ഒഴിവു സമയത്ത് യാചക കുട്ടികളെ പഠിപ്പിച്ച് പൊലീസുകാരൻ; യൂണിഫോമിട്ട ടീച്ചറെന്ന് കുട്ടികൾ
text_fieldsഅയോധ്യ: യൂണിഫോമിലുള്ള പൊലീസ് ഓഫീസർ മരച്ചുവട്ടിലിരുന്ന് കുട്ടികളെ പഠിപ്പിക്കുന്ന ചിത്രമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ മനം കവരുന്നത്. 2015 ബാച്ച് സബ് ഇൻസ്‌പെക്ടറായ രഞ്ജിത് യാദവ് ആണ് അധ്യാപകൻ. അദ്ദേഹം നഗരത്തിലെ യാചകരായ കുട്ടികളെ അടിസ്ഥാന ഹിന്ദിയും ഇംഗ്ലീഷും കണക്കും പഠിപ്പിക്കുകയാണ്.
അയോധ്യ റേഞ്ച് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ ജനറലിന്റെ (ഡിഐജി) ഓഫീസിലാണ് രഞ്ജിത് യാദവിന്റെ നിയമനം. എന്നാൽ ഡ്യൂട്ടിയില്ലാത്ത സമയം അദ്ദേഹം കുട്ടികളെ പഠിപ്പിക്കുകയും യൂണിഫോമിലുള്ള അധ്യാപകൻ എന്ന അർഥത്തിൽ 'വാർഡി വാലെ ഗുരുജി' എന്ന് അറിയപ്പെടുകയും ചെയ്യുന്നു.
'തുടക്കത്തിൽ ഞങ്ങൾക്ക് സാറിനെ പേടിയായിരുന്നു, തല്ലുമോ എന്ന് ഭയപ്പെട്ടു. എന്നാൽ ഇപ്പോൾ ക്ലാസിൽ പങ്കെടുക്കുന്നത് രസകരമാണ്' പ്രസ് ട്രസ്റ്റ് ഓഫ് ഇന്ത്യ 'അപ്ന സ്കൂൾ' സന്ദർശിച്ചപ്പോൾ അവർ പറഞ്ഞു.
അനാഥയായ 12 കാരി മെഹക് അക്ഷരങ്ങളും അക്കങ്ങളും തിരിച്ചറിയാൻ തുടങ്ങി, കൂടാതെ ചില കണക്കുകൾ ചെയ്യാനും അവൾ പഠിച്ചു.
മുമ്പ് നയാഘട്ട് പൊലീസ് പോസ്റ്റിൽ വിന്യസിച്ചപ്പോഴാണ് രഞ്ജിത് യാദവ് ഈ ദൗത്യം ആരംഭിച്ചത്. മാതാപിതാക്കളോടൊപ്പം നദീതീരത്ത് ഭിക്ഷ യാചിക്കുന്ന നിരവധി കുട്ടികളെ അദ്ദേഹം കണ്ടു.നിരവധി യാചക കുടുംബങ്ങൾ താമസിക്കുന്ന ഖുർജ കുണ്ഡ് പ്രദേശത്താണ് കുട്ടികൾ താമസിക്കുന്നതെന്ന് അദ്ദേഹം കണ്ടെത്തി.
'അവരെ കണ്ടതിന് ശേഷം, അവർക്കായി എന്തെങ്കിലും ചെയ്യാൻ തീരുമാനിച്ചു, അങ്ങനെയാണ് നിരാലംബരായ കുട്ടികൾക്കായി ഒരു ക്ലാസ് നടത്തുക എന്ന ആശയം ഉദിച്ചത്' യാദവ് വാർത്താ ഏജൻസിയായ പി.ടി.ഐയോട് പറഞ്ഞു.
'അവരുടെ രക്ഷിതാക്കളെ കണ്ട് ക്ലാസുകൾ തുടങ്ങിയാൽ കുട്ടികളെ അയക്കുമോ എന്ന് ചോദിച്ചു. തുടക്കത്തിൽ അവർ അത്ര ഉത്സാഹം കാണിച്ചില്ലെങ്കിലും പിന്നീട് സമ്മതിച്ചു. 2021 സെപ്റ്റംബറിൽ ഞാൻ ക്ലാസുകൾ ആരംഭിച്ചു. ഇപ്പോൾ രാവിലെ 7 നും 9 നും ഇടയിൽ 60-ലധികം കുട്ടികൾ ക്ലാസിൽ സ്ഥിരമായി പങ്കെടുക്കുന്നു.'
ഖുർജ കുണ്ഡിനടുത്തുള്ള ഒരു മരത്തിന്റെ ചുവട്ടിലാണ് ക്ലാസുകൾ നടക്കുന്നത്. ആൺകുട്ടികളും പെൺകുട്ടികളും പങ്കെടുക്കുന്നു.
പൊലീസ് ജോലിയാണ് തന്റെ പ്രഥമ പരിഗണനയെന്ന് യാദവ് പറഞ്ഞു. രാവിലെ ജോലിക്ക് പോകേണ്ടി വന്നാൽ ക്ലാസ് മാനേജ് ചെയ്യാൻ കുറച്ച് വിദ്യാർഥികളെ കിട്ടും.തന്റെ സീനിയേഴ്സ് നല്ല പിന്തുണ നൽകുന്നുണ്ട്'
തുടക്കത്തിൽ, 'അപ്‌ന സ്‌കൂളിലെ' നോട്ട്ബുക്കുകൾ, പേനകൾ, പെൻസിലുകൾ എന്നിവയുടെ ചെലവുകളും ഇൻസ്‍പെക്ടർ തന്റെ ശമ്പളത്തിൽ നിന്ന് കണ്ടെത്തുകയായിരുന്നു. എന്നാൽ കൂടുതൽ കുട്ടികൾ രജിസ്റ്റർ ചെയ്തതോടെ ചെലവുകൾ കൂടി. സ്കൂളിന് വൈറ്റ്ബോർഡും ഉണ്ട്. 'ചില സാമൂഹിക സംഘടനകളും നാട്ടുകാരും പിന്തുണയ്ക്കുന്നു'. ബനാറസ് ഹിന്ദു സർവകലാശാലയിൽ (ബിഎച്ച്‌യു) ബിരുദാനന്തര ബിരുദം നേടിയ യാദവ് പറഞ്ഞു.
തന്റെ ക്ലാസിലെ കുട്ടികൾക്ക് വിദ്യാഭ്യാസം നേടേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചും അത് അവരുടെ ജീവിതത്തെ എങ്ങനെ മാറ്റിമറിക്കും എന്നതിനെക്കുറിച്ചും മൊബൈൽ വീഡിയോകൾ കുട്ടികളെ കാണിക്കാറുണ്ടെന്നും യാദവ് പറഞ്ഞു.
ഏകദേശം 15 വയസ്സുള്ള, ഒരു വർഷത്തോളമായി ക്ലാസിൽ പങ്കെടുക്കുന്ന ശിവ് ക്ലാസുകൾ തനിക്ക് കൂടുതൽ ആത്മവിശ്വാസം നൽകിയതായി പറയുന്നു
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

