ജനസംഖ്യാ അസന്തുലിതാവസ്ഥ: കാരണം മതപരിവർത്തനവും കുറഞ്ഞ ജനനനിരക്കും -മോഹൻ ഭാഗവത്
text_fieldsമുംബൈ: മതപരിവർത്തനം, നുഴഞ്ഞുകയറ്റം, കുറഞ്ഞ ജനനനിരക്ക് എന്നിവയാണ് രാജ്യത്തെ ജനസംഖ്യാ അസന്തുലിതത്വത്തിന് മുഖ്യ കാരണങ്ങളെന്ന് ആർ.എസ്.എസ് അധ്യക്ഷൻ മോഹൻ ഭാഗവത്. ആർ.എസ്.എസ് ശതാബ്ദിയോടനുബന്ധിച്ച് സംഘടിപ്പിച്ച സംവാദ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കുടുംബങ്ങളിൽ മൂന്ന് കുട്ടികൾ വേണമെന്നാണ് ശാസ്ത്രീയ പഠനങ്ങൾ സൂചിപ്പിക്കുന്നതെന്നും അതേസമയം, ഇത് ഓരോരുത്തരുടെയും ഇഷ്ടാനുസരണം നടപ്പാക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. നിർബന്ധിച്ചും പ്രലോഭനത്തിലൂടെയും മതത്തിൽ ആളെക്കൂട്ടുന്നതിനെ അദ്ദേഹം അപലപിച്ചു. ആദ്യ വിശ്വാസത്തിലേക്ക് മടങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഘർ വാപ്പസിയാണ് ഉത്തരമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഏകീകൃത സിവിൽകോഡ് എല്ലാവരെയും വിശ്വാസത്തിലെടുത്ത് സമവായത്തോടെ വേണം നടപ്പാക്കാനെന്നും മോഹൻ ഭാഗവത് പറഞ്ഞു.
ബി.ജെ.പി അധികാരത്തിലെത്തിയപ്പോൾ ആർ.എസ്.എസിന് ‘അച്ഛേ ദിൻ’ (നല്ല ദിവസങ്ങൾ) വന്നോ എന്ന ചോദ്യത്തിന് തിരിച്ചാണ് സംഭവിച്ചതെന്നായിരുന്നു മറുപടി. അയോധ്യയിൽ രാമക്ഷേത്രം നിർമിക്കാൻ ആർ.എസ്.എസ് പ്രതിജ്ഞാ ബദ്ധമായിരുന്നുവെന്നും അതിനെ പിന്തുണച്ചവർക്ക് ഗുണം കിട്ടിയെന്നും അദ്ദേഹം പറഞ്ഞു.
രാജ്യത്ത് ഭൂരിപക്ഷ, ന്യൂനപക്ഷ സമുദായങ്ങളില്ലെന്നും എല്ലാവരും ഒരു സമൂഹമാണെന്നും മോഹൻ ഭാഗവത് പറഞ്ഞു. മുസ്ലിം, ക്രൈസ്തവ സമുദായങ്ങളുമായി പരസ്പര വിശ്വാസവും സൗഹൃദവും സംവാദവും ഉണ്ടാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇസ്ലാമിനെ സമാധാനത്തിന്റെ മതം എന്ന് വിളിക്കുന്നു; പക്ഷേ, സമാധാനം കാണുന്നില്ല. ഇന്ന് ഇസ്ലാമിലും ക്രിസ്തുമതത്തിലും കാണുന്നത് യേശുക്രിസ്തുവിന്റെയും പ്രവാചകൻ മുഹമ്മദ് നബിയുടെയും പഠിപ്പിക്കലുകൾക്കനുസരിച്ചുള്ള രീതികളല്ല. നമുക്ക് യഥാർഥ ഇസ്ലാമിന്റെയും ക്രിസ്തുമതത്തിന്റെയും രീതികളാണ് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. സംഘ് ആവശ്യപ്പെട്ടാൽ അധ്യക്ഷ സ്ഥാനം ഒഴിയുമെന്നും പ്രായാധിക്യമുണ്ടെങ്കിലും ആർ.എസ്.എസ് പ്രവർത്തനം തുടരാൻ ആവശ്യപ്പെടുകയായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

