മുസ്ലിംകളിലെ ബഹുഭാര്യത്വം; ഹരജികളിൽ വാദം കേൾക്കാൻ പുതിയ ബെഞ്ചിന് രൂപം നൽകും
text_fieldsന്യൂഡൽഹി: മുസ്ലിംകൾ ഒന്നിലധികം വിവാഹം കഴിക്കുന്നതിന്റെ ഭരണഘടന സാധുത ചോദ്യംചെയ്യുന്ന ഹരജികളിൽ വാദം കേൾക്കാൻ പുതിയ അഞ്ചംഗ ഭരണഘടന ബെഞ്ചിന് രൂപം നൽകുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി.
നേരത്തെയുള്ള ഭരണഘടന ബെഞ്ചിലുണ്ടായിരുന്ന ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും ഹേമന്ത് ഗുപ്തയും വിരമിച്ചതിനാൽ പുതിയ ജസ്റ്റിസുമാരെ ഉൾപ്പെടുത്തി ബെഞ്ച് രൂപവത്കരിക്കുമെന്ന് ചീഫ് ജസ്റ്റിസ് ഡി.വെ. ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ്. നരസിംഹ എന്നിവരുടെ ബെഞ്ച് പറഞ്ഞു.
പൊതുതാൽപര്യ ഹരജികളിൽ അഞ്ചംഗ ബെഞ്ച് കഴിഞ്ഞ വർഷം ആഗസ്റ്റിൽ ദേശീയ മനുഷ്യാവകാശ കമീഷൻ, വനിത കമീഷൻ, ന്യൂനപക്ഷ കമീഷൻ എന്നിവയുടെ പ്രതികരണം തേടിയിരുന്നു. ഒന്നിലധികം വിവാഹം കഴിക്കുന്നതിനെതിരെ എട്ട് ഹരജികളാണ് നിലവിലുള്ളത്. ഈ സമ്പ്രദായവും മുത്തലാഖിനുശേഷം സ്ത്രീ മറ്റൊരാളെ വിവാഹം കഴിച്ച് വിവാഹമോചനം നേടി വീണ്ടും മുൻ ഭർത്താവിനെ വിവാഹം ചെയ്യുന്ന ‘നിക്കാഹ് ഹലാല’യും നിയമവിരുദ്ധമായി പ്രഖ്യാപിക്കണമെന്ന് ഹരജിക്കാരിലൊരാളായ അഭിഭാഷകൻ അശ്വിനി ഉപാധ്യായ് ആവശ്യപ്പെട്ടിരുന്നു. 2018 ജൂലൈയിലാണ് സുപ്രീം കോടതി ഹരജി പരിഗണിച്ച് ഭരണഘടന ബെഞ്ചിന് വിട്ടത്.