തമിഴ്നാട്ടിലും പശ്ചിമ ബംഗാളിലും പോളിങ്പൂരം
text_fieldsകൊൽക്കത്ത: തീവ്ര വോട്ടർപട്ടിക പരിഷ്കരണത്തിൽ (എസ്.ഐ.ആർ) ലക്ഷക്കണക്കിന് വോട്ടുകൾ വെട്ടിപ്പോയ പശ്ചിമ ബംഗാളിൽ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ആദ്യ ഘട്ടത്തിൽ തകർപ്പൻ പോളിങ്. ഒടുവിൽ വിവരം കിട്ടുമ്പോൾ 91.78 ശതമാനം വോട്ടർമാരാണ് ബൂത്തിലെത്തിയത്. 16 ജില്ലകളിലായി 152 മണ്ഡലങ്ങളിലെ 3.60 കോടി വോട്ടർമാരാണ് ആദ്യഘട്ടത്തിൽ വിധിയെഴുതിയത്. ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസും പ്രധാന പ്രതിപക്ഷമായ ബി.ജെ.പിയും തമ്മിലുള്ള വീറും വാശിയും വ്യക്തമാക്കുന്നതായിരുന്നു. ബൻകുര, മുർഷിദാബാദ്, കൂച്ച് ബെഹാർ, പശ്ചിമ മേദിനിപൂർ, ജാർഗ്രാം, മാൾഡ എന്നീ ജില്ലകളിലെല്ലാം കനത്ത പോളിങ്ങായിരുന്നു.
ചെന്നൈ: കത്തിരിവെയിലിനെ അവഗണിച്ച് തമിഴകത്തിൽ കുതിച്ചുയർന്ന് പോളിങ് ശതമാനം. രാത്രി വൈകിവന്ന കണക്കുകൾ പ്രകാരം സംസ്ഥാനത്തെ 234 നിയമസഭ മണ്ഡലങ്ങളിലായി മൊത്തം പോളിങ് 85.05 ശതമാനമാണ്. സംസ്ഥാന തെരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും കൂടിയ വോട്ടിങ് ശതമാനമാണിത്. 2021നെക്കാൾ 10.82 ശതമാനം കൂടുതലാണിത്. മേയ് നാലിനാണ് വോട്ടെണ്ണൽ. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് പോളിങ് തുടങ്ങി രണ്ടു മണിക്കൂറിനകം സംസ്ഥാനമൊട്ടുക്കും 17.69 ശതമാനം പേർ വോട്ട് ചെയ്തു. രാവിലെ 11 മണിക്ക് ഇത് 37.56 ശതമാനമായി.
ഉച്ചക്ക് ഒരു മണിക്ക് 56.81 ശതമാനവും മൂന്നു മണിക്ക് 70 ശതമാനവും അഞ്ചുമണിക്ക് 82.24 ശതമാനമായും ഉയർന്നു. എസ്.ഐ.ആർ പ്രക്രിയയാണ് വോട്ടിങ് ശതമാനം ഉയരാൻ മുഖ്യ കാരണമായത്. സംസ്ഥാനത്ത് അങ്ങിങ്ങ് ചെറിയ വാക് തർക്കങ്ങളും സാങ്കേതിക പ്രശ്നങ്ങളാൽ ചിലയിടത്ത് വോട്ടെടുപ്പ് തടസ്സപ്പെട്ടതും ഒഴിച്ചാൽ പറയത്തക്ക ക്രമസമാധാന പ്രശ്നങ്ങളൊന്നും ഉണ്ടായില്ല. വെയിലിന്റെ കാഠിന്യംമൂലം വെല്ലൂർ ഉൾപ്പെടെ മിക്ക ജില്ലകളിലും നൂറു ഡിഗ്രി ഫാരൻ ഹീറ്റിലും കൂടുതലായാണ് ചൂട് അനുഭവപ്പെട്ടത്. 2021ൽ മൊത്തം 6,28,23,749 വോട്ടർമാരിൽ 4,62,56,553 പേർ വോട്ട് രേഖപ്പെടുത്തി. ഇത് 73.63 ശതമാനമായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

