സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനെവാലെ ചമഞ്ഞ് തട്ടിപ്പ്; ഏഴുപേർ അറസ്റ്റിൽ
text_fieldsമുംബൈ: സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അഡാർ പൂനെവാലെയെന്ന് തെറ്റിദ്ധരിപ്പിച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് 1.01 കോടി രൂപ തട്ടിച്ച കേസിൽ ഏഴുപേർ അറസ്റ്റിൽ. പുനെ പൊലീസാണ് ഏഴുപേരെ ഇന്ന് അറസ്റ്റ് ചെയ്ത വിവരം മാധ്യമങ്ങളെ അറിയിച്ചത്. സെറം ഇൻസ്റ്റിറ്റ്യൂട്ടിന്‍റെ ഡയറക്ടർമാരിലൊരാളായ സതീഷ് ദേശ്പാണ്ഡെ നൽകിയ പരാതി പ്രകാരമാണ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്.
2022 സെപ്റ്റംബറിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട് സി.ഇ.ഒ അദാർ പൂനെവാലെയിൽ നിന്ന് ലഭിച്ച വാ്ടസ് ആപ്പ് സന്ദേശമനുസരിച്ച് വിവിധ അക്കൗണ്ടുകളിലേക്കായി 1.01 കോടി രൂപ കൈമാറിയെന്നായിരുന്നു പരാതി. എന്നാൽ താൻ പണം ആവശ്യപ്പെട്ടിട്ടില്ലെന്ന് അദാർ അറിയിച്ചപ്പോൾ മാത്രമാണ് തട്ടിപ്പിനിരയായതാണെന്ന് സന്ദീപ് ദേശ് പാണ്ഡെക്ക് മനസിലായത്. തുടർന്ന് പരാതി നൽകുകയായിരുന്നു. പൊലീസ് ഉടൻ തന്നെ പണമയച്ച എട്ട് അക്കൗണ്ടുകളും പൂട്ടിച്ചു.
നിലവിൽ അറസ്റ്റിലായ ഏഴുപേരുടെയും അക്കൗണ്ടുകളിലേക്കാണ് പണം അയപ്പിച്ചത്. ഇവർ രാജ്യതിന്റെ വിവിധ ഭാഗങ്ങളിലാണുള്ളത്. എന്നാൽ പ്രധാന പ്രതിയെ ഇതുവരെ പിടികൂടാനായിട്ടില്ല. -ഡെപ്യൂട്ടി പൊലീസ് കമ്മീഷണർ സ്മാർഥന പാട്ടീൽ പറഞ്ഞു. ഈ അക്കൗണ്ടുകളും പണം പിന്നീട് മാറ്റിയ 40 മറ്റ് അക്കൗണ്ടുകളും കണ്ടെത്തി പൂട്ടിച്ചുവെന്നും ഈ അക്കൗണ്ടുകളിലായി 13 ലക്ഷം രൂപ മരവിപ്പിച്ചു നിർത്തിയിരിക്കുകയാണെന്നും അവർ കൂട്ടിച്ചേർത്തു.