ഹൈഡ്രജൻ ബോംബ് പിന്നാലെ വരും, കമീഷനുള്ളിൽ നിന്ന് വിവരങ്ങൾ ലഭിച്ച് തുടങ്ങിയെന്നും രാഹുൽ ഗാന്ധി
text_fieldsന്യൂഡൽഹി: ബിഹാറിലെ വോട്ടർ അധികാർ യാത്രയുടെ സമാപനച്ചടങ്ങിലാണ് ‘ഹൈഡ്രജൻ ബോംബ്’ വരുന്നുണ്ടെന്ന് രാഹുൽഗാന്ധി വെളിപ്പെടുത്തിയിരുന്നത്. വിവരങ്ങൾ പുറത്തുവരുന്നതോടെ മോദിയടക്കമുള്ളവർ തലകുനിക്കേണ്ടി വരുമെന്നും രാഹുൽ പറഞ്ഞിരുന്നു. വ്യാഴാഴ്ച നടക്കുന്ന വാർത്തസമ്മേളനത്തിൽ ലോക്‌സഭാ പ്രതിപക്ഷനേതാവ് പുറത്തുവിടാനിരിക്കുന്ന ഹൈഡ്രജൻ ബോംബ് എന്തായിരിക്കുമെന്ന ആകാംക്ഷയിലായിരുന്നു രാഷ്ട്രീയകേന്ദ്രങ്ങള്‍.
അതേസമയം, തുടക്കത്തിൽ തന്നെ ഈ വെളിപ്പെടുത്തലല്ല മുൻപ് പറഞ്ഞ ഹൈഡ്രജൻ ബോംബെന്ന് വ്യക്തമാക്കിയ രാഹുൽ ഗാന്ധി വോട്ടർ പട്ടിക ക്രമക്കേടുമായി ബന്ധപ്പെട്ട് ആരോപണങ്ങൾ കടുപ്പിക്കുകയായിരുന്നു. ‘ഒന്നാമതായി, ഇത് ‘ഹൈഡ്രജൻ ബോംബ് അല്ല, അത് വരാനിരിക്കുന്നതേയുള്ളൂ. ഇത് ഈ രാജ്യത്തെ യുവാക്കൾക്ക് തിരഞ്ഞെടുപ്പുകൾ എങ്ങനെയാണ് അട്ടിമറിക്കപ്പെടുന്നതെന്ന് കാണിച്ചുകൊടുക്കുന്നതിലെ മറ്റൊരു നാഴികക്കല്ലാണ്’- രാഹുൽ പറഞ്ഞു.
കര്‍ണാടകയിലെ അലന്ദ് മണ്ഡലത്തെ ഉദാഹരിച്ചാണ് ലോക്‌സഭാ പ്രതിപക്ഷനേതാവ് ഇക്കുറി ആരോപണമുന്നയിച്ചത്. അതിനൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഉള്ളിൽ നിന്ന് തങ്ങൾക്ക് സഹായം ലഭിച്ചു തുടങ്ങിയിട്ടുണ്ടെന്നും ലോക്‌സഭാ പ്രതിപക്ഷനേതാവ് വെളിപ്പെടുത്തി. ‘ഉള്ളിൽ നിന്ന് വിവരങ്ങൾ വരുന്നു. ഇത് നിർത്താനാവില്ല, നിർത്താൻ കഴിയുകയുമില്ല. രാജ്യത്തെ ജനങ്ങൾ ഇത് അനുവദിക്കില്ല. വോട്ട് ചോരി എന്താണെന്ന് ജനങ്ങൾ അറിഞ്ഞുകഴിഞ്ഞാൽ, അവർ അതിന് അനുവദിക്കില്ല.’- രാഹുൽ ഗാന്ധി തുടർന്നു.
കോൺഗ്രസിന് മേൽക്കൈ ഉള്ള ബൂത്തുകളിലാണ് വോട്ടർപ്പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാനുള്ള ശ്രമങ്ങൾ നടന്നതെന്നും ദളിത്, പിന്നോക്ക വിഭാഗങ്ങളെ ലക്ഷ്യമിടുന്നുവെന്നും ആരോപിച്ച രാഹുൽ ഗാന്ധി അലന്ദ് മണ്ഡലത്തിലെ ‘ഗോദാഭായ്’ എന്ന സ്ത്രീയുടെ ഉദാഹരണവും ചൂണ്ടിക്കാണിച്ചു. ഗോദാബായിയുടെ പേരിൽ ആരോ വ്യാജ ലോഗിനുകൾ ഉണ്ടാക്കി 12 വോട്ടർമാരെ നീക്കം ചെയ്യാൻ ശ്രമിച്ചു. ‘ഗോദാബായിക്ക് ഇതേക്കുറിച്ച് യാതൊരു അറിവുമില്ല,’-രാഹുൽ ഗാന്ധി പറഞ്ഞു. വാർത്തസമ്മേളനത്തിൽ ഗോദാഭായി ഇത് വെളിപ്പെടുത്തുന്നതും പ്രദർശിപ്പിച്ചു.
വോട്ടർപട്ടികയിൽ ആളുകളെ നീക്കം ചെയ്യാൻ ഉപയോഗിച്ച ഫോൺ നമ്പറുകളും രാഹുൽ പങ്കുവെച്ചു. ഇവയിൽ കർണാടകക്ക് പുറത്തുനിന്നുള്ളവയടക്കം പിന്നിലെ സ്ക്രീനിൽ പ്രദർശിപ്പിച്ച സ്ലൈഡുകൾ ചൂണ്ടി രാഹുൽ ആരോപിച്ചു. ‘ചോദ്യം ഇതാണ്, ഇത് ആരുടെ നമ്പറുകളാണ്, എങ്ങനെയാണ് ഇവ പ്രവർത്തിച്ചത്, ആരാണ് ഒ.ടി.പികൾ ഉണ്ടാക്കിയത്?’- രാഹുൽ ഗാന്ധി ചോദിച്ചു.
സൂര്യകാന്ത് എന്നയാൾ 14 മിനിറ്റിനുള്ളിൽ 12 വോട്ടർമാരെ നീക്കം ചെയ്തതായും അദ്ദേഹം നീക്കം ചെയ്തതായി പറയപ്പെടുന്ന വോട്ടർമാരിൽ ഒരാളാണ് ബബിത ചൗധരിയെന്നും രാഹുൽ ഗാന്ധി പറഞ്ഞു. പിന്നാലെ സൂര്യകാന്തിനെയും ബബിത ചൗധരിയെയും അദ്ദേഹം വേദിയിലേക്ക് ക്ഷണിച്ചു. നാഗരാജ് എന്ന വ്യക്തിയുടെ മറ്റൊരു ഉദാഹരണവും അദ്ദേഹം ചൂണ്ടിക്കാട്ടി. പുലർച്ചെ 4:07-ന് 38 സെക്കൻഡിനുള്ളിൽ രണ്ട് ഫോമുകൾ പൂരിപ്പിച്ചത് എങ്ങനെയെന്ന് രാഹുൽ ഗാന്ധി ചോദിച്ചു. ഇത് മനുഷ്യസാധ്യമല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ‘ഈ ഫോമുകൾ പൂരിപ്പിച്ച് നോക്കൂ, നിങ്ങൾക്ക് എത്ര സമയമെടുക്കുമെന്ന് കാണാം. ഇന്ത്യയിലെ യുവജനങ്ങളോട് ഞാൻ ചോദിക്കുന്നു, ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം നിങ്ങൾക്ക് ലഭിക്കും,’- രാഹുൽ ഗാന്ധി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

