'സമാജ്‌വാദി പാർട്ടിയിൽ പിളർപ്പിന് സാധ്യത'; മുഴുവൻ പാർട്ടിയും ബി.ജെ.പിയിൽ ചേരാൻ തയാറെന്ന് ഉത്തർപ്രദേശ് മന്ത്രി ഒ.പി. രാജ്ഭർ
text_fieldsന്യൂഡൽഹി: പശ്ചിമ ബംഗാളിലെ തൃണമൂൽ കോൺഗ്രസിലെ രാഷ്ട്രീയ അനിശ്ചിതത്വങ്ങൾക്കും മഹാരാഷ്ട്രയിലെ ശിവസേന (യു.ബി.ടി) പിളരുമെന്ന അഭ്യൂഹങ്ങൾക്കും പിന്നാലെ, ഉത്തർപ്രദേശിലെ സമാജ്‌വാദി പാർട്ടിയിലും വലിയൊരു രാഷ്ട്രീയ മാറ്റത്തിന് സാധ്യതയേറുന്നു. മുൻ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള സമാജ്‌വാദി പാർട്ടിയിൽ നിന്ന് വലിയൊരു വിഭാഗം നേതാക്കൾ ഉടൻ പാർട്ടി വിടുമെന്നാണ് ഉത്തർപ്രദേശ് മന്ത്രിയും സുഹൽദേവ് ഭാരതീയ സമാജ് പാർട്ടി തലവനുമായ ഒ.പി. രാജ്ഭർ അവകാശപ്പെടുന്നത്.
എക്സ് പ്ലാറ്റ്‌ഫോമിലൂടെയാണ് രാജ്ഭർ ഈ ഞെട്ടിക്കുന്ന ആരോപണം ഉന്നയിച്ചിരിക്കുന്നത്. അഴിമതി കേസുകളിൽ ഉൾപ്പെട്ടതിനെത്തുടർന്നുണ്ടായ കടുത്ത സമ്മർദ്ദത്താൽ മുതിർന്ന എസ്പി നേതാവ് രാം ഗോപാൽ യാദവ് കേന്ദ്ര സർക്കാരിനെ സമീപിച്ചതായും, പാർട്ടിയെ ബി.ജെ.പിയിലേക്ക് മാറ്റാൻ നിരവധി നേതാക്കൾ തയാറെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'സമാജ്‌വാദി പാർട്ടിയിൽ ഉടൻ തന്നെ വലിയ ഒരു പിളർപ്പ് സംഭവിക്കും. രാം ഗോപാൽ യാദവ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാജിക്ക് കത്ത് നൽകിയിട്ടുണ്ട്. മൈനിങ് അഴിമതിയുടെയും ഗോമതി റിവർ ഫ്രണ്ട് അഴിമതിയുടെയും സൂത്രധാരൻ ആരാണെന്ന് ഉത്തർപ്രദേശിലെ എല്ലാവർക്കും അറിയാം. നിയമത്തിന്റെ പിടി മുറുകുമ്പോൾ എസ്പി നേതൃത്വം പരിഭ്രാന്തിയിലാണ്,' രാജ്ഭർ കുറിച്ചു.
മഹാരാഷ്ട്രയിലെയും ബംഗാളിലെയും സംഭവവികാസങ്ങൾ മാത്രമല്ല, സമാജ്‌വാദി പാർട്ടിയിലെ മുഴുവൻ നേതാക്കളും ബി.ജെ.പിയിൽ ചേരാൻ തയാറായി ഇരിക്കുകയാണെന്നും രാജ്ഭർ കൂട്ടിച്ചേർത്തു. എന്നാൽ ഈ ഗുരുതരമായ ആരോപണങ്ങളോട് സമാജ്‌വാദി പാർട്ടിയോ ബി.ജെ.പിയോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. രാജ്യത്തെ മറ്റ് രണ്ട് പ്രധാന പ്രതിപക്ഷ പാർട്ടികൾ ആഭ്യന്തര കലാപങ്ങളെ നേരിട്ടു കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തിൽ രാജ്ഭറിന്റെ ഈ പ്രസ്താവന ഇന്ത്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

