തപാൽ വകുപ്പിന്റെ വരുമാനം 15,296 കോടി; ചരിത്രനേട്ടം
text_fieldsന്യൂഡൽഹി: സേവന മേഖലയിലെ വൈവിധ്യവത്കരണത്തിലൂടെ റെക്കോഡ് വരുമാനവുമായി തപാൽ വകുപ്പ്. 2025-26 സാമ്പത്തിക വർഷത്തെ റിപ്പോർട്ട് പ്രകാരം മുൻ വർഷത്തേക്കാൾ വരുമാനത്തിൽ 16 ശതമാനം വർധനവുണ്ടായതായി കേന്ദ്ര വാർത്താവിനിമയ മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ അറിയിച്ചു. വിവിധ മേഖലകളിൽ കാര്യക്ഷമമായ പ്രവർത്തന മികവിലൂടെ കഴിഞ്ഞ സാമ്പത്തിക വർഷം 15,296 കോടിയാണ് തപാൽ വകുപ്പ് വരുമാനമുണ്ടാക്കിയത്. വകുപ്പിന്റെ വാർഷിക ബിസിനസ് മീറ്റിലായിരുന്നു മന്ത്രിയുടെ പ്രഖ്യാപനം. വരുമാനത്തിൽ ചരിത്ര നേട്ടമാണിതെന്ന് മന്ത്രി പറഞ്ഞു. 2024-25 സാമ്പത്തിക വർഷത്തിൽ 13,218 കോടിയായിരുന്നു വരുമാനം.
കഴിഞ്ഞ വർഷങ്ങളിലായി 15 ശതമാനത്തിലധികം വളർച്ചാ നിരക്കിലെത്തിയതിന്റെ തുടർച്ചയായാണ് ഈ വർഷത്തെയും നേട്ടമെന്ന് മന്ത്രി വിശദീകരിച്ചു. തപാൽ വകുപ്പിന്റെ 23ൽ എട്ട് സർക്കിളുകൾ തങ്ങളുടെ ലക്ഷ്യത്തിന്റെ 90 ശതമാനത്തിന് മുകളിൽ വരുമാനം നേടി. 14 സർക്കിളുകൾ 80-90 ശതമാനവും കൈവരിച്ചു. സാങ്കേതിക മാറ്റത്തിനനുസരിച്ച് സേവനങ്ങൾ പുതിയ തലത്തിലേക്ക് വൈവിധ്യവത്കരിച്ചാണ് തപാൽ വിഭാഗം റെക്കോഡ് നേട്ടത്തിലേക്ക് കുതിക്കുന്നത്.
മുൻകാലങ്ങളിൽ കത്തുകൾ ലക്ഷ്യസ്ഥാനങ്ങളിലെത്തിക്കുന്ന സേവനത്തിലൊതുങ്ങിയ തപാൽ വിഭാഗം ഇന്ന് പാഴ്സൽ, പോസ്റ്റോഫിസ് സേവിങ്സ് ബാങ്ക്, അന്താരാഷ്ട്ര മെയിൽ വിഭാഗം തുടങ്ങിയ മേഖലകളിലും സജീവമാണ്. പാഴ്സൽ വിഭാഗത്തിൽ മുൻ വർഷത്തേക്കാൾ 69 ശതമാനം വളർച്ച നേടി 1133 കോടി രൂപ വരുമാനനേട്ടമുണ്ടാക്കാൻ കഴിഞ്ഞതായി റിപ്പോർട്ട് അവകാശപ്പെടുന്നു. ഝാർഖണ്ഡ്, തെലങ്കാന, ഗുജറാത്ത് സർക്കിളുകളാണ് മുൻനിരയിൽ. മെയിൽ സേവനത്തിൽ 3202 കോടിയാണ് വരുമാനം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

