ കവർന്നത് 9,438 ജീവൻ; പകുതിയിലേറെയും യു.പിയിൽ

text_fields
bookmark_border
റോഡിലെ ‘മരണക്കുഴികൾ’ കവർന്നത് 9,438 ജീവൻ; പകുതിയിലേറെയും യു.പിയിൽ
cancel

മുംബൈ: അഞ്ച് വർഷത്തിനിടെ രാജ്യത്തെ റോഡുകളിലെ കുഴികൾ കാരണം ജീവൻ നഷ്ടപ്പെട്ടത് 9438 പേർക്ക്. 9625 പേർക്ക് ഗുരുതര പരിക്കേറ്റതായും ഔദ്യോഗിക രേഖകൾ പറയുന്നു. പകുതിയിലേറെ മരണങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടത് ഉത്തർ പ്രദേശിലാണ്. 5127 പേർക്കാണ് ബി.ജെ.പി ഭരിക്കുന്ന യു.പിയിൽ ജീവൻ പോയത്. അതേസമയം, ആന്ധ്രാപ്രദേശ്, ബീഹാർ, ഗോവ, ചണ്ഡീഗഡ് തുടങ്ങിയ ആറിലേറെ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും ഇക്കാലയളവിൽ റോഡിലെ കുഴികൾ കാരണം ഒരു അപകട മരണം പോലുമുണ്ടായിട്ടില്ല. റോഡ്, ഗതാഗത മന്ത്രാലയം ലോക്സഭയിൽ പുറത്തുവിട്ട രേഖയിലാണ് അപകട മരണക്കണക്കുകൾ വ്യക്തമാക്കുന്നത്. 2020ലെ കോവിഡ് കാലത്ത് 1,555 ആയിരുന്ന റോഡിലെ കുഴി അപകട മരണസംഖ്യ 2024ൽ 2,385 ആയി വർധിച്ചു. അതായത് 53 ശതമാനത്തിന്റെ വളർച്ച. ഗുരുതര പരിക്കേറ്റവരുടെ എണ്ണം 1627ൽനിന്ന് 2238 ആയി ഉയർന്നു.

റോഡിലെ കുഴികൾ കാരണം മരിച്ചവരുടെ പട്ടികയിൽ ആന്ധ്രപ്രദേശാണ് രണ്ടാം സ്ഥാനത്ത്. 969 പേർക്കാണ് അവിടെ ജീവൻ നഷ്ടപ്പെട്ടത്. തമിഴ്നാട്ടിൽ 612 പേരുടെയും ഒഡിഷയിൽ 425 പേരുടെയും പഞ്ചാബിൽ 414 പേരുടെയും ജീവൻ കവർന്നതായി റിപ്പോർട്ട് പറയുന്നു. രാജ്യത്തിന്റെ തലസ്ഥാനമായ ഡൽഹിയിൽ 50 പേർ മരിച്ചു. കഴിഞ്ഞ വർഷത്തെ റോഡ് അപകട വിവരങ്ങൾ അടങ്ങിയ പൂർണ റിപ്പോർട്ട് സർക്കാർ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മണിപ്പൂർ, നാഗാലാൻഡ്, ത്രിപുര തുടങ്ങിയ സംസ്ഥാനങ്ങളിൽ കുഴികൾ മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെങ്കിലും ആന്ധ്രാപ്രദേശ്, ബീഹാർ തുടങ്ങിയ ശക്തമായ റോഡ്​ നെറ്റ്‍വർക്കുള്ള വലിയ സംസ്ഥാനങ്ങളിൽ ഇത്തരം ഒരു മരണവും ഉണ്ടായിട്ടില്ലെന്നത് അതിശയകരമാണെന്ന് ഇതു സംബന്ധിച്ച് പഠനം നടത്തിയ വിദഗ്ധൻ പറഞ്ഞു.

അതേസമയം, 2017ൽ റോഡിലെ കുഴികൾ കാരണം അപകടങ്ങളിൽ മരിച്ചവരുടെ എണ്ണം 3,597 ആയിരുന്നു. ഇതിനു ശേഷം മരണസംഖ്യ ഗണ്യമായി കുറഞ്ഞതായി ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 2017ൽ ഇന്ത്യയിലുടനീളം 3,597 റോഡിലെ കുഴികൾ കാരണം കൊല്ലപ്പെട്ടന്ന മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി അടിയന്തര നടപടി സ്വീകരിക്കാൻ 2018ൽ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിരുന്നു. റോഡിലെ കുഴികൾ ഒഴിവാക്കുന്നതിന് നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ ഉത്തരവാദിത്തം നിർവഹിക്കാത്തതാണ് അപകടങ്ങളിൽ നിരവധി പേർക്ക് ജീവൻ നഷ്ടപ്പെടാൻ കാരണമെന്നും കോടതി നിരീക്ഷിച്ചിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:pothole on the roadroad accident rateAuto News
News Summary - Potholes killed 9,438 in five years
Next Story