‘രാമ’നായി രാഹുലും ‘ലക്ഷ്മണ’നായി അജയ് റായിയും, വോട്ടു കൊള്ളക്കാരനായി ‘രാവണൻ’; യു.പിയിൽ പോസ്റ്ററിനെ ചൊല്ലി ബി.ജെ.പി-കോൺഗ്രസ് വാക്ക്പോര്
text_fieldsലഖ്നോ: ദസറ ആഘോഷങ്ങളുടെ ഭാഗമായി ലഖ്നോവിലെ കോൺഗ്രസ് പാർട്ടി ആസ്ഥാനത്തിനു മുന്നിൽ സ്ഥാപിച്ച പോസ്റ്ററിനെ ചൊല്ലി കോൺഗ്രസ്-ബി.ജെ.പി വാക്ക്പോര്. ലോക്സഭാ പ്രതിപക്ഷ നേതാവും റായ്ബറേലി എം.പിയുമായ രാഹുൽ ഗാന്ധിയെ ഭഗവാൻ രാമനായും ഉത്തർപ്രദേശ് കോൺഗ്രസ് അധ്യക്ഷൻ അയജ് റായിയെ ലക്ഷ്മണനായും ചിത്രീകരിക്കുന്ന പോസ്റ്ററിൽ രാവണനെയും ഉൾപ്പെടുത്തിയിട്ടുണ്ട്.
അമ്പും വില്ലും ഉപയോഗിച്ച് രാവണനെ വധിക്കുന്നതാണ് പോസ്റ്റർ. രാവണന്‍റെ തലയിൽ വോട്ടുക്കൊള്ള, ഇ.ഡി, അഴിമതി, വിലക്കയറ്റം, തെരഞ്ഞെടുപ്പ് കമീഷൻ എന്നിങ്ങനെ എഴുതിയിട്ടുണ്ട്. അയോധ്യയിലെ രാമക്ഷേത്രം ഇതുവരെ സന്ദർശിക്കാത്ത രാഹുൽ ഗാന്ധിയെയാണ് രാമനായി ചിത്രീകരിക്കുന്നതെന്ന് ബി.ജെ.പി വിമർശിച്ചു.
‘അവർ രാമ വിരുദ്ധരാണ്, സനാതന ധർമത്തെ ബഹുമാനിക്കാൻ അറിയാത്തവരാണ്, അയോധ്യ ക്ഷേത്രത്തിൽ ഇതുവരെ ദർശനം നടത്തിയിട്ടില്ല. അവരാണ് ഇന്ന് സ്വയം രാമനാകാൻ ശ്രമിക്കുന്നത്’ -ബി.ജെ.പി വക്താവ് രാകേഷ് ത്രിപാഠി കുറ്റപ്പെടുത്തി. ഹിന്ദു ദൈവങ്ങളെയും ദേവതകളെയും അപമാനിക്കുന്നത് ശീലമാക്കിയവരാണ് കോൺഗ്രസും അവരുടെ നേതാക്കളെന്നും അദ്ദേഹം വിമർശിച്ചു. ഹിന്ദു സമുദായത്തിന്‍റെ സംരക്ഷകരാകാൻ ബി.ജെ.പിയെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് എൻ.എസ്.യു വൈസ് പ്രസിഡന്‍റ് ആര്യൻ മിഷ പ്രതികരിച്ചു.
പോസ്റ്ററിൽ തെറ്റായി ഒന്നുമില്ല. രാഹുൽ ഗാന്ധിയെ ശ്രീരാമനായും സംസ്ഥാന പ്രസിഡന്റ് അജയ് റായിയെ ലക്ഷ്മണായും ചിത്രീകരിക്കുന്നതാണ് ബാനർ. വെറുപ്പിനും അഴിമതിക്കും എതിരെ പോരാടുന്നതിലൂടെ രാഹുൽ ഗാന്ധിയാണ് യഥാർഥത്തിൽ രാമന്റെ വഴിയിലൂടെ സഞ്ചരിക്കുന്നത്. ബി.ജെ.പി നേതാക്കൾ സ്വന്തം നേട്ടത്തിനായി മാത്രമേ രാമനെക്കുറിച്ച് സംസാരിക്കുന്നുള്ളൂ, രാമന്‍റെ ആശയങ്ങളിൽ വിശ്വസിക്കുന്നില്ലെന്നും ആര്യൻ മിഷ വിമർശിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

