രാഷ്ട്രീയമെന്നാൽ 'ശക്തി പ്രകടനം' മാത്രം; ഉപേക്ഷിച്ചുപോയാലോയെന്ന് പലപ്പോഴും ആലോചിക്കാറുണ്ട് -കേന്ദ്ര മന്ത്രി
text_fieldsമുംബൈ: രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെ കുറിച്ച് താൻ പലപ്പോഴും ചിന്തിക്കാറുണ്ടെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. രാഷ്ട്രീയം ഇപ്പോൾ സാമൂഹിക പ്രവർത്തനമോ രാഷ്ട്രനിർമ്മാമമോ അല്ലാതായെന്നും അത് വെറും ശക്തിപ്രകടനം മാത്രമാണെന്നും അദ്ദേഹം പറഞ്ഞു. സാമൂഹികമോ വികസനപരമോ ആയ മാറ്റത്തെക്കാൾ അധികാരത്തിലേക്കാണ് രാഷ്ട്രീയക്കാരന്റെ നോട്ടമെന്നും ഗഡ്കരി പറഞ്ഞു. സാമൂഹിക പ്രവർത്തകനും മുൻ നിയമനിർമ്മാണ കൗൺസിൽ അംഗവുമായ ഗിരീഷ് ഗാന്ധിയെ ആദരിക്കുന്ന ചടങ്ങിൽ നാഗ്പൂരിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
'രാഷ്ട്രീയം എന്ന വാക്കിന്റെ അർഥമെന്താണെന്ന് നമ്മൾ മനസ്സിലാക്കേണ്ടതുണ്ട്. രാഷ്ട്രീയത്തിൽ സാമൂഹിക പ്രവർത്തനം, രാഷ്ട്രനിർമാണം, വികസന പ്രവർത്തനം, അധികാര പങ്കാളിത്തം എന്നിവയെല്ലാമുണ്ട്. മഹാത്മാഗാന്ധിയുടെ കാലത്ത് രാഷ്ട്രീയം സാമൂഹിക പ്രവർത്തനത്തിന്റെ ഭാഗമായിരുന്നു. അന്നത് സാമൂഹിക പ്രവർത്തനവും രാഷ്ട്രനിർമ്മാണവുമാണ്. എന്നാലിപ്പോൾ 100 ശതമാനം ശക്തിപ്രകടനം മാത്രമാണ് രാഡ്ട്രീയം'-ഗഡ്കരി പറഞ്ഞു. രാഷ്ട്രീയം സാമൂഹികവും സാമ്പത്തികവുമായ പരിഷ്കരണത്തിന്റെ യഥാർഥ ഉപകരണമാകണമെന്നും ഗഡ്കരി പറഞ്ഞു.
നാഗ്പൂരിൽ നിന്നുള്ള പാർലമെന്റ് അംഗവും റോഡ് ഗതാഗത ഹൈവേ വികസന മന്ത്രിയുമാണ് ഗഡ്കരി. ഗിരീഷ് ഗാന്ധി രാഷ്ട്രീയത്തിലായിരുന്നപ്പോൾ ഞാൻ അദ്ദേഹത്തെ നിരുത്സാഹപ്പെടുത്തുമായിരുന്നുവെന്ന് ഗഡ്കരി പറഞ്ഞു. 'രാഷ്ട്രീയം ഉപേക്ഷിക്കുന്നതിനെപറ്റി ഞാൻ ഒരുപാട് ആലോചിക്കാറുണ്ട്. രാഷ്ട്രീയത്തേക്കാൾ കൂടുതൽ കാര്യങ്ങൾ ജീവിതത്തിൽ ചെയ്യാനുണ്ട്'-ഗഡ്കരി പറയുന്നു.
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടിയുടെ (എൻസിപി) മുൻ എംഎൽസിയായിരുന്ന ഗിരീഷ് ഗാന്ധി, 2014ൽ പാർട്ടി വിട്ടു. ഗഡ്കരിയുടെ അടുത്ത സുഹൃത്തായ അദ്ദേഹം അതിനുശേഷം മറ്റേതെങ്കിലും രാഷ്ട്രീയ പാർട്ടിയിൽ ചേർന്നിരുന്നില്ല. രാഷ്ട്രീയം വൈരുദ്ധ്യങ്ങളുടെയും പരിമിതികളുടെയും കളിയാണെന്നും ഗഡ്കരി പറഞ്ഞു.
'എപ്പോൾ എന്ത് സംഭവിക്കുമെന്ന് ഒരാൾക്കും അറിയില്ല. രാഷ്ട്രീയത്തിൽ എന്തും എപ്പോഴും സംഭവിക്കാം'-അദ്ദേഹം കൂട്ടിച്ചേർത്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

