ചത്ത പാറ്റയുടെ ചിത്രം പങ്കുവെച്ച് സി.ജെ.പിയ്ക്കെതിരെ പോസ്റ്റ്; സി.ആർ.പി.എഫ് വനിത ഓഫിസറോട് വിശദീകരണം തേടും
text_fieldsന്യൂഡൽഹി: ഡൽഹിയിൽ നടക്കുന്ന സി.ജെ.പി പ്രതിഷേധവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ വിവാദ പോസ്റ്റ് പങ്കുവെച്ചതിന് വെട്ടിലായി സി.ആർ.പി.എഫ് വനിത ഓഫിസർ. സമൂഹ മാധ്യമങ്ങളിൽ വൻ വിമർശനങ്ങൾക്കിടയായ പ്രസ്തുത പോസ്റ്റിനെ സംബന്ധിച്ച് വിശദീകരണം തേടിയേക്കുമെന്ന് കേന്ദ്ര സേന. സമൂഹ മാധ്യമങ്ങൾ ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ടുള്ള സി.ആർ.പി.എഫിന്റെ മാർഗ നിർദേശങ്ങൾ ഉദ്യോഗസ്ഥ ലംഘിച്ചോ എന്നത് പരിശോധിക്കുമെന്നും സി.ആർ.പി.എഫ് വ്യക്തമാക്കി.
ജൂലൈ 20ന് ജന്തർമന്തറിൽനിന്ന് പാർലമെന്റിലേക്ക് നടന്ന മാർച്ചിൽ സുരക്ഷ ചുമതലയിലുണ്ടായിരുന്ന ആർ.എ.എഫ് അസിസ്റ്റന്റ് കമാൻഡന്റ് സോണിയ സെഹ്‌രാവതാണ് സി.ജെ.പിക്കെതിരെ വിവാദ പോസ്റ്റിട്ടത്. ഒരു ചത്ത പാറ്റയുടെ ചിത്രത്തോടൊപ്പം "സ്വയം നന്നാകാൻ കഴിയാത്തവരാണ് രാജ്യം നന്നാക്കാൻ ഇറങ്ങിയിരിക്കുന്നത്" എന്ന വാചകവും ചിരിക്കുന്ന ഇമോജിയുമാണ് ഇവർ പങ്കുവെച്ചത്. പോസ്റ്റ് നിമിഷങ്ങൾക്കകം വൈറലാവുകയും കോക്രോച്ച് ജനതാ പാർട്ടി പ്രവർത്തകരിൽനിന്നും പ്രതിപക്ഷ നേതാക്കളിൽ നിന്നും കടുത്ത വിമർശനം ഉയരുകയും ചെയ്തതോടെ ഇത് അക്കൗണ്ടിൽനിന്നും നീക്കം ചെയ്തു. '3star_sonia' എന്ന ഇവരുടെ ഇൻസ്റ്റാഗ്രാം ഹാൻഡിലിൽനിന്നാണ് വിവാദ പോസ്റ്റ് വന്നിരുന്നത്.
2023-ൽ ഡയറക്ടർ ജനറൽ എസ്.എൽ. താവോസന്റെ നേതൃത്വത്തിൽ സി.ആർ.പി.എഫ് ജീവനക്കാർക്കായി കർശനമായ സോഷ്യൽ മീഡിയ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചിരുന്നു. വ്യക്തിപരമായ പരാതികൾ സമൂഹമാധ്യമങ്ങളിലൂടെ പരസ്യപ്പെടുത്തരുത്, ദേഷ്യത്തിലോ പ്രതികാരബുദ്ധിയിലോ മദ്യലഹരിയിലോ പോസ്റ്റുകൾ പങ്കുവെക്കരുത്, ഔദ്യോഗിക രഹസ്യങ്ങളോ തന്ത്രപ്രധാനമായ വിവരങ്ങളോ ജോലി ചെയ്യുന്ന സ്ഥലത്തിന്റെ വിവരങ്ങളോ വെളിപ്പെടുത്തരുത് എന്നിവയാണ് ഈ നിർദ്ദേശങ്ങളിൽ പ്രധാനം. ഈ ചട്ടങ്ങളുടെ ലംഘനമാണോ ഉദ്യോഗസ്ഥയുടെ ഭാഗത്തുനിന്ന് ഉണ്ടായതെന്നാണ് സേന ഇപ്പോൾ പരിശോധിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

