ന്യുഡൽഹി: ഡൽഹിയിലെ മലിനീകരണത്തിന്‍റെ കാരണം പാകിസ്താനിൽനിന്നുള്ള മലിന വായുവാണെന്ന് ഉത്തർപ്രദേശ് സർക്കാർ സുപ്രീംകോടതിയിൽ. രാജ്യതലസ്ഥാനത്തെ മലിനീകരണത്തിൽ യു.പിയിലെ വ്യവസായങ്ങൾക്ക് പങ്കില്ലെന്നും യു.പി സർക്കാർ വ്യക്തമാക്കി.
ഡൽഹിയിലെ വായു മലിനീകരണവുമായി ബന്ധപ്പെട്ട ഹരജി ചീഫ് ജസ്റ്റിസ് എൻ.വി. രമണ അധ്യക്ഷനായ ബെഞ്ച് പരിഗണിക്കുകയായിരുന്നു. മുതിർന്ന അഭിഭാഷകനായ രഞ്ജിത് കുമാറാണ് യു.പി സർക്കാറിന് വേണ്ടി ഹാജരായത്.
ഡൽഹിയിലെ മലിനീകരണത്തിന് കാരണം പാകിസ്താനാണ്. പാകിസ്താനിലെ മലിനവായുവാണ് ഡലഹിയിലെത്തുന്നതെന്നും അഭിഭാഷകൻ കോടതിയിൽ പറഞ്ഞു.
ഉത്തർപ്രദേശിലെ വ്യവസായങ്ങൾക്ക് എട്ടുമണിക്കൂർ സമയ നിയന്ത്രണം ഏർപ്പെടുത്തിയാൽ കരിമ്പ്, പാൽ വ്യവസായങ്ങളെ ബാധിക്കുമെന്നും രഞ്ജിത് കുമാർ പറഞ്ഞു. എന്നാൽ, 'പാകിസ്താനിൽ വ്യവസായങ്ങൾ നിരോധിക്കണമെന്ന് നിങ്ങൾ ആഗ്രഹിക്കുന്നുണ്ടോ?' -എന്നായിരുന്നു കോടതിയുടെ ചോദ്യം.