തപാൽ പിൻകോഡിന് 50 വയസ് തികഞ്ഞു
text_fieldsന്യൂഡൽഹി: ഇന്ത്യയിലെ തപാൽ ഓഫിസുകളെ വർഗീകരിക്കാൻ ഇന്ത്യൻ പോസ്റ്റൽ സർവീസ് ഉപയോഗിക്കുന്ന പോസ്റ്റ് കോഡ് സമ്പ്രദായം അഥവാ പോസ്റ്റൽ ഇൻഡക്സ് നമ്പർ(പിൻകോഡ്) നിലവിൽ വന്നിട്ട് 50 വർഷം തികഞ്ഞു. ആറ് അക്കങ്ങളുള്ള സംഖ്യയാണ് പിൻകോഡ്. 1972 ആഗസ്റ്റ് 15നാണ് പിൻകോഡ് സമ്പ്രദായം നിലവിൽ വന്നത്. ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ 75ാം വാർഷികം ആഘോഷിക്കുന്ന വേളയിൽ ആണ് പിൻകോഡിനും 50 വയസ് തികയുന്നത്.
ഏരിയ കോഡ്, സിപ് കോഡ് എന്ന പേരുകളിലും ഇത് അറിയപ്പെടാറുണ്ട്. അയക്കുന്ന കവറിനു പുറത്ത് പിൻകോഡ് എഴുതിയിട്ടുണ്ടെങ്കിൽ പോസ്റ്റ്മാന് എളുപ്പത്തിൽ സ്വീകർത്താക്കളെ കണ്ടുപിടിക്കാൻ സാധിക്കും. ഇന്ത്യയിൽ ശ്രീറാം ഭികാജി വേളാങ്കർ ആണ് ആദ്യമായി പിൻകോഡ് സമ്പ്രദായം അവതരിപ്പിച്ചത്. പോസ്റ്റ്സ് ആൻഡ് ടെലഗ്രാം ബോർഡിലെ മുതിർന്ന അംഗമായിരുന്ന അദ്ദേഹം കേന്ദ്ര വാർത്ത വിനിമയ മന്ത്രാലയത്തിലെ അഡീഷണൽ സെക്രട്ടറിയായിരുന്നു.
സംസ്കൃതം ഭാഷക്ക് നൽകിയ സംഭാവനകൾ പരിഗണിച്ച് അദ്ദേഹത്തിന് രാഷ്ട്രപതി പുരസ്കാരം നൽകിയിരുന്നു. സംസ്കൃതത്തിലെ അറിയപ്പെടുന്ന കവി കൂടിയായിരുന്നു അദ്ദേഹം. 1999 മുംബൈയിലാണ് അദ്ദേഹം അന്തരിച്ചത്.
നമ്മുടെ രാജ്യത്തെ മിക്ക സ്ഥലങ്ങളുടെ പേരുകൾക്ക് ആവർത്തനമുള്ളതിനാൽ പിൻകോഡ് അനിവാര്യമായിരുന്നു. വിവിധ ഭാഷകളിൽ ആളുകൾ അഡ്രസ് എഴുതുന്നതും തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടാക്കി. എന്നാൽ കോഡ് സമ്പ്രദായം വന്നതോടെ പോസ്റ്റ്മാന് എളുപ്പത്തിൽ എഴുത്തുകുത്തുകളിൽ സൂചിപ്പിച്ച ആളെ കണ്ടെത്താൻ കഴിഞ്ഞു.
ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളെയും കേന്ദ്രഭരണപ്രദേശങ്ങളെയും എട്ട് പിൻ മേഖലകളായി തിരിച്ചിരിക്കുന്നു. പിൻകോഡിലെ ആദ്യ അക്കം ആ പോസ്റ്റ് ഓഫിസ് ഈ എട്ടു മേഖലകളിൽ ഏതിൽ ഉൾപ്പെടുന്നു എന്നു സൂചിപ്പിക്കുന്നു. പോസ്റ്റ് ഓഫീസ് ഉൾപ്പെടുന്ന ഉപമേഖലയെ പ്രതിനിധാനം ചെയ്യുന്നതിനാണ് രണ്ടാമത്തെ അക്കം. ഒരു പോസ്റ്റ് ഓഫിസിലേക്കുള്ള തപാൽ ഉരുപ്പടികൾ വർഗീകരിക്കുന്ന സോർട്ടിങ് ജില്ലയെ മൂന്നാമത്തെ അക്കം സൂചിപ്പിക്കുന്നു. അവസാനത്തെ മൂന്ന് അക്കങ്ങൾ ഒരോ പോസ്റ്റ് ഓഫിസിനെയും പ്രതിനിധീകരിക്കുന്നു.
2013 സെപ്റ്റംബർ 26 ന് സുപ്രീം കോടതിയുടെ പിൻ 110201 ആയി പ്രഖ്യാപിച്ചുവെങ്കിലും 2019 ഒക്ടോബറിൽ അത് പിൻവലിച്ചു. നിലവിൽ ഡൽഹിയുടെ പിൻകോഡ് ആയ 110001 തന്നെ ആണ് സുപ്രീംകോടതിയുടെയും പിൻകോഡ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

