രാഷ്ട്രീയ വികാസ് പാർട്ടി ഓഫിസിൽ ഡാൻസ് അകാദമി; അഞ്ചുവർഷത്തിനിടെ പാർട്ടിക്ക് സംഭാവനയായി ലഭിച്ചത് 207 കോടി രൂപ
text_fieldsന്യൂഡൽഹി: ഡൽഹിയിലെ രാഷ്ട്രീയ പാർട്ടിയുടെ ഓഫിസിൽ പ്രവർത്തിക്കുന്നത് ഡാൻസ് അകാദമി. എ.ഡി.ആർ റിപ്പോർട്ടിൽ രാഷ്ട്രീയ പാർട്ടിയായ രാഷ്ട്രീയ വികാസ് പാർട്ടിയുടെ രജിസ്റ്റേർഡ് ഓഫിസ് എന്ന് രേഖപ്പെടുത്തിയ ദക്ഷിണ ഡൽഹിയിലെ വിലാസത്തിലാണ് ഡാൻസ് അകാദമി പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്.
ദേശീയ മാധ്യമമായ ഇന്ത്യ ടുഡെ നടത്തിയ പരിശോധനയിലാണ് പാർട്ടി ഓഫിസിന് പകരം ‘ദ ഫയർ സ്റ്റുഡിയോ’ എന്ന ഡാൻസ് അകാദമി പ്രവർത്തിക്കുന്നതായി കണ്ടെത്തിയത്. ഡൽഹിയിലെ വിശ്വകർമ കോളനിയിലെ ഇ86/എ എന്ന വിലാസമാണ് എ.ഡി.ആർ റിപ്പോർട്ടിലും തെരഞ്ഞെടുപ്പ് രേഖകളിലും ആർ.വി.പിയുടെ ഓഫിസ് വിലാസം. എന്നാൽ, നിലവിൽ അവിടെ പാർട്ടി ഓഫിസിന്റേതായ യാതൊരുവിധ പ്രവർത്തനവും നടക്കുന്നില്ല. പകരം കെട്ടിടത്തിൽ ഡാൻസ് അക്കാദമിയുടെ ബോർഡാണ് ഉണ്ടായിരുന്നത്.
അതേസമയം, രാഷ്ട്രീയ വികാസ് പാർട്ടിയുടെ ഓഫിസ് ഈ വിലാസത്തിൽ പ്രവർത്തിച്ചിട്ടില്ലെന്ന് കെട്ടിടത്തിലെ താമസക്കാരും സ്ഥല ഉടമയുമായ ശൈലവ് അഗർവാൾ പറഞ്ഞു. ഏകദേശം 15 വർഷമായി താൻ ഇവിടെ താമസിക്കുന്നതായും പല ഘട്ടങ്ങളിലായി കെട്ടിടത്തിൽ വാടകക്കാർ ഉണ്ടായിരുന്നെങ്കിലും രാഷ്ട്രീയ വികാസ് പാർട്ടിയുടെ ഓഫിസ് ഇവിടെ പ്രവർത്തിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.
2019നും 2024നും ഇടയിൽ രാഷ്ട്രീയ വികാസ് പാർട്ടിക്ക് ഏകദേശം 207 കോടി രൂപ സംഭാവനയായി ലഭിച്ചതായാണ് എ.ഡി.ആർ റിപ്പോർട്ട്. ഇത്രയും വലിയ തുക ലഭിച്ച പാർട്ടിയുടെ സാമ്പത്തിക പ്രവർത്തനങ്ങൾ, സംഭാവന നൽകിയവരാരാണ്, പണം എങ്ങനെ വിനിയോഗിച്ചു തുടങ്ങിയ കാര്യങ്ങളിൽ നേരത്തേ തന്നെ ചോദ്യങ്ങൾ ഉയർന്നിരുന്നു. അതേസമയം, പാർട്ടി ഓഫിസ് പ്രവർത്തനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ആർ.വി.പിയുടെ ഔദ്യോഗിക പ്രതികരണം പുറത്തുവന്നിട്ടില്ല.
കഴിഞ്ഞദിവസം, ഗുജറാത്ത് ആസ്ഥാനമായുള്ള ആറു തട്ടിക്കൂട്ട് രാഷ്ട്രീയ പാർട്ടികൾക്ക് 2023-24 സാമ്പത്തിക വർഷത്തിൽ സംഭാവനയായി ലഭിച്ചത് 1700 കോടി രൂപയെന്ന റിപ്പോർട്ട് പുറത്തുവന്നിരുന്നു. തെരഞ്ഞെടുപ്പ് കമീഷനിൽ രജിസ്റ്റർ ചെയ്തതാണെങ്കിലും ഈ പാർട്ടികൾക്ക് അംഗീകാരമില്ല. ബി.ജെ.പി ഒഴികെയുള്ള എല്ലാ ദേശീയ പാർട്ടികൾക്കും ലഭിച്ച മൊത്തം സംഭാവനകളേക്കാൾ വലിയ തുകയാണ് ഈ ആറു പാർട്ടികൾക്കും കൂടി ലഭിച്ചത്. സത്യവാദി രക്ഷക് പാർട്ടി, ആം ജൻമത് പാർട്ടി, ഗരീബ് കല്യാൺ പാർട്ടി, സ്വതന്ത്രത അഭിവ്യക്തി പാർട്ടി, ഭാരതീയ നാഷനൽ ജനതാദൾ, ന്യൂ ഇന്ത്യ യുണൈറ്റഡ് പാർട്ടി എന്നിവയാണ് ആറ് പാർട്ടികൾ. അഞ്ചു പാർട്ടികൾ അഹ്മദാബാദ് ആസ്ഥാനമായും ഒരെണ്ണം ആനന്ദ് കേന്ദ്രീകരിച്ചുമാണ് പ്രവർത്തിക്കുന്നതെന്ന് രേഖകളിൽ പറയുന്നു. ബി.ബി.സി ഹിന്ദി പുറത്തുവിട്ട അന്വേഷണ റിപ്പോർട്ടിലാണ് ഈ ഞെട്ടിക്കുന്ന വിവരങ്ങളുള്ളത്. 2022-23ൽ 138 കോടി മുതൽ 620 കോടി രൂപ വരെ സംഭാവനയായി ലഭിച്ചിട്ടും ഈ ആറ് പാർട്ടികളും ചേർന്ന് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിപ്പിച്ചത് ആകെ 15 സ്ഥാനാർഥികളെ മാത്രമാണെന്നും റിപ്പോർട്ടിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

