തപാൽ വോട്ടുകൾ ഫലംതന്നെ മാറ്റിമറിച്ചേക്കും; ആദ്യം എണ്ണണമെന്ന് ഇൻഡ്യ
text_fieldsന്യൂഡൽഹി: ഈ ലോക്സഭ തെരഞ്ഞെടുപ്പിൽ തപാൽ വോട്ടുകൾ നിർണായകമാകുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ വസതിയിൽ ചേർന്ന ‘ഇൻഡ്യ’ നേതാക്കളുടെ യോഗം വിലയിരുത്തി. തപാൽ വോട്ടുകൾ ആദ്യമെണ്ണണമെന്ന് സഖ്യം ആവശ്യപ്പെട്ടത് ഇത്തരമൊരു സാഹചര്യത്തിലാണെന്ന് നേതാക്കൾ പറഞ്ഞു.
കൂടുതൽ ആളുകൾക്ക് തപാൽ വോട്ടുകൾ ചെയ്യാൻ പാകത്തിൽ തെരഞ്ഞെടുപ്പ് കമീഷൻ കൊണ്ടുവന്ന മാറ്റം ഈ തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്ന് എ.ഐ.സി.സി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ പറഞ്ഞു. 20,000 തപാൽ വോട്ടുകളൊക്കെയാണ് ഒരു മണ്ഡലത്തിലുള്ളത്. ഫലംതന്നെ മാറ്റിമറിക്കാൻ പര്യാപ്തമാണിവയെന്നും വേണുഗോപാൽ കൂട്ടിച്ചേർത്തു.
തപാൽ വോട്ടുകൾ ആദ്യമെണ്ണിയ ശേഷം വോട്ടുയന്ത്രങ്ങൾ തുറക്കാറായിരുന്നു മുമ്പ് കമീഷൻ ചെയ്തിരുന്നതെന്നും എന്നാൽ, ബിഹാർ നിയമസഭ തെരഞ്ഞെടുപ്പിൽ പല ജില്ല മജിസ്ട്രേറ്റുമാരും ഇതിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്നും സി.പി.എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി പറഞ്ഞു. വോട്ടുയന്ത്രത്തിലെ വോട്ടെണ്ണൽ കഴിഞ്ഞ ശേഷം തപാൽ വോട്ടുകളെണ്ണിയത് പല മണ്ഡലങ്ങളിലും പ്രശ്നങ്ങൾക്കിടയാക്കി.
ഇത്തരമൊരു നീക്കം ലോക്സഭ തെരഞ്ഞെടുപ്പിൽ ഉണ്ടാകരുതെന്ന് ഇൻഡ്യ സഖ്യം കമീഷന് നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടിരുന്നു. ആവശ്യം അംഗീകരിച്ച കമീഷൻ ആദ്യം തപാൽ വോട്ടുകൾ എണ്ണാമെന്ന് അറിയിച്ചിട്ടുണ്ടെന്ന് യെച്ചൂരി പറഞ്ഞു. തപാൽ വോട്ടുകളുടെ കാര്യത്തിൽ നൽകിയ ഉറപ്പ് പാലിക്കപ്പെടുന്ന തരത്തിൽ അത്തരമൊരു നിർദേശം എല്ലാ ജില്ല മജിസ്ട്രേറ്റുമാർക്കും നൽകണമെന്ന് കമീഷനുമായുള്ള കൂടിക്കാഴ്ചയിൽ ഉന്നയിക്കുമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

