പനാജി: പാവപ്പെട്ടവർ ശുചിത്വം പാലിക്കണമെന്നും അതിന് ചെലവൊന്നുമില്ലെന്നും ഗോവ മുഖ്യമന്ത്രി മനോഹർ പരീകർ. സംസ്ഥാനത്ത്, പ്രത്യേകിച്ച് പനാജിക്കടുത്തുള്ള ഗോവ മെഡിക്കൽ കോളജ് ആശുപത്രി പരിസരത്തെ വൃത്തിഹീനമായ അന്തരീക്ഷത്തെക്കുറിച്ച് പരാമർശിക്കവെയാണ് മുഖ്യമന്ത്രിയുടെ ഉപദേശം.
‘‘നമുക്ക് ശുചിത്വം വേണം. പാവപ്പെട്ടവർ നിർബന്ധമായി ശുചിത്വം പാലിച്ചേ പറ്റൂ. അതിന് വലിയ ചെലവില്ലെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ആരുടെയും ജീവിതമാർഗം ഇല്ലാതാക്കാൻ ആഗ്രഹിക്കുന്നില്ല. തെരുവുകളിലെ കച്ചവടം അനുവദിക്കാനാവില്ല. ആവശ്യമെങ്കിൽ അതിന് നിശ്ചിത സ്ഥലമുണ്ടാക്കും.
വിമർശനം നടത്തുകയെന്നത് ചിലരുടെ ശീലമാണ്. ഇവിടെ പ്രതിദിനം 25 വാർത്തസമ്മേളനങ്ങളെങ്കിലും നടക്കുന്നു. ആര്, എന്തിനു വേണ്ടിയാണ് ഇതൊക്കെ നടത്തുന്നത്. മാധ്യമങ്ങളിൽ ചിത്രം വരാനാണ് പലരുടെയും വാർത്തസമ്മേളനം’’ -പരീകർ പറഞ്ഞു.