ബംഗളൂരു: നഗരത്തിലെ ഫ്ലാറ്റിൽനിന്ന് വോട്ടർ തിരിച്ചറിയൽ കാർഡുകളും കൗണ്ടർ ഫോയിലുകളും പിടിച്ചെടുത്ത പശ്ചാത്തലത്തിൽ രാജരാജേശ്വരി നഗർ (ആർ.ആർ. നഗർ) മണ്ഡലത്തിലെ വോട്ടെടുടുപ്പ് മാറ്റിവെച്ചു. 28ലേക്കാണ് വോട്ടെടുപ്പ് മാറ്റിയത്.
വോട്ടെണ്ണൽ മേയ് 31ന് നടക്കും. വോട്ടെടുപ്പിന് മണിക്കൂറുകൾ ബാക്കിനിൽക്കെ വെള്ളിയാഴ്ച വൈകീട്ട് വിളിച്ചുചേർച്ച വാർത്താസമ്മേളനത്തിലാണ് വോട്ടെടുപ്പ് മാറ്റിവെച്ചതായി തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചത്. മണ്ഡലത്തിലെ തെരഞ്ഞെടുപ്പ് മാറ്റിവെക്കണമെന്ന് ബി.ജെ.പിയും ജെ.ഡി.എസും ആവശ്യപ്പെട്ടിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് രാജരാജേശ്വരി നഗർ മണ്ഡലത്തിലെ കോൺഗ്രസ് എം.എൽ.എ മുനിരത്ന നായ്ഡു, ഫ്ലാറ്റ് ഉടമയും ബി.ജെ.പി മുൻ കോർപറേറ്ററുമായ മഞ്ജുള നഞ്ചമുറി എന്നിവരുൾപ്പെടെ 14 പേർക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. ഡെപ്യൂട്ടി കമീഷണർ സമർപ്പിച്ച റിപ്പോർട്ടിെൻറ അടിസ്ഥാനത്തിലാണ് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ തെരഞ്ഞെടുപ്പ് മാറ്റിവെക്കാൻ തീരുമാനിച്ചത്.
ചൊവ്വാഴ്ച രാത്രിയാണ് രാജരാജേശ്വരി നഗറിലെ ജാലഹള്ളിയിലുള്ള എസ്.എൽ.വി പാർക്ക് വ്യൂ അപ്പാർട്ട്മെൻറിലെ 115ാം നമ്പർ മുറിയിൽനിന്ന് തെരഞ്ഞെടുപ്പ് ഫ്ലയിങ് സ്ക്വാഡ് 9746 തിരിച്ചറിയിൽ കാർഡുകൾ പിടിച്ചെടുത്തത്.