മലിനീകരണം: ഡൽഹി സർക്കാറിന്റെ കൃത്രിമം പുറത്തുവിട്ട് ‘ആപ്’
text_fieldsപ്രതീകാത്മക ചിത്രം
ന്യൂഡൽഹി: ശൈത്യം ആരംഭിച്ചതോടെ, ഡൽഹിയിലെ വായു മലിനീകരണവും രൂക്ഷമായി. ദീപാവലി പടക്കം പൊട്ടിച്ച് ആഘോഷിച്ചതോടെ മലിനീകരണ തോത് പതിവുപോലെ കുത്തനെ ഉയർന്നു. ശ്വാസ തടസ്സം നേരിട്ടും മറ്റും ജനങ്ങൾ വായു മലിനീകരണത്തിന്റെ പ്രയാസം അനുഭവിക്കുമ്പോഴും എയർ ക്വാളിറ്റി മോണിറ്ററിങ് സ്റ്റേഷൻ പുറത്തുവിടുന്ന വായുഗുണനിലവാര സൂചിക (എ.ക്യു.ഐ) മുൻവർഷത്തെക്കാൾ ഭേദം. ഇതിന് കാരണം സർക്കാറിന്റെ കൃത്രിമമായ ഡേറ്റയാണെന്നാരോപിച്ച് വിഡിയോ സഹിതം ആം ആദ്മി പാർട്ടി (എ.എ.പി) തെളിവ് പുറത്തുവിട്ടു.
ഡല്‍ഹിയില്‍ ഏറ്റവുമധികം വായുമലിനീകരണം രേഖപ്പെടുത്തുന്ന ആനന്ദ് വിഹാറിലെ മോണിറ്ററിങ് സ്റ്റേഷന് ചുറ്റും ടാങ്കറുകളിൽ ഉയരത്തിൽ വെള്ളം ചീറ്റുന്ന വിഡിയോ ആണ് പുറത്തുവിട്ടത്. മലിനീകരണം നിയന്ത്രിക്കാനല്ല, കൃത്രിമമായ ഡേറ്റ സൃഷ്ടിക്കാനാണ് സര്‍ക്കാർ ശ്രമിക്കുന്നതെന്ന് ‘ആപ്’ സംസ്ഥാന അധ്യക്ഷൻ സൗരഭ് ഭരദ്വാജ് ആരോപിച്ചു. ദീപാവലി ആഘോഷം നടന്ന രാത്രിയാണ് മോണിറ്ററിങ് സ്റ്റേഷന് സമീപം വെള്ളം തളിച്ച് സൂചികയിൽ കൃത്രിമം നടത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
39 വായു നിലവാര മോണിറ്ററിങ് സ്റ്റേഷനുകളാണ് ഡൽഹിയിലുള്ളത്. ദീപാവലിയുടെ പിറ്റേ ദിവസം ഇതിൽ 31 എണ്ണത്തിലെ ഡേറ്റ ലഭ്യമായില്ലെന്ന റിപ്പോർട്ടും പുറത്തുവന്നു. കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡിന്റെ കണക്കുകൾ അനുസരിച്ച്, ദീപാവലി രാത്രി 10 മണിക്ക് എ.ക്യു.ഐ ‘ഗുരുതരമായ’ വിഭാഗത്തിലേക്ക് (400 ഉം അതിൽ കൂടുതലും) കടന്നിരുന്നു.
ആ സമയം 39 സ്റ്റേഷനുകളും പ്രവർത്തനക്ഷമമായിരുന്നു. പുലർച്ചെ ഒരു മണിയോടെ, എക്യുഐ 489 ൽ എത്തിയപ്പോൾ,19 സ്റ്റേഷനുകൾ മാത്രമേ പ്രവർത്തനക്ഷമമായിരുന്നുള്ളൂ. പുലർച്ചെ മൂന്നു മണിയോടെ12 സ്റ്റേഷനുകളായി കുറഞ്ഞു. പിറ്റേദിവസം നാലുമണിയോടെ ഇത് എട്ടിലേക്ക് എത്തിയെന്നും ദേശീയ മാധ്യമങ്ങൾ പറയുന്നു.
ദീപാവലി ആഘോഷം വായു മലിനീകരണത്തിൽ ചെറിയ സ്വാധീനം മാത്രം ചെലുത്തിയെന്നാണ് ഡൽഹി സർക്കാറിന്റെ അവകാശവാദം. മുൻ വർഷങ്ങളിലെ ദീപാവലി ആഘോഷങ്ങൾക്ക് ശേഷമുള്ള ഡേറ്റയുമായി താരതമ്യം ചെയ്താണ് സർക്കാർ ഇത്തവണത്തെ തോത് പരിമിതമാണെന്ന് വാദിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

