ഗുജറാത്തിൽ വോട്ടുയന്ത്രങ്ങൾക്ക് എതിരെ വ്യാപക പരാതി
text_fieldsഗുജറാത്ത് തെരഞ്ഞെടുപ്പിെൻറ ആദ്യഘട്ട വോട്ടെടുപ്പില്‍ വോട്ടുയന്ത്രങ്ങള്ക്കെതിരെ വ്യാപക പരാതിയുയര്‍ന്നു. ചില മണ്ഡലങ്ങളില്‍ വോട്ടുയന്ത്രത്തില്‍ ബ്ല്യൂടൂത്ത് ഘടിപ്പിച്ചതായും ചിലയിടങ്ങളില്‍ കോണ്‍ഗ്രസ് ചിഹ്നത്തില്‍ വോട്ടുവീഴുന്നില്ലെന്നും ചിലയിടങ്ങളില്‍ ഏത് ബട്ടണിലും താമര കാണിക്കുന്നെന്നുമുള്ള പരാതികളാണ് ഗുജറാത്തിെൻറ വിവിധ ഭാഗങ്ങളില്‍ നിന്നുയര്‍ന്നത്.
പരാതി ലഭിച്ചിട്ടുണ്ടെന്നും അവ പരിശോധിക്കുകയാണെന്നും തെരഞ്ഞെടുപ്പ് കമീഷന് അറിയിച്ചു. പിന്നീട് കമീഷെൻറ സാങ്കേതികവിഭാഗം പോര്ബന്തറിെലത്തി പരാതിയുയര്‍ന്ന ബൂത്തുകള്‍ സന്ദര്‍ശിച്ചു.
ബറൂച്ചിലെ വരാച്ചയില്‍ നിന്ന് വോട്ടുയന്ത്രം ബ്ല്യൂടൂത്തുമായി ഘടിപ്പിച്ചതായി കണ്ടെത്തി. പ്രിസൈഡിങ് ഓഫിസര്‍ മൊബൈലില്‍ യന്ത്രത്തിലെ വോട്ട് നിയന്ത്രിക്കുന്നുവെന്ന് ആരോപിച്ച് വോട്ടര്‍മാര്‍ ബൂത്തില്‍ പ്രതിഷേധിച്ചതിനെ തുടര്‍ന്ന് വോട്ടെടുപ്പ് നിര്‍ത്തിവെച്ചു. പോര്‍ബന്തറില്‍ ഒരു മൊബൈലിലെ ബ്ല്യൂടൂത്ത് ഓണ്‍ ചെയ്തപ്പോള്‍ ‘ഇ.സി.ഒ 105 അവൈലബിള്‍’ എന്ന് കാണിച്ചതാണ് ആദ്യം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തുടര്‍ന്ന് മറ്റു ബൂത്തുകളിലും ഇതേ പരാതി വന്നതോടെ ജുനഗഡ് ജില്ല കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി വി.ടി. ഗീത തെരഞ്ഞെടുപ്പ് കമീഷന് പരാതി നല്കി. ആറ് നിയമസഭമണ്ഡലങ്ങളില്‍ ഇൗ പരാതിയുണ്ടെന്ന് ഗീത ബോധിപ്പിച്ചു.
ഇ.വി.എമ്മില്‍ ഘടിപ്പിച്ച ചിപ്പുകളുടെ പ്രോഗ്രാമില്‍ ബ്ല്യൂടൂത്ത് ഉപയോഗിച്ച് മാറ്റം വരുത്താമെന്നും യന്ത്രത്തില്‍ കൃത്രിമം നടത്താമെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നതെന്നും പോര്‍ബന്തറിൽ നിന്നുള്ള മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് അര്ജുന് മൊദ്വാദിയ പറഞ്ഞു. മൊബൈലിെൻറ സ്ക്രീന്‍ ഷോട്ടും പുറത്തുവിട്ടു. മേമന്‍വാഡയിലെ മൂന്ന് പോളിങ് ബൂത്തുകളില്‍ വോട്ടുയന്ത്രങ്ങള്‍ ബ്ല്യൂടൂത്തുമായി ഘടിപ്പിച്ചത് ശ്രദ്ധയിൽപെട്ട സാഹചര്യത്തിലാണ് മൊദ്വാദിയ പരസ്യമായി രംഗത്തുവന്നത്.
വല്‍സാദ് ജില്ലയിലെ കൊസാമ്പയില് നിന്നും പരാതികളുണ്ട്. രാജ്കോട്ട് ഈസ്റ്റിലും വോട്ടുയന്ത്രത്തില്‍ കൃത്രിമം നടന്നതായി കമീഷന് പരാതി ലഭിച്ചു. അഞ്ജാര്‍ മണ്ഡലത്തിലെ സട്ടാപാര് ഗ്രാമത്തില്‍ വോട്ടുയന്ത്രത്തിൽ കൃത്രിമം നടത്തിയെന്ന ആക്ഷേപത്തെ തുടര്‍ന്ന് വോട്ടിങ് അരമണിക്കൂര്‍ നിര്‍ത്തിവെച്ചു. ചിലയിടങ്ങളില്‍ കോണ്‍ഗ്രസിെൻറ ബട്ടണ്‍ പ്രവര്‍ത്തിക്കുന്നില്ലെന്നും ചിലയിടങ്ങളില്‍ ഏതിന് കുത്തിയാലും താമരക്ക് വീഴുമെന്നുമാണ് പരാതി വന്നത്. അവിടങ്ങളില്‍ വോട്ടുയന്ത്രം മാറ്റിക്കൊടുത്തു.
ഭാവ്നഗര്‍ ജില്ലയിലെ ചില മണ്ഡലങ്ങളില്‍ വോട്ടുയന്ത്രങ്ങളെക്കുറിച്ച് പരാതിയുയര്‍ന്നുവെങ്കിലും ആവശ്യമുള്ളിടത്തെല്ലാം മാറ്റിക്കൊടുത്ത് പ്രശ്നം പരിഹരിച്ചുവെന്ന് ഭാവ്നഗര്‍ ജില്ലകലക്ടര്‍ ഹര്‍ഷദ് പട്ടേല്‍ പറഞ്ഞു. പോര്‍ബന്തര്‍ ഠാക്കറിലെ ബൂത്ത് സന്ദര്‍ശിച്ച തെരഞ്ഞെടുപ്പ് കമീഷന് എൻജിനീയര്‍ക്കും പരാതിപ്പെട്ടവര്ക്കുമുന്നില് തൃപ്തികരമായ മറുപടി നല്‍കാനായില്ല. ബ്ല്യൂടൂത്തുമായി ഒരു ഉപകരണത്തെ ബന്ധിപ്പിച്ചാല്‍ ആ ഉപകരണത്തില്‍ ബന്ധിപ്പിച്ചതിനെ കാണിക്കുമെന്ന് എൻജിനീയര്‍ എസ്. ആനന്ദ് പറഞ്ഞു. എന്നാല്‍, തെരഞ്ഞെടുപ്പിലെ പരാജയം മനസ്സിലാക്കി അത് മറച്ചുവെക്കാന്‍ കോണ്‍ഗ്രസ് നടത്തുന്ന പ്രചാരണമാണിതെന്ന് ബി.ജെ.പി കുറ്റപ്പെടുത്തി. പരാജയപ്പെടുമെന്ന് തോന്നുമ്പോഴെല്ലാം കോണ്‍ഗ്രസ് ഈ പരാതിയുമായി രംഗത്തുവരുമെന്ന് ബി.ജെ.പി പരിഹസിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
