ഒടുവിൽ 'ബോംബിട്ടത്' താക്കറെമാരുടെ വിശ്വസ്തൻ ഫലം കാണാതെ ഉദ്ധവിെൻറ അനുനയ നീക്കം
text_fieldsഏക് നാഥ് ഷിൻഡെയും മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയും (ഫയൽ ചിത്രം)
മുംബൈ: മഹാരാഷ്ട്രയിലെ ഉദ്ധവ് താക്കറെ സർക്കാറിന് ചെക്കു വിളിച്ച് വിമത സ്വരം ഉയർത്തിയത് താക്കറെമാരുടെ വിശ്വസ്തൻ. താണെ മേഖലയുടെ കരുത്തൻകൂടിയായ ഏക് നാഥ് ഷിൻഡെ. ബാൽ താക്കറെ പഠിപ്പിച്ച ഹിന്ദുത്വയുടെ പേരിലാണ് ഉദ്ധവ് സർക്കാറിന് പ്രതിസന്ധി തീർത്ത് '22 ഓളം' പാർട്ടി എം.എൽ.എമാരുമായി സൂറത്തിലെ നക്ഷത്ര ഹോട്ടലിൽ തമ്പടിച്ചിരിക്കുന്നത്. ഷിൻഡെയുടെ നീക്കങ്ങൾക്കു പിന്നിൽ തങ്ങളല്ലെന്നാണ് ബി.ജെ.പി അവകാശപ്പെടുന്നത്. എന്നാൽ, ബാൽ താക്കറെ, ഹിന്ദുത്വ വിഷയങ്ങൾ ഉയർത്തി ഉദ്ധവിന്റെ വലംകൈ തന്നെ വിമത സ്വരം ഉയർത്തുമ്പോൾ സർക്കാറിന്റെ നിലനിൽപ് അവതാളത്തിലാകുന്നതിനൊപ്പം ആസന്നമായ നഗരസഭ തെരഞ്ഞെടുപ്പുകൾ ബി.ജെ.പിക്ക് നേട്ടത്തിന് വഴിതുറക്കുകയും ചെയ്യും. എം.എൽ.എമാരെ താമസിപ്പിക്കാൻ ഷിൻഡെ, ബി.ജെ.പി ഭരിക്കുന്ന ഗുജറാത്ത് തിരഞ്ഞെടുത്തതും ബി.ജെ.പിയിലേക്ക് സംശയമുന നീട്ടുന്നു.
അടുത്തിടെ നടന്ന രാജ്യസഭ, സംസ്ഥാന നിയമസഭ കൗൺസിൽ തെരഞ്ഞെടുപ്പുകളിൽ ബി.ജെ.പിയുടെ അധിക സ്ഥാനാർഥികൾ വിജയിച്ചത് ഭരണപക്ഷത്തെ വിള്ളൽ തുറന്നുകാട്ടിയിരുന്നു. തൊട്ടുപിന്നാലെയാണ് ഷിൻഡെയുടെ അപ്രതീക്ഷിത വിമത നീക്കം. ഷിൻഡെയെ അനുനയിപ്പിക്കാൻ ദൂതന്മാർ വഴി ഉദ്ധവ് താക്കറെ ശ്രമിച്ചെങ്കിലും ഇതുവരെ ഫലമുണ്ടായിട്ടില്ല. സഞ്ജയ് റാവുത്തിന്റെ വഴിവിട്ട പ്രസ്താവനകൾ, വകുപ്പ് ഭരണത്തിൽ ആദിത്യ താക്കറെയുടെ കൈകടത്തൽ, എൻ.സി.പി നേതാവും ഉപ മുഖ്യമന്ത്രിയുമായ അജിത് പവാർ വകുപ്പിന് പണം അനുവദിക്കാത്തത് തുടങ്ങിയ വിഷയങ്ങളും ഷിൻഡെ ഫോണിൽ നടത്തിയ ചർച്ചയിൽ ഉദ്ധവിനോട് ഉന്നയിച്ചതായാണ് വിവരം.ഉദ്ധവ് സർക്കാർ രണ്ടര വർഷം പിന്നിടുമ്പോഴാണ് ഭരണപ്രതിസന്ധി. ഇത്തരം പിളർപ്പ് സാധ്യതകൾ ഒഴിവാക്കാനാണ് ഉദ്ധവ് തന്നെ മുഖ്യനായത്. അല്ലാത്തപക്ഷം ഷിൻഡെക്കായിരുന്നു സാധ്യത. 35 പേർ തനിക്കൊപ്പം ഉണ്ടെന്നാണ് ഷിൻഡെ അവകാശപ്പെടുന്നത്. 55 ശിവസേന എം.എൽ.എമാരിൽ 37 പേരുടെ പിന്തുണ ഉണ്ടെങ്കിലേ ഷിൻഡെക്ക് പാർട്ടിയെ പിളർത്തി ബി.ജെ.പിക്കൊപ്പം പോകാൻ കഴിയൂ. 30 പേരെങ്കിലും ഷിൻഡെക്കൊപ്പം ഉറച്ചുനിന്നാൽ ഉദ്ധവ് സർക്കാർ നിലംപൊത്തും.
ഷിൻഡെയുടെ പിന്തുണയിൽ ഫഡ്നാവിസിന് സർക്കാർ രൂപവത്കരിക്കാൻ കഴിഞ്ഞില്ലെങ്കിൽ രാഷ്ട്രപതി ഭരണത്തിനാണ് ബി.ജെ.പി നീക്കം. ശിവസേനയിലെ പ്രതിസന്ധി സഖ്യകക്ഷികളായ കോൺഗ്രസും എൻ.സി.പിയും മാറിനിന്നു നിരീക്ഷിക്കുകയാണ്. ശരദ് പവാറിന്റെ ഇടപെടൽ നിർണായകമാകും എന്നാണ് കരുതുന്നത്.