മൂന്നരപ്പതിറ്റാണ്ടിനുശേഷം കർണാടക കാമ്പസുകളിൽ രാഷ്ട്രീയം തിരിച്ചെത്തുന്നു
text_fields1983ലെ ഒരു കോളജ് തെരഞ്ഞെടുപ്പ് കാമ്പയിൻ (ഫയൽ)
ബംഗളൂരു: മൂന്നരപ്പതിറ്റാണ്ടിനുശേഷം കർണാടകത്തിലെ കോളജ് കാമ്പസുകളിൽ രാഷ്ട്രീയം തിരിച്ചെത്തുന്നു. വിദ്യാർഥി രാഷ്ട്രീയത്തിന് വീണ്ടും അനുമതി നൽകുമെന്ന് ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാർ അറിയിച്ചു.
ബംഗളൂരുവിൽ നടത്തിയ ഭരണഘടനാദിന പരിപാടിയിലാണ് ശിവകുമാറിന്റെ പ്രഖ്യാപനം. ലോക്‌സഭാ പ്രതിപക്ഷനേതാവ് രാഹുൽ ഗാന്ധിയുടെ ആവശ്യത്തെ തുടർന്നാണ് കാമ്പസുകളിൽ വീണ്ടും കോളേജ് യൂനിയനുകൾ രൂപവത്കരിക്കാനും തെരഞ്ഞെടുപ്പ് നടത്താനും ഒരുങ്ങുന്നത്. ബംഗളൂരുവിലെ കാമ്പസുകളിൽ വിദ്യാർഥി രാഷ്ട്രീയത്തിന്റെ പേരിൽ അക്രമങ്ങൾ വർധിച്ചതോടെയാണ് നിരോധനം ഏർപ്പെടുത്തിയത്. 1989 വരെ കാമ്പസുകളിൽ തെരഞ്ഞെടുപ്പ് നടന്നിരുന്നു. ശിവകുമാർ അടക്കമുള്ളവർ വിദ്യാർഥി രാഷ്ട്രീയത്തിലൂടെ സാമൂഹികപ്രവർത്തനരംഗത്ത് എത്തിയവരാണ്. കാമ്പസുകളിൽ വീണ്ടും രാഷ്ട്രീയം അനുവദിക്കുന്നത് സംബന്ധിച്ച പഠനം നടത്താൻ സമിതിയെ നിയമിക്കുമെന്ന് ശിവകുമാർ അറിയിച്ചു.
ഏതുരീതിയിൽ കാമ്പസുകളിൽ തെരഞ്ഞെടുപ്പ് നടത്തണമെന്നത് സമിതി ശിപാർശ ചെയ്യും. ഇതിന്റെ അടിസ്ഥാനത്തിൽ അടുത്തഘട്ട നടപടിയെടുക്കും. കാമ്പസുകൾ നേതാക്കളെ സൃഷ്ടിക്കുകയും വളർത്തുകയും ചെയ്യും. തനിക്ക് ആദ്യമായി നിയമസഭയിലേക്ക് മത്സരിക്കാൻ സീറ്റ് ലഭിച്ചത് വിദ്യാർഥി രാഷ്ട്രീയപ്രവർത്തനത്തെ തുടർന്നാണെന്നും ശിവകുമാർ ചൂണ്ടിക്കാട്ടി. കോൺഗ്രസിന്റെ വിദ്യാർഥി വിഭാഗമായ എൻ.എസ്.യുവിന്റെ പ്രവർത്തനം കർണാടകത്തിൽ ശക്തമാക്കുന്നതിനുവേണ്ടികൂടിയാണ് വിദ്യാർഥി രാഷ്ട്രീയം തിരിച്ചുകൊണ്ടുവരാൻ ഒരുങ്ങുന്നത്.
ആർ.എസ്.എസ് വിദ്യാർഥികളുടെ ഇടയിൽ പിടിമുറുക്കാൻ ശ്രമിക്കുമ്പോൾ ഇതിനെ ചെറുക്കാൻ കാമ്പസിൽ രാഷ്ട്രീയപ്രവർത്തനം വേണമെന്നാണ് രാഹുലിന്റെയടക്കം വിലയിരുത്തൽ. കാമ്പസുകളിൽ രാഷ്ട്രീയം അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രി സിദ്ധരാമയ്യക്കും ശിവകുമാറിനും രാഹുൽ ഗാന്ധി കത്തുനൽകിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

