കോൺഗ്രസ് ഭരണകാലത്ത് വൈദ്യുതി കുറഞ്ഞതാണ് ജനസംഖ്യാ വർധനക്ക് കാരണമെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി
text_fieldsവൈദ്യുതി ലഭ്യത കുറഞ്ഞതാണ് കോൺഗ്രസിന്റെ കീഴിൽ ജനസംഖ്യ വർധിക്കാൻ കാരണമായതെന്ന് കേന്ദ്രമന്ത്രി പ്രഹ്ലാദ് ജോഷി. കർണാടകയിൽ പരിപാടിയിൽ സംബന്ധിക്കവെയാണ് മന്ത്രിയുടെ വിവാദ കമന്‍റ്. കർണാടകയിൽ അധികാരത്തിലെത്തിയാൽ സൗജന്യ വൈദ്യുതി നൽകുമെന്ന കോൺഗ്രസിന്‍റെ തെരഞ്ഞെടുപ്പ് വാഗ്ദാനത്തിനെതിരെ കോൺഗ്രസിനെ പരിഹസിച്ചു സംസാരിക്കുകയായിരുന്നു ജോഷി. തങ്ങളുടെ ഭരണകാലത്ത് കോൺഗ്രസ് വൈദ്യുതി നൽകിയില്ലെന്നും ഇത് ജനസംഖ്യാ വർദ്ധനവിന് കാരണമായെന്നും പ്രഹ്ലാദ് ജോഷി പറഞ്ഞു.
'ഇപ്പോൾ, സൗജന്യ വൈദ്യുതി നൽകുമെന്ന് കോൺഗ്രസ് പറയുന്നു. അവർ സൗജന്യമായി വൈദ്യുതി നൽകുമെന്ന് നിങ്ങൾ വിശ്വസിക്കുന്നുണ്ടോ? അവരുടെ കാലഘട്ടത്തിൽ അവർ ഒരിക്കലും വൈദ്യുതി നൽകിയിരുന്നില്ല. ഗ്രാമങ്ങളിൽ ഒരിക്കലും വൈദ്യുതി ഉണ്ടായിരുന്നില്ല. പ്രധാനമന്ത്രി മോദി അധികാരത്തിൽ വന്നതിന് ശേഷം 24 മണിക്കൂറും വൈദ്യുതി നൽകാൻ ഞങ്ങൾക്ക് കഴിഞ്ഞു -പ്രഹ്ലാദ് ജോഷി പറഞ്ഞു. കോൺഗ്രസ് വൈദ്യുതി കുറച്ചുനൽകിയിരുന്നതിനാൽ ഞങ്ങളുടെ ജനസംഖ്യ വർദ്ധിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മേയ് മാസത്തോടെ തെരഞ്ഞെടുപ്പ് നടക്കാൻ സാധ്യതയുള്ള കർണാടകയിലാണ് ബി.ജെ.പി നേതാവ് കൂടിയായ മന്ത്രിയുടെ വിവാദ പരാമർശം. കർണാടക തെരഞ്ഞെടുപ്പിൽ വിജയിച്ചാൽ എല്ലാ മാസവും 200 യൂനിറ്റ് സൗജന്യ വൈദ്യുതിയാണ് കർണാടക കോൺഗ്രസ് വാഗ്ദാനം ചെയ്തിരിക്കുന്നത്. ജനുവരിയിൽ സംസ്ഥാനവ്യാപകമായി നടത്തിയ ബസ് പര്യടനമായ പ്രജാധ്വനി യാത്രയിലാണ് കോൺഗ്രസ് പ്രഖ്യാപനം നടത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

